മറ്റു ഭാഷകളില്‍ നല്ല ഓഡിയന്‍സ് ഇല്ലാത്തതുകൊണ്ടാണ് അവിടെ സിനിമകള്‍ മാറാത്തത്: മമ്മൂട്ടി
Film News
മറ്റു ഭാഷകളില്‍ നല്ല ഓഡിയന്‍സ് ഇല്ലാത്തതുകൊണ്ടാണ് അവിടെ സിനിമകള്‍ മാറാത്തത്: മമ്മൂട്ടി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 20th May 2024, 9:28 am

സിനിമകളെ മാറ്റുന്നത് എപ്പോഴും പ്രേക്ഷകരാണെന്ന് പറയുകയാണ് മമ്മൂട്ടി. നല്ല ഓഡിയന്‍സ് ഉള്ള സ്ഥലത്ത് മാത്രമേ നല്ല സിനിമകള്‍ ഉണ്ടാകുള്ളൂവെന്നും, മലയാളത്തിലാണ് ഏറ്റവും നല്ല സിനിമാപ്രേക്ഷകര്‍ ഉള്ളതെന്നും മമ്മൂട്ടി പറഞ്ഞു. പുതിയ ചിത്രമായ ടര്‍ബോയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ദുബായില്‍ വച്ച് നടന്ന പ്രസ് മീറ്റിലാണ് താരം ഇക്കാര്യം പറഞ്ഞത്.

മോശം സിനിമകള്‍ ഇറങ്ങുമ്പോള്‍ കാണാതിരിക്കുകയും, നല്ല സിനിമകള്‍ ഇറങ്ങുമ്പോള്‍ അതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതു കൊണ്ടാണ് മലയാള സിനിമ എപ്പോഴും മികച്ചതായി നില്‍ക്കുന്നതെന്നും മമ്മൂട്ടി പറഞ്ഞു.

നായികമാരില്ലാത്ത സിനിമയും, നായികക്ക് പ്രാധാന്യമില്ലാത്ത സിനിമകളുമാണ് ഇപ്പോള്‍ മലയാളത്തില്‍ കൂടുതലായി വിജയിക്കുന്നതെന്നും, മറ്റ് ഇന്‍ഡസ്ട്രികളിലെ സിനിമകളില്‍ നിന്ന് മലയാള സിനിമ ഇപ്പോള്‍ വ്യത്യസ്തമായി നില്‍ക്കുന്നതിനെ എങ്ങനെയാണ് കാണുന്നതെന്നുമുള്ള ചോദ്യത്തിന് മറുപടിയായാണ് താരം ഇക്കാര്യം പറഞ്ഞത്.

‘ഓഡിയന്‍സ് മാറിയാലേ സിനിമ മാറുള്ളൂ, അവരാണ് സിനിമ മാറ്റുന്നത്. മോശം സിനിമ ഇറങ്ങുമ്പോള്‍ കാണാതിരിക്കുകയും നല്ല സിനിമകള്‍ ഇറങ്ങുമ്പോള്‍ കാണുകയും ചെയ്യുന്നതുകൊണ്ടാണ് സിനിമ മാറുന്നത്. നല്ല പ്രേക്ഷകരുള്ളിടത്ത് മാത്രമേ നല്ല സിനിമ ഉണ്ടാവുകയുള്ളൂ. അതില്‍ തര്‍ക്കമൊന്നുമില്ല.

നമ്മുടെ പ്രേക്ഷകര്‍ നല്ല സിനിമകള്‍ കാണുകയും അതിനെ പ്രൊത്സാഹിപ്പിക്കുകയും ചെയ്യുന്നതുകൊണ്ടാണ് നല്ല സിനിമകള്‍ ഉണ്ടാകുന്നത്. മറ്റു ഭാഷകളിലെ ആളുകള്‍ക്ക് നല്ല പ്രേക്ഷകരെ മനസിലാകാത്തതുകൊണ്ടാണ് ഇപ്പോഴും അവിടെ മാറ്റം ഉണ്ടാകാത്തത്,’ മമ്മൂട്ടി പറഞ്ഞു.

മമ്മൂട്ടിക്കമ്പനിയുടെ നിര്‍മാണത്തില്‍ പുറത്തിറങ്ങുന്ന ടര്‍ബോയുടെ സംവിധായകന്‍ വൈശാഖാണ്. മിഥുന്‍ മാനുവല്‍ തോമസ് തിരക്കഥയെഴുതുന്ന ചിത്രത്തില്‍ കന്നഡ താരം രാജ്.ബി.ഷെട്ടി, തെലുങ്ക് താരം സുനില്‍, അഞ്ജന ജയപ്രകാശ്, ശബരീഷ് വര്‍മ, ബിന്ദു പണിക്കര്‍, ദിലീഷ് പോത്തന്‍ തുടങ്ങി വന്‍ താരനിരയാണ് അണിനിരക്കുന്നത്. മെയ് 23ന് ചിത്രം തിയേറ്ററുകളിലെത്തും.

Content Highlight: Mammootty saying that good audience are the reason for good movies