കൊല്‍ക്കത്ത: രാജ്യത്തെ രണ്ടാമത്തെ കൊവിഡ് തരംഗം പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍മിച്ച ദുരന്തമാണെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. പശ്ചിമ ബംഗാളിലെ ദക്ഷിണ ദിനാജ്പൂര്‍ ജില്ലയിലെ ബലുര്‍ഘട്ടില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കവേയാണ് മമതയുടെ വിമര്‍ശനം.
‘രണ്ടാമത്തെ തരംഗം കൂടുതല്‍ തീവ്രമാണ്. ഇത് ഒരു മോദി നിര്‍മിത ദുരന്തമാണെന്ന് ഞാന്‍ പറയും. കുത്തിവെയ്പ്പുകളോ ഓക്സിജനോ ഇല്ല. രാജ്യത്ത് ഈ വസ്തുക്കളുടെ ദൗര്‍ലഭ്യം നിലനില്‍ക്കേ വാക്സിനുകളും മരുന്നുകളും വിദേശത്തേക്ക് അയയ്ക്കുകയാണ് കേന്ദ്രസര്‍ക്കാര്‍,’ മമത പറഞ്ഞു.
സി.എ.എ, എന്‍.ആര്‍.സി വിഷയിങ്ങളിള്‍ ബി.ജെ.പിക്ക് വിവിധ സ്ഥലങ്ങളില്‍ വ്യത്യസ്ത നിലപാടാണെന്നും മമത പരിഹസിച്ചു. നിയമസഭാ തെരഞ്ഞെടുപ്പ് പശ്ചിമ ബംഗാളിനെ രക്ഷിക്കാനുള്ള പോരാട്ടമാണെന്നും മമത കൂട്ടിച്ചേര്‍ത്തു.
ബംഗാളില്‍ 43 മണ്ഡലങ്ങളിലെക്കുള്ള ആറാംഘട്ട വോട്ടെടുപ്പ് വ്യാഴാഴ്ച നടക്കും. നോര്‍ത്ത് 24 പാര്‍ഗനാസ്, നാദിയ, ഉത്തര ദിനാജ്പുര്‍, പൂര്‍വ ബാര്‍ധമാന്‍ ജില്ലകളിലാണ് വോട്ടെടുപ്പ് നടക്കുക.
മുന്‍ ഘട്ടങ്ങളിലുണ്ടായ അക്രമ സംഭവങ്ങള്‍ കണക്കിലെടുത്ത് ശക്തമായ സുരക്ഷയാണ് സംസ്ഥാനത്ത് ഒരുക്കിയിട്ടുള്ളത്. 1071 കമ്പനി സുരക്ഷാ സേനയെയാണ് വിന്യസിച്ചിട്ടുള്ളത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക