കൊച്ചി: കേരള മുഖ്യമന്ത്രിയായി മമ്മൂട്ടിയെത്തുന്ന വണ്‍ തിയേറ്ററുകളിലെത്തിയതിന് പിന്നാലെ ഏറെ ചര്‍ച്ചയായ വിഷയമായിരുന്നു ‘റൈറ്റ് ടു റീകോള്‍’. ജനപ്രതിനിധികളെ തിരിച്ചുവിളിക്കുന്നതിനുള്ള ജനങ്ങളുടെ അധികാരമായ ഈ റൈറ്റ് ടു റീകോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ്ങായിരുന്നു. ഇപ്പോള്‍ വ്യക്തിപരമായി ഇതിനെ എങ്ങനെ കാണുന്നുവെന്ന് പറയുകയാണ് മമ്മൂട്ടി. വണിന്റെ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘റൈറ്റ് ടു റീകോള്‍ എന്ന ആശയം നടപ്പിലാകുമോ നടപ്പിലാക്കാന്‍ സാധിക്കുമോ എന്നതൊക്കെ പിന്നീടുള്ള വിഷയങ്ങളാണ്. പക്ഷെ ഈ ആശയം ചിന്തിക്കാവുന്ന വിഷയമാണ്. നമുക്ക് തൃപ്തികരമല്ലാത്ത ഒരു ജനപ്രതിനിധി ഇനി തുടരേണ്ട, കാലാവധി തീരും മുന്‍പേ മറ്റൊരാളെ വെക്കാം എന്ന് ജനങ്ങള്‍ ചിന്തിച്ചേക്കാം. യൂറോപ്പിലെ പല രാജ്യങ്ങളിലും റൈറ്റ് ടു റീകോള്‍ ഉണ്ട്, പാര്‍ലമെന്റിലല്ല, ലോക്കല്‍ ബോഡികളില്‍.
പലയിടത്തും നിയമങ്ങളോ പ്രമേയങ്ങളോ പാസാക്കുമ്പോള്‍ അതില്‍ ജനങ്ങള്‍ക്ക് നേരിട്ട് വോട്ട് ചെയ്യാന്‍ സാധിക്കുന്നതും കണ്ടിട്ടുണ്ട്. നമ്മുടെ നാട്ടില്‍ പ്രായോഗികമാണോയെന്ന് അറിയില്ല. സിനിമയില്‍ ഭാവനയെല്ലാം സാധ്യമാണല്ലോ. അതാണല്ലോ സിനിമയും മറ്റു കലാരൂപങ്ങളുമെല്ലാം,’ മമ്മൂട്ടി പറഞ്ഞു.