ചങ്ങലകിലുക്കങ്ങള്‍ ഒളിപ്പിച്ച അടച്ചിട്ട അനേകം മുറികളും ഭീതി പരത്തുന്ന മെതിയടി ഒച്ചകളും രക്ത ദാഹികളായ യക്ഷികളും കൂടുവിട്ടു കൂടു മാറുന്ന ചാത്തനും മറുതയും അടച്ചിട്ട നിലവറയില്‍ തെളിഞ്ഞു കത്തുന്ന ജീവനുള്ള കെടാവിളക്കും തുടങ്ങി കുട്ടിക്കാലം മുതലേ മനസിന്റെ മച്ചകത്തില്‍ ഒരല്പം ഭീതിയുടെ മാറാല പുരണ്ട ഓര്‍മകളായി ഇന്നും നിറഞ്ഞു നില്‍ക്കുന്നവയെല്ലാം അടങ്ങിയ പണ്ടെങ്ങോ വായിച്ചറിഞ്ഞ മുത്തശി മാന്ത്രിക കഥ പോലെ അതി മനോഹരമായൊരു സിനിമ.
മമ്മൂക്ക, എത്ര നാളെയെന്നോ ഇതു പോലെ നിങ്ങളിലെ നടനെ വെല്ലുവിളിക്കുന്ന ഒരു വേഷം നിങ്ങളെ തേടിയെത്തിയെങ്കില്‍ എന്നാഗ്രഹിക്കാന്‍ തുടങ്ങിയിട്ട്
അധികാരത്തിന്റെ ഗര്‍വില്‍ അന്യരുടെ സ്വാതന്ത്ര്യം പണയം വച്ചു പകിട കളിച്ചു രസിക്കുന്ന ക്രൂരനായ പോറ്റിയുടെ വേഷം ഇതില്‍ കൂടുതല്‍ എങ്ങനെ നന്നാക്കാനാണ്. ഹാറ്റ്‌സ് ഓഫ് യു മമ്മൂക്ക.
ഒപ്പം നിസ്സഹായതയുടെ പടു കുഴിയില്‍ നിന്നും കരകയറാനുള്ള സാധാരണക്കാരനായി അര്‍ജുന്‍ അശോകന്റെയും, പകയും പ്രതികാരവും രോഷവും വിധേയത്വവും എല്ലാം നിറഞ്ഞ വേഷത്തില്‍ സിദ്ധാര്‍ത്ഥിന്റെയും കിടിലന്‍ പെര്‍ഫോമന്‍സ്.
പിന്നെ അതീവ ഭംഗിയും ഒഴുക്കുമുള്ള വാക്കുകള്‍ കൊണ്ടു രാഹുല്‍ സദാശിവനും ടി.ഡി രാമകൃഷ്ണനും കെട്ടിപ്പടുത്ത ഉറപ്പുള്ള തിരക്കഥയും സംഭാഷണവും. അകമ്പടിയായി ആര്ട്ട് ടീമിന്റെ അതി ഗംഭീര സപ്പോര്‍ട്ടും. സൗന്ദര്യമുള്ള സിനിമക്ക് എന്തിനാണ് ഭായ് വര്‍ണങ്ങള്‍. കറുപ്പും വെളുപ്പും തന്നെ ധാരാളം.