Entertainment news
ആ ദുസ്വഭാവം മാത്രമേ എനിക്കുള്ളൂ; അതിന് ഒരു പത്ത് സെക്കന്റ് പോലും ലൈഫില്ല: മമ്മൂട്ടി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Mar 23, 03:24 pm
Thursday, 23rd March 2023, 8:54 pm

തനിക്കുള്ള ഒരേയൊരു ദുസ്വഭാവത്തെ കുറിച്ച് പറയുകയാണ് മമ്മൂട്ടി. താന്‍ ഒരു ദുസ്വഭാവമുള്ളയാളല്ലെന്നും ആകെയുള്ള ദുസ്വഭാവം ഷോര്‍ട്ട് ടെംബര്‍ ആണെന്നും താരം പറഞ്ഞു.

എഫ്.ടി.ക്യൂ വിത്ത് രേഖാ മേനോന്‍ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘അത്തരമൊരു ദുസ്വഭാവമുള്ളയാളല്ല ഞാന്‍. എന്റെ ദുസ്വഭാവം ഷോര്‍ട്ട് ടെംബര്‍ ആണ്.

ശുണ്ഡി ഉണ്ടായാല്‍ മതി. രാവിലെതന്നെ ശുണ്ഡിച്ച് കൊണ്ടല്ല വരുന്നത്. എന്തെങ്കിലും കാരണമുണ്ടാകുമ്പോള്‍ ദേഷ്യപ്പെടുന്നുവെന്ന് മാത്രം. അതിന് ഒരു പത്ത് സെക്കന്റ് പോലും ലൈഫ് ഇല്ല.

അപ്പോ തന്നെ പോകും. ഒരാളോട് ദേഷ്യപ്പെടുന്നത് എന്തെങ്കിലും മിസ്റ്റേക് കണ്ടിട്ടായിരിക്കും. മമ്മൂട്ടി പറഞ്ഞു.

അയാളുടെ മിസ്റ്റേക് അല്ല എന്ന് മനസിലായി കഴിഞ്ഞാല്‍ എനിക്ക് ഇരട്ടി ബുദ്ധിമുട്ടാണ്. ഇതിന് കോംപന്‍സേറ്റ് ചെയ്യണ്ടേ. അതൊക്കെ വലിയ പാടാണ്. എന്തെങ്കിലും ഒക്കെ ചെയ്ത് നേരെയാക്കും,’ മമ്മൂട്ടി പറഞ്ഞു.

മമ്മൂട്ടിയുടെ അവസാനം ഇറങ്ങിയ സിനിമ ക്രിസ്റ്റഫര്‍ ആണ്. സ്ത്രീകള്‍ക്ക് എതിരെ അതിക്രമം കാണിക്കുന്നവരെ നിയമത്തിനോ കോടതിക്കോ വിട്ടു കൊടുക്കാതെ സ്പോട്ടില്‍ തന്നെ ശിക്ഷ വിധിക്കുന്ന ഡി.പി.സി.എ.ഡബ്ല്യു എന്ന അന്വേഷണ ഏജന്‍സിയുടെ തലവനായ ക്രിസ്റ്റഫര്‍ എന്ന ടൈറ്റില്‍ കഥാപാത്രമായാണ് മമ്മൂട്ടി ഈ ചിത്രത്തില്‍ എത്തിയത്.

സ്നേഹ ആണ് മമ്മൂട്ടിയുടെ നായികയായി എത്തിയത്. തമിഴ് നടന്‍ ശരത് കുമാറും ഈ ചിത്രത്തില്‍ മമ്മൂട്ടിക്ക് ഒപ്പം പ്രധാന വേഷത്തില്‍ എത്തിയിരുന്നു. തമിഴ് നടന്‍ വിനയ് റായ്, അമല പോള്‍, ഐശ്വര്യ ലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍.

മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന കണ്ണൂര്‍ സ്‌ക്വാഡ് ആണ് ഇനി വരാനുള്ള മമ്മൂട്ടി ചിത്രം. ജിയോ ബേബി സംവിധാനം ചെയ്യുന്ന കാതല്‍: ദി കോര്‍ ആണ് പ്രേക്ഷകര്‍ കാത്തിരിക്കുന്ന മറ്റൊരു മമ്മൂട്ടി ചിത്രം.

content highlight: mammootty about his short temper