കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ച ഒഴിവാക്കി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.
യാസ് ചുഴലിക്കാറ്റിന്റെ ആഘാതം വിലയിരുത്തുന്നതിനായി നിശ്ചയിച്ച കൂടിക്കാഴ്ചയാണ് മമത ഒഴിവാക്കിയതെന്നാണ് റിപ്പോര്‍ട്ട്.
ചുഴലിക്കാറ്റ് ഉണ്ടാക്കിയ നാശനഷ്ടത്തെക്കുറിച്ച് അവലോകനത്തില്‍ പങ്കെടുക്കേണ്ടതായിരുന്നുവെങ്കിലും മേദിക്ക് റിപ്പോര്‍ട്ട് കൈമാറിയ ശേഷം മമത പോവുകയായിരുന്നു.
” താങ്കള്‍ എന്നെ കാണാന്‍ വന്നു, അതുകൊണ്ടാണ് ഞാന്‍ ഇന്ന് വന്നത്. ഞാനും എന്റെ ചീഫ് സെക്രട്ടറിയും ഈ റിപ്പോര്‍ട്ട് താങ്കള്‍ക്ക് സമര്‍പ്പിക്കാന്‍ ആഗ്രഹിക്കുന്നു. ഇപ്പോള്‍ ഞങ്ങള്‍ ദിഗയില്‍ ഒരു മീറ്റിംഗ് നടത്തുന്നുണ്ട്. അതിനാല്‍ ഞങ്ങള്‍ താങ്കളുടെ അനുമതി തേടുന്നു,” എന്നാണ് മമത മോദിയോട് പറഞ്ഞതെന്നാണ് റിപ്പോര്‍ട്ടുകള്‍. 15 മിനുട്ട് നേരം മാത്രമാണ് മമത മോദിയെ കാണാന്‍ വേണ്ടി ചെലവഴിച്ചതെന്നാണ് റിപ്പോര്‍ട്ട്.
നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം നരേന്ദ്ര മോദിയും മമത ബാനര്‍ജിയും തമ്മില്‍ ആദ്യമായാണ് നേരില്‍ കാണുന്നത്.
ഇതിന് മുമ്പ് ഇരുവരും അവസാനമായി കണ്ടത് ജനുവരി 23ന് നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മവാര്‍ഷിക പരിപാടിയിലായിരുന്നു. അന്ന് മമത പ്രസംഗിക്കുമ്പോള്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ ജയ് ശ്രീരാം മുദ്രാവാക്യം മുഴക്കിയതില്‍ ക്ഷുഭിതയായി പ്രസംഗം നിര്‍ത്തി ഇറങ്ങിപ്പോയിരുന്നു.
പ്രധാനമന്ത്രിയുമായുള്ള യോഗം മമതാ ബാനര്‍ജി ഒഴിവാക്കിയതിനെ ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധങ്കര്‍ വിമര്‍ശിച്ചിരുന്നു.
പ്രധാനമന്ത്രിയുടെ യോഗത്തില്‍ മുഖ്യമന്ത്രിയും ഉദ്യോഗസ്ഥരും പങ്കെടുക്കാത്തത് ഭരണഘടനയ്ക്കും നിയമവാഴ്ചയ്ക്കും ചേരാത്തതാണെന്നും ഗവര്‍ണര്‍ പറഞ്ഞു.