ന്യൂദല്‍ഹി: നരേന്ദ്ര മോദിക്കെതിരെ നീക്കങ്ങള്‍ ശക്തമാക്കി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ഇനി മോദി v/s ഇന്ത്യയായിരിക്കുമെന്ന് മമത പറഞ്ഞു.
” ഒരു രാഷ്ട്രീയ കൊടുങ്കാറ്റ് ഉണ്ടായാല്‍, നിങ്ങള്‍ക്കത് (ബി.ജെ.പിക്ക് )തടയാന്‍ കഴിയില്ല, പ്രാദേശിക പാര്‍ട്ടികള്‍ രാജ്യത്തെ നയിക്കും, ഇനി ഞങ്ങള്‍ ആരുടെയും മുമ്പിലും കുനിയുകയില്ല. സമയം വന്നിരിക്കുന്നു,” മമത പറഞ്ഞു.
2024 ലെ പൊതുതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ എങ്ങനെയെങ്കിലും അധികാരത്തില്‍ നിന്ന് പുറത്താക്കണമെന്ന ലക്ഷ്യത്തിലാണ് പ്രതിപക്ഷപാര്‍ട്ടികള്‍. ബി.ജെ.പിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികളുടെ ഒരു മുന്നണി തന്നെ ഉയര്‍ന്നുവരാനുള്ള സാധ്യതകള്‍ ഉണ്ട്.
അഞ്ച് ദിവസത്തെ സന്ദര്‍ശനത്തിന് ദല്‍ഹിയില്‍ എത്തിയ മമത കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ കണ്ടിരുന്നു.
”സോണിയ ജി എന്നെ ഒരു കപ്പ് ചായയ്ക്ക് ക്ഷണിച്ചു, രാഹുല്‍ ജിയും അവിടെയുണ്ടായിരുന്നു. പെഗാസസ്, രാജ്യത്തെ കൊവിഡ് അവസ്ഥ എന്നിവ ഞങ്ങള്‍ ചര്‍ച്ച ചെയ്തു.
പ്രതിപക്ഷ ഐക്യത്തെക്കുറിച്ചും ഞങ്ങള്‍ ചര്‍ച്ച ചെയ്തു. വളരെ നല്ല മീറ്റിംഗ് ആയിരുന്നു അത്. ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ എല്ലാവരും ഒത്തുചേരേണ്ടതുണ്ട്. എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടിവരും,” സോണിയ ഗാന്ധിയുമായുള്ള 45 മിനിറ്റ് ആശയവിനിമയത്തിന് ശേഷം മമതാ ബാനര്‍ജി പറഞ്ഞു.
” ജഗന്‍ (മോഹന്‍ റെഡ്ഡി), നവീന്‍ ബാബു (പട്‌നായിക്), ചന്ദ്രബാബു (നായിഡു), (എം.കെ.) സ്റ്റാലിന്‍, ഉദ്ദവ് (താക്കറെ), ഹേമന്ത് സോറന്‍ എന്നിവരുമായി എനിക്ക് നല്ല ബന്ധമുണ്ട്. ചൊവ്വാഴ്ച ലാലു യാദവുമായി സംസാരിച്ചതായും മമത പറഞ്ഞു.
താന്‍ ഒരു പ്രതിപക്ഷ മുന്നണിക്ക് ഒരുക്കമാണെന്നും എന്നാല്‍ കോണ്‍ഗ്രസ് ഇല്ലാതെ അത്തരം ഒന്ന് അസാധ്യമാണെന്നും മമത നേരത്തെ പറഞ്ഞിരുന്നു.