സിനിമ റിവ്യുവിനെ പറ്റി സംസാരിച്ച അവതാരകന് മമ്മൂട്ടി നല്‍കിയ മറുപടി ശ്രദ്ധ നേടുന്നു. പുതിയ ചിത്രമായ കണ്ണൂര്‍ സ്‌ക്വാഡിന്റെ പ്രൊമോഷന്റെ ഭാഗമായി മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ വെച്ചായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം.
അഭിമുഖം അവസാനിപ്പിക്കുന്ന സമയം റിവ്യുവിനെ പറ്റിയും അവതാരകന്‍ പറയുകയായിരുന്നു. ‘ഈ സിനിമ സൂപ്പര്‍ഹിറ്റ് സിനിമയാവട്ടെ, ഒരുപാട് പ്രതീക്ഷിക്കുന്ന സിനിമയാണ്. സിനിമ കണ്ടിട്ട് എല്ലാവരും റിവ്യു എഴുതുക, സിനിമ കാണാതെ റിവ്യു എഴുതരുത്, ഒരുപാട് പേരുടെ അധ്വാനമാണ്. സിനിമ നല്ലതാണെങ്കില്‍ നല്ലതാണെന്ന് എഴുതുക, മോശമാണെങ്കില്‍ മോശമാണെന്ന് പറയാം. വ്യക്തിഹത്യ ചെയ്യുന്ന രീതിയിലേക്ക് സിനിമയില്‍ അഭിനയിക്കുന്നവരുടെ പേരെടുത്ത് പറഞ്ഞ് മുന്നോട്ട് പോവരുത്,’ എന്നാണ് അവതാരകന്‍ പറഞ്ഞത്.
ഇപ്പോള്‍ ഇത് പറഞ്ഞത് ആരോടാണ്. കണ്ണാടി നോക്കി പറഞ്ഞാല്‍ പോരേ എന്നായിരുന്നു ഇതിനോട് മമ്മൂട്ടിയുടെ പ്രതികരണം
‘അതൊക്കെ ഓരോ രീതികളാണ്. അതൊന്നും മാറ്റാനൊക്കില്ല. മാറ്റം വരണമെങ്കില്‍ ഇപ്പോള്‍ ഇതിലേക്ക് മാറിയത് പോലെ വേറെ ഒന്നിലേക്ക് മാറണം. മാറ്റം വരുത്താനായി നമ്മള്‍ ശ്രമിച്ചിട്ട് കാര്യമില്ല. അവര്‍ തിരിച്ചറിയുന്നത് വരെ ഇത് മാറാതിരിക്കും,’ മമ്മൂട്ടി പറഞ്ഞു.
ബിലാലിന്റെ അപ്‌ഡേഷന്‍ ചോദിച്ച അവതാരകര്‍ക്കും മമ്മൂട്ടി മറുപടി നല്‍കി. ‘അപ്‌ഡേറ്റ് വരുമ്പോള്‍ വരും. അങ്ങനെ വരുത്താനൊക്കില്ലല്ലോ. ഞാന്‍ രാവിലെ ബിലാലുമായി ഇറങ്ങിയാല്‍ പോരല്ലോ. അതിന് പിറകില്‍ ആള്‍ക്കാര് വേണ്ടല്ലോ. അതിന് സന്നാഹങ്ങളൊക്കെ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. ഇത് ഞാന്‍ പറഞ്ഞിട്ട് കാര്യമില്ല. നമ്മള്‍ പിടിച്ച് വലിച്ചിട്ട് കാര്യമില്ല. അതിന് അമല്‍ നീരദ് തന്നെ വിചാരിക്കണം,’ മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു.
സെപ്റ്റംബര്‍ 28നാണ് കണ്ണൂര്‍ സ്‌ക്വാഡ് റിലീസ് ചെയ്യുന്നത്. റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥ ഷാഫിയും തിരക്കഥ ഡോക്ടര്‍ റോണിയും ഷാഫിയും ചേര്‍ന്നൊരുക്കുന്നു.