അഭിനയത്തിലേക്ക് വന്നതിനെ കുറിച്ച് സംസാരിക്കുകയാണ് ആസിഫ് അലി. താൻ സിനിമയിലേക്ക് എത്തുന്നത് അച്ഛൻ കാരണമാണെന്നും തന്റെ പിതാവ് വലിയൊരു സിനിമ പ്രേമിയായിരുന്നുവെന്നും ആസിഫ് അലി പറയുന്നു.
ചെറുപ്പം മുതൽ താൻ മോഹൻലാൽ ആരാധകനായിരുന്നുവെങ്കിലും അഭിനയത്തോടുള്ള ഇഷ്ടം വന്നത് കമൽ ഹാസന്റെ സിനിമകൾ കണ്ടതിന് ശേഷമാണെന്നും ആസിഫ് അലി പറഞ്ഞു. ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഞാൻ സിനിമയിലേക്ക് എത്തുന്നത് തന്നെ എന്റെ അച്ഛൻ കാരണമാണ്. അച്ഛൻ വലിയൊരു സിനിമ പ്രേമിയായിരുന്നു. ഏത് സിനിമ റിലീസായാലും ഞങ്ങൾ കുടുംബസമേതം കാണുമായിരുന്നു. കുട്ടികാലത്തെല്ലാം ഞാൻ ഒരു സിനിമ ഭ്രാന്തനായിരുന്നു. മോഹൻലാലിന്റെ ഫാനായിരുന്നു ഞാൻ. കമൽ ഹാസന്റെ സിനിമകളും ഞാൻ കാണുമായിരുന്നു.
സത്യം പറഞ്ഞാൽ ഞാൻ ഒരു നടനാകണം എന്ന് എനിക്ക് ആഗ്രഹം വന്നതുതന്നെ കമൽ ഹാസനെ കണ്ടതുകൊണ്ടാണ്. അദ്ദേഹം ഓരോ കഥാപാത്രങ്ങളെ സ്വീകരിക്കുന്നതും അവക്ക് ജീവൻ കൊടുക്കുന്നതുമെല്ലാം കാണുമ്പോൾ എനിക്ക് കിക്കാകും. എനിക്കും അദ്ദേഹത്തെപ്പോലെ ഒരുപാട് വ്യക്തിത്വങ്ങളിലൂടെ ജീവിക്കണമായിരുന്നു.
കമൽ ഹാസന്റെ ഓരോ സിനിമയും എടുത്ത് നോക്കിയാൽ നിങ്ങൾക്ക് മനസിലാകും ഒരു സിനിമയിൽ കണ്ട കമൽ ഹാസനെ നിങ്ങൾക്ക് അടുത്ത സിനിമയിൽ കാണാൻ കഴിയില്ലെന്ന്. അതൊക്കെ കണ്ടപ്പോൾ ഞാൻ വളരെ എക്‌സൈറ്റഡ് ആയി. എനിക്കും അതെല്ലാം ചെയ്യണമെന്ന് തോന്നി. പിന്നെ എന്തായാലും എനിക്കൊരു സൂപ്പർസ്റ്റാർ ഇമേജും ഫാൻ ബേസും എല്ലാം വേണമെന്നും ആഗ്രഹമുണ്ടായിരുന്നു.
എന്നാൽ ഞാൻ എന്റെ ആദ്യത്തെ സിനിമയായ ഋതു ചെയ്തപ്പോൾ സംവിധായകൻ ശ്യാമപ്രസാദ് എന്റെ മൊത്തത്തിലുള്ള ആറ്റിട്യൂടും മാറ്റിക്കളഞ്ഞു. അദ്ദേഹം എനിക്ക് സിനിമയുടെ മറ്റുതലങ്ങൾ കാണിച്ച് തന്നു. വ്യത്യസ്തമായ രീതിയിലൂടെ സിനിമയിൽ നിന്ന് സംതൃപ്തി നേടാൻ അദ്ദേഹം എന്നെ പഠിപ്പിച്ചു,’ ആസിഫ് അലി പറയുന്നു.
Content Highlight: Asif Ali Talks About Kamal Haasan