കൊല്‍ക്കത്ത: രബീന്ദ്ര നാഥ് ടാഗോറിന്റെ ജന്മസ്ഥലത്ത് കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ റാലി നടത്തിയതിന് പിന്നാലെ ബി.ജെ.പിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ബി.ജെ.പിക്ക് കുറച്ച് എം.എല്‍.എമാരെ വാങ്ങാന്‍ സാധിച്ചേക്കും, പക്ഷെ തൃണമൂല്‍ കോണ്‍ഗ്രസിനെ വാങ്ങാന്‍ സാധിക്കില്ലല്ലോ എന്നാണ് മമത പറഞ്ഞത്.
‘നിങ്ങള്‍ക്ക് കുറച്ച് എം.എല്‍.എമാരെ വാങ്ങാന്‍ സാധിച്ചേക്കും, പക്ഷെ തൃണമൂല്‍ കോണ്‍ഗ്രസിനെ വാങ്ങാന്‍ സാധിക്കില്ലല്ലോ. കുറച്ച് പേര്‍ പാര്‍ട്ടി വിടുന്നതൊന്നും ഒരു വിഷയമേയല്ല. ഞങ്ങള്‍ക്കൊപ്പം ആളുകളുണ്ട്,’ മമത പറഞ്ഞു.
തൃണമൂലില്‍ നിന്ന് സുവേന്തു അധികാരി അടക്കമുള്ളവര്‍ ബി.ജെ.പിയില്‍ ചേര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ് മമതയുടെ പ്രതികരണം.
മതേതരത്വത്തെ മറികടന്ന് വിദ്വേഷ രാഷ്ട്രീയം ടാഗോറിന്റെ മണ്ണില്‍ പടര്‍ത്താന്‍ അനുവദിക്കില്ലെന്നും മമത പറഞ്ഞു.
‘മഹാത്മാ ഗാന്ധിയെയും രാജ്യത്തെ മറ്റു മഹാത്മാക്കളെയും ബഹുമാനിക്കാന്‍ അറിയാത്തവരാണ് സുവര്‍ണ ബംഗാള്‍ ഉണ്ടാക്കുമെന്ന് പറയുന്നത്. ടാഗോര്‍ പതിറ്റാണ്ടുകള്‍ക്ക മുമ്പേ സുവര്‍ണ ബംഗാള്‍ ഉണ്ടാക്കിയിട്ടുണ്ട്. ബി.ജെ.പിയുടെ വര്‍ഗീയ ആക്രമണത്തില്‍ നിന്ന് ഇവിടം സംരക്ഷിക്കുക എന്നത് മാത്രമാണ് ഞങ്ങള്‍ക്കിപ്പോള്‍ ചെയ്യാനാവുക,’ മമത പറഞ്ഞു.
ടാഗോര്‍ സ്ഥാപിച്ച പ്രശസ്ത സര്‍വ്വകലാശാലയ്ക്കടുത്ത് നടത്തിയ റാലിയില്‍ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മമത.
ബംഗാളിലേക്ക് പുറത്ത് നിന്നുള്ളവരെ ( ബി.ജെ.പി) കയറ്റില്ലെന്നും മമത റാലിയില്‍ ആവര്‍ത്തിച്ചു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക