മതേതരത്വത്തെ പിന്തുണക്കുന്നുവെന്ന് അവകാശപ്പെടുന്ന കെ.സി.ആര്‍ പ്രതിപക്ഷ യോഗത്തില്‍ പങ്കെടുക്കുന്നില്ല: വിമര്‍ശനവുമായി ഖാര്‍ഗെ
national news
മതേതരത്വത്തെ പിന്തുണക്കുന്നുവെന്ന് അവകാശപ്പെടുന്ന കെ.സി.ആര്‍ പ്രതിപക്ഷ യോഗത്തില്‍ പങ്കെടുക്കുന്നില്ല: വിമര്‍ശനവുമായി ഖാര്‍ഗെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 27th August 2023, 8:21 am

ഹൈദരാബാദ്: മതേതരത്വത്തെ പിന്തുണക്കുന്നുവെന്ന് സ്വയം അവകാശപ്പെടുന്ന തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവു പ്രതിപക്ഷ യോഗത്തില്‍ പങ്കെടുത്തിട്ടില്ലെന്ന വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. മോദി സര്‍ക്കാരിനെതിരെ 26 പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുമിച്ച് പോരാടുമ്പോള്‍ ചന്ദ്രശേഖര്‍ റാവു ഇതുവരെ ഒരു യോഗത്തിലും പങ്കെടുത്തിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഹൈദരാബാദിലെ ചെവല്ലയില്‍ നടന്ന പൊതുപരിപാടിയില്‍ പങ്കെടുക്കവേയായിരുന്നു ഖാര്‍ഗെയുടെ വിമര്‍ശനം. ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ രൂപീകരിച്ച പ്രതിപക്ഷ ഐക്യത്തെ കുറിച്ച് കെ.സി.ആര്‍ ഒരിക്കലും സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഒരു മതേതര പാര്‍ട്ടിയാണ് ഇവിടെയുള്ളതെന്ന് നിങ്ങള്‍ സ്വയം പറയുന്നു. എന്നാല്‍ ഉള്ളിലൂടെ നിങ്ങള്‍ ബി.ജെ.പിക്കൊപ്പം കൂട്ടുകൂടുന്നു,’ ഖാര്‍ഗെ പറഞ്ഞു.

തുടര്‍ന്ന് കോണ്‍ഗ്രസ് നല്‍കിയ സംഭാവനകളെ കുറിച്ചും അദ്ദേഹം സംസാരിച്ചു. രാജ്യത്ത് കോണ്‍ഗ്രസ് നല്‍കിയ സംഭാവനകളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ചോദ്യം ചെയ്യുന്നുവെന്നും ഖാര്‍ഗെ പറഞ്ഞു.

നാട്ടുരാജ്യങ്ങളുടെ ഏകീകരണം, സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഭരണഘടന നിര്‍മാണം, നെഹ്‌റുവിന്റെ കാലത്ത് ആരംഭിച്ച ജലസേചന പദ്ധതികള്‍, ബാങ്കുകളുടെ ദേശസാത്കരണം, രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്ന സമയത്തെ കമ്പ്യൂട്ടറുകളുടെ പ്രോത്സാഹനം തുടങ്ങിയ സംഭാവനകളെ കുറിച്ച് ഖാര്‍ഗെ സൂചിപ്പിച്ചു.

വരുന്ന തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ 12 വാഗ്ദാനങ്ങള്‍ അടങ്ങുന്ന എസ്.സി, എസ്.ടി പ്രഖ്യാപനത്തിന്റെ പോസ്റ്ററും അദ്ദേഹം പുറത്തിറക്കി.

പട്ടികജാതി സംവരണം 18 ശതമാനവും പട്ടികവര്‍ഗ സംവരണം 12 ശതമാനവും വര്‍ധിപ്പിക്കുമെന്ന് പ്രഖ്യാപനത്തില്‍ പറയുന്നു. സര്‍ക്കാര്‍ നല്‍കുന്ന പ്രത്യേക സംവരണങ്ങള്‍ക്ക് പുറമെ എസ്.സി-എസ്.ടി കുടുംബങ്ങള്‍ക്ക് 12 ലക്ഷം ധനസഹായം നല്‍കുമെന്നും അതില്‍ പറയുന്നു.

അതേസമയം ഓഗസ്റ്റ് 31, സെപ്റ്റംബര്‍ ഒന്ന് എന്നീ തിയ്യതികളില്‍ മുംബൈയില്‍ വെച്ച് പ്രതിപക്ഷ സഖ്യമായ ഇന്ത്യയുടെ മൂന്നാമത്തെ യോഗം നടക്കും. ഇന്ത്യ സഖ്യത്തിന്റെ ആദ്യ യോഗം പട്‌നയിലും രണ്ടാമത്തേത് ബെംഗളൂരുവിലും വെച്ചായിരുന്നു നടന്നത്. ബെംഗളൂരുവിലെ യോഗത്തിനിടെയില്‍ ഇന്ത്യ എന്ന പേരും ജീതേഗ ഭാരത് എന്ന ടാഗ് ലൈനും പ്രതിപക്ഷ സഖ്യത്തിന് നല്‍കുകയായിരുന്നു.

content highlights: Mallikarjun kharge criticise chandrashekhar rao