മുഴുനീള സിനിമയാക്കി എടുക്കാന്‍ ആഗ്രഹമുള്ള കഥയായിരുന്നു കടുഗണ്ണാവ, പക്ഷേ ഇങ്ങനെ ഇറങ്ങാന്‍ ഒരു കാരണമുണ്ട്: മമ്മൂട്ടി
Entertainment
മുഴുനീള സിനിമയാക്കി എടുക്കാന്‍ ആഗ്രഹമുള്ള കഥയായിരുന്നു കടുഗണ്ണാവ, പക്ഷേ ഇങ്ങനെ ഇറങ്ങാന്‍ ഒരു കാരണമുണ്ട്: മമ്മൂട്ടി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 16th July 2024, 8:09 pm

മലയാളത്തിന്റെ പ്രിയ എഴുത്തുകാരന്‍ എം.ടി വാസുദേവന്‍ നായരുടെ ഒമ്പത് ചെറുകഥകളെ അടിസ്ഥാനാക്കി ഒരുങ്ങുന്ന ആന്തോളജി സീരീസാണ് മനോരഥങ്ങള്‍. ഉലകനായകന്‍ കമല്‍ ഹാസന്റെ നറേഷണില്‍ മലയാളത്തിന്റെ പ്രിയ താരങ്ങളായ മമ്മൂട്ടി, മോഹന്‍ലാല്‍, ഫഹദ് ഫാസില്‍, ആസിഫ് അലി, ബിജു മേനോന്‍, സിദ്ദിഖ്, അപര്‍ണ ബാലമുരളി, നെടുമുടി വേണു, ഇന്ദ്രന്‍സ് തുടങ്ങി വന്‍ താരനിര മനോരഥങ്ങളിലെ ഓരോ സെഗ്മെന്റിലും ഭാഗമാകുന്നുണ്ട്.

രഞ്ജിത്, പ്രിയദര്‍ശന്‍, ശ്യാമപ്രസാദ്, മഹേഷ് നാരായണന്‍, രതീഷ് അമ്പാട്ട്, സന്തോഷ് ശിവന്‍, അശ്വതി വി. നായര്‍ എന്നിവരാണ് മനോരഥങ്ങളിലെ സെഗ്മെന്റുകള്‍ സംവിധാനം ചെയ്യുന്നത്. അക്ഷരങ്ങള്‍ കൊണ്ട് അത്ഭുതം സൃഷ്ടിക്കുന്ന എം.ടിക്ക് മലയാള സിനിമ നല്‍കുന്ന ആദരവ് കൂടിയാണ് മനോരഥങ്ങള്‍. ‘കടുഗണ്ണാവ ഒരു യാത്രാക്കുറിപ്പ്’ എന്ന സെഗ്മന്റിലാണ് മമ്മൂട്ടി അഭിനയിക്കുന്നത്.

താന്‍ ഏറ്റവുമധികം ആരാധിക്കുന്ന എഴുത്തുകാരിലൊരാളാണ് എം.ടിയെന്ന് മമ്മൂട്ടി പറഞ്ഞു. മനോരഥങ്ങളിലെ എല്ലാ കഥകളിലും തനിക്ക് അഭിനയിക്കാന്‍ ആഗ്രഹമുണ്ടായിരുന്നെന്നും എന്നാല്‍ ഒരു കഥ മാത്രമേ ലഭിച്ചുള്ളൂവെന്നും താരം പറഞ്ഞു. ഏത് കഥ ചെയ്യണമെന്ന് ആലോചന വന്നപ്പോള്‍ മനസില്‍ ആദ്യം വന്നത് കടുഗണ്ണാവയായിരുന്നെന്നും ഒര മുഴുനീള സിനിമയായി ചെയ്യാന്‍ ആഗ്രഹമുള്ള കഥയാണിതെന്നും മമ്മൂട്ടി പറഞ്ഞു.

രണ്ട് വേഷം തനിക്ക് പറഞ്ഞിരുന്നുവെന്നും എന്നാല്‍ പിന്നീട് അത് ചുരുങ്ങി ഒന്നായെന്നും എം.ടിയുടെ ആത്മകഥാംശമുള്ള കഥയാണ് കടുഗണ്ണാവയെന്നും മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം നടന്ന ട്രെയ്‌ലര്‍ ലോഞ്ചിലാണ് മമ്മൂട്ടി ഇക്കാര്യം പറഞ്ഞത്. രഞ്ജിത്താണ് കടുഗണ്ണാവ ഒരു യാത്രാക്കുറിപ്പ് സംവിധാനം ചെയ്യുന്നത്.

‘മലയാളത്തില്‍ ഞാന്‍ ഏറ്റവുമധികം ആരാധിക്കുന്ന എഴുത്തുകാരിലൊരാളാണ് എം.ടി. ഈയടുത്ത് എനിക്ക് വേണ്ടി അദ്ദേഹം രണ്ട് പുസ്തകങ്ങള്‍ അയച്ചുതന്നു. അതിലൊരെണ്ണം എനിക്ക് വായിക്കാന്‍ സാധിച്ചില്ല. പക്ഷേ എന്റെ മകള്‍ അത് വായിച്ചു തീര്‍ത്തു, അവള്‍ക്ക് അത് വളരെ ഇഷ്ടമായി. ഈ കാലഘട്ടത്തിലെ ആളുകള്‍ക്ക് കൂടി കണക്ടാകുന്ന തരത്തില്‍ എഴുതാന്‍ കഴിവുള്ള ആളാണ് അദ്ദേഹം. അത്രക്ക് അപ്‌ഡേറ്റഡാണ്.

മനോരഥങ്ങളില്‍ എല്ലാ കഥയിലും അഭിനയിക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. ഒരെണ്ണം മാത്രമേ പറ്റുള്ളൂവെന്ന് പറഞ്ഞത് കൊണ്ട് അത് നടന്നില്ല. ഏത് കഥ ചെയ്യണമെന്ന് ആലോചിച്ചപ്പോഴാണ് കടുഗണ്ണാവയുടെ കാര്യം ഓര്‍മ വന്നത്. ഒരു മുഴുനീള സിനിമയായി ചെയ്യാന്‍ ആഗ്രഹിച്ച കഥയാണിത്. എം.ടിയുടെ ആത്മകഥാംശമുള്ള കഥാപാത്രമാണ് ഞാന്‍ ഇതില്‍ അവതരിപ്പിക്കുന്നത്,’ മമ്മൂട്ടി പറഞ്ഞു.

Content Highlight: Mammootty saying that he wish to do his segment in Manorathangal as a feature film