കൊല്‍ക്കത്ത: തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ പശ്ചിമ ബംഗാളില്‍ ബി.ജെ.പി- തൃണമൂല്‍ വാക്‌പോര് തുടരുകയാണ്. ബംഗാളില്‍ വിജയം തങ്ങള്‍ക്ക് തന്നെയെന്നുറപ്പിച്ച് മുഖ്യമന്ത്രി മമത ബാനര്‍ജിയും പ്രചാരണം ശക്തമാക്കിയിരിക്കുകയാണ്.
പരിക്കുപറ്റിയ തന്റെ ഒറ്റക്കാല് വെച്ച് തന്നെ ബംഗാളില്‍ തങ്ങള്‍ വിജയം ഉറപ്പിക്കുമെന്ന് മമത പറഞ്ഞു. ദേബാന്ദപൂരിലെ ജനങ്ങളോട് സംസാരിക്കവെയായിരുന്നു മമതയുടെ പരാമര്‍ശം.
‘ബംഗാളില്‍ വിജയം തൃണമൂലിന് തന്നെയാണ്. ഈ ഒറ്റക്കാല് വെച്ച് ഇത്തവണ ബംഗാളില്‍ നമ്മള്‍ വിജയക്കൊടി പാറിക്കും. അതിന് ശേഷം ഭാവിയില്‍ രണ്ടു കാലുമുറപ്പിച്ച് ദല്‍ഹി പിടിച്ചടക്കും,’ മമത പറഞ്ഞു.
അതേസമയം ബംഗാളില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തദ്ദേശീയനെ നിര്‍ത്താന്‍ പോലും കഴിവില്ലാത്ത പാര്‍ട്ടിയാണ് ബി.ജെ.പിയെന്നും മമത പറഞ്ഞു. ബംഗാള്‍ തെരഞ്ഞെടുപ്പിനായി തൃണമൂലില്‍ നിന്നും സി.പി.ഐ.എമ്മില്‍ നിന്നും നേതാക്കളെ പണം കൊടുത്ത് ചാക്കിട്ടുപിടിക്കുകയാണ് ബി.ജെ.പിയെന്നും മമത പറഞ്ഞു.
ബംഗാളില്‍ മൂന്നാംഘട്ട വോട്ടെടുപ്പിന് മുന്നോടിയായി ബി.ജെ.പി പ്രചരണം ശക്തമായി മുന്നേറുന്നതിനിടയാണ് രൂക്ഷവിമര്‍ശനവുമായി മമത രംഗത്തെത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തമന്ത്രി അമിത് ഷാ തുടങ്ങിവര്‍ ബംഗാളില്‍ പ്രചരണത്തിനായെത്തിയിരുന്നു.