സമരത്തിന് പിന്നില്‍ ബി.ജെ.പി; 2 മണിക്കുള്ളില്‍ ജോലിക്ക് കയറിയില്ലെങ്കില്‍ നടപടി; ബംഗാളില്‍ സമരം ചെയ്യുന്ന ഡോക്ടര്‍മാര്‍ക്ക് മമതയുടെ താക്കീത്
India
സമരത്തിന് പിന്നില്‍ ബി.ജെ.പി; 2 മണിക്കുള്ളില്‍ ജോലിക്ക് കയറിയില്ലെങ്കില്‍ നടപടി; ബംഗാളില്‍ സമരം ചെയ്യുന്ന ഡോക്ടര്‍മാര്‍ക്ക് മമതയുടെ താക്കീത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 13th June 2019, 2:51 pm

കൊല്‍ക്കത്ത: പശ്ചിമംബംഗാളില്‍ എന്‍.ആര്‍.എസ് മെഡിക്കല്‍ കോളേജില്‍ കഴിഞ്ഞ നാല് ദിവസമായി സമരം ചെയ്യുന്ന ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് താക്കീതുമായി മുഖ്യമന്ത്രി മമത ബാനര്‍ജി.

സമരം അവസാനിപ്പിച്ച് നാല് മണിക്കൂറിനുള്ളില്‍ ജോലിയില്‍ പ്രവേശിക്കാത്തപക്ഷം കടുത്ത നടപടിയിലേക്ക് കടക്കുമെന്നാണ് മമതയുടെ മുന്നറിയിപ്പ്. സമരത്തിന് പിന്നില്‍ ബി.ജെ.പി ഗൂഢാലോചനയുണ്ടെന്നും മമത പ്രതികരിച്ചു. ” ഇതിന് പിന്നില്‍ ബി.ജെ.പിയാണ്. ആശുപത്രി നടപടികളെ ഇവര്‍ മനപൂര്‍വം താറുമാറാക്കുകയാണ്. ഇത് ഇന്നത്തോടെ അവസാനിപ്പിക്കണം”- മമത പറഞ്ഞു.

സമരം ചെയ്യുന്ന എന്‍.ആര്‍.എസ് ആശുപത്രിയിലെ ഡോക്ടര്‍മാരുമായി മമത കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ ഞങ്ങള്‍ക്ക് നീതി വേണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ മമതയ്ക്ക് മുന്‍പില്‍ മുദ്രാവാക്യം മുഴക്കുകയായിരുന്നു.

കഴിഞ്ഞദിവസം എന്‍.ആര്‍.എസ് മെഡിക്കല്‍ കോളേജില്‍ രോഗി മരിച്ചതുമായി ബന്ധപ്പെട്ടുള്ള തര്‍ക്കത്തില്‍ രോഗിയുടെ ബന്ധുക്കള്‍ ഡോക്ടറെ കയ്യേറ്റം ചെയ്തിരുന്നു. അക്രമത്തില്‍ രണ്ട് ഡോക്ടര്‍മാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

തുടര്‍ന്നാണ് നീതി ആവശ്യപ്പെട്ട് ഡോക്ടര്‍മാര്‍ സമരം തുടങ്ങിയത്. സമരം പിന്നീട് മറ്റ് മെഡിക്കല്‍ കോളേജുകളിലേക്കും വ്യാപിക്കുകയായിരുന്നു. എമര്‍ജന്‍സി വാര്‍ഡുകളില്‍ അടക്കം കൂടുതല്‍ സുരക്ഷ ആവശ്യപ്പെട്ടാണ് ഡോക്ടര്‍മാര്‍ സമരം നടത്തുന്നത്.

ഡോക്ടര്‍മാരുടെ സമരത്തെ തുടര്‍ന്ന് നിരവധി രോഗികളാണ് ആശുപത്രിയില്‍ ചികിത്സ കിട്ടാതെ ബുദ്ധിമുട്ടുന്നതെന്നും എത്രയും പെട്ടെന്ന് സമരം അവസാനിപ്പിക്കണമെന്നും മമത പറഞ്ഞു.” എനിക്ക് മരുന്നുകളെ കുറിച്ച് അറിയില്ലായിരിക്കാം. എന്നാല്‍ ഇന്ന് ഞാന്‍ കണ്ട ഒരു കാഴ്ച അപകടത്തില്‍പ്പെട്ട് ആശുപത്രിയിലെത്തിയ ഒരാള്‍ ചിതിത്സ കിട്ടാതെ കിടക്കുന്നതാണ്. പ്രതിഷേധം കാരണം അദ്ദേഹം അവിടെ കിടന്ന് മരിക്കും. എത്രയും പെട്ടെന്ന് ഈ സമരം അവസാനിപ്പിച്ചിരിക്കണം. അല്ലാത്തപക്ഷം കടുത്ത നടപടിയിലേക്ക് സര്‍ക്കാര്‍ കടക്കും” മമത പറഞ്ഞു.