Entertainment
നിന്നോളം നന്നായി ഈ സിനിമ ആർക്കും ചെയ്യാൻ കഴിയില്ലെന്ന് ഞാൻ പറഞ്ഞു, അവന്റെ പടം വരുന്നുണ്ട്: മമ്മൂട്ടി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Oct 18, 07:30 am
Friday, 18th October 2024, 1:00 pm

മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ‘ബസൂക്ക’. ഡിനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രം ത്രില്ലറായാണ് ഒരുങ്ങുന്നത്.

ചിത്രത്തില്‍ തെന്നിന്ത്യന്‍ നടനും സംവിധായകനുമായ ഗൗതം മേനോനും സുപ്രധാന വേഷത്തിലെത്തുന്നുണ്ട്. ഇപ്പോള്‍ സിനിമയുടെ കഥ പറയാനായി ഡിനോ ഡെന്നിസ് തന്റെയടുത്ത് വന്നതിനെ പറ്റി സംസാരിക്കുകയാണ് മമ്മൂട്ടി.

ബസൂക്കയുടെ കഥ പറയാൻ ഡിനോ തന്റെ പിന്നാലെ കുറെ നടന്നിരുന്നുവെന്നും എന്നാൽ കഥ കേട്ടപ്പോൾ കൊള്ളാമെന്ന് തോന്നിയെന്നും മമ്മൂട്ടി പറയുന്നു. സിനിമ ആര് സംവിധാനം ചെയ്യുമെന്ന കൺഫ്യൂഷൻ വന്നപ്പോൾ താനാണ് ഡിനോ ഡെന്നീസിനോട് സിനിമ ചെയ്യാൻ പറഞ്ഞതെന്നും ഡിനോ അത് നന്നായി ചെയ്തിട്ടുണ്ടെന്നും മമ്മൂട്ടി പറഞ്ഞു.

‘ബസൂക്ക എന്ന സിനിമ വരുന്നുണ്ട്. അതിന്റെ കഥ പറയണമെന്ന് പറഞ്ഞ് കല്ലൂര്‍ ഡെന്നീസിന്റെ മകന്‍ എന്റെ പിറകേ നടക്കുന്നുണ്ടായിരുന്നു. കുറേ നാളായി ഇവന്‍ ഇങ്ങനെ നടക്കുകയാണ്.

നിനക്കൊന്നും വേറെ പണിയില്ലേ, അച്ഛന്‍ എഴുതി എന്ന് പറഞ്ഞ് നിനക്കെന്താ ക്വാളിറ്റി എന്ന് ചോദിച്ചു. എന്റെ ഒരു കഥ കേള്‍ക്കണമെന്ന് അവന്‍ പറഞ്ഞു.

കഥ കേട്ടു, ചെയ്യാം എന്നുള്ള ലൈനായി. പല പ്രൊഡ്യൂസര്‍മാരോടും അന്വേഷിച്ച് നടന്നു. സംവിധായകനായിട്ടില്ല. ഈ കഥ നിന്നോളം നന്നായി ആര്‍ക്കും പറയാന്‍ പറ്റില്ല, നീ തന്നെ സംവിധാനം ചെയ്‌തോളാന്‍ ഞാന്‍ പറഞ്ഞു.

അവന് ഒരു എക്‌സ്പീരിയന്‍സും ഇല്ല. ബാക്കി നിങ്ങള്‍ കാണുമ്പോള്‍ തീരുമാനിച്ചാല്‍ മതി. അവന് ഓരോ ഫ്രെയ്മും കാണാപ്പാഠമാണ്. ഓരോ സീനും, ഓരോ ഷോട്ടും കൃത്യമാണ്,’ മമ്മൂട്ടി പറഞ്ഞു

ഒരു ഗെയിം ത്രില്ലർ ഴോണറിൽ പുറത്തിറങ്ങുന്ന ചിത്രത്തിൽ യുവതാരം ഹക്കിം ഷായും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. നേരത്തെയിറങ്ങിയ ചിത്രത്തിന്റെ ട്രെയ്ലറിന് മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. മമ്മൂട്ടി സ്റ്റൈലിഷ് ലുക്കിൽ എത്തുന്ന ചിത്രത്തിനായി ആരാധകർ കാത്തിരിക്കുകയാണ്.

 

Content Highlight: Mammootty About bazooka Movie And Dinno Dennis