മാലി: മാലിദ്വീപ് മുന്‍ പ്രസിഡന്റ് അബ്ദുല്ല യമീനെ (Abdulla Yameen) 11 വര്‍ഷം തടവുശിക്ഷക്ക് വിധിച്ച് കോടതി. അഴിമതി, കള്ളപ്പണം വെളുപ്പിക്കല്‍ കുറ്റങ്ങള്‍ക്കാണ് ശിക്ഷ വിധിച്ചത്.
തടവുശിക്ഷക്ക് പുറമെ 50 ലക്ഷം യു.എസ് ഡോളര്‍ പിഴയായും വിധിച്ചിട്ടുണ്ടെന്ന് മാലിദ്വീപ് ദിനപത്രമായ അവാസിനെ (Avas) ഉദ്ധരിച്ച് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അബ്ദുല്ല യമീനെതിരായ ആരോപണങ്ങള്‍ നിലനില്‍ക്കുന്നതാണെന്നും യമീന്‍ കുറ്റക്കാരനാണെന്നും മാലിദ്വീപ് ക്രിമിനല്‍ കോടതി കണ്ടെത്തുകയും ചീഫ് ജഡ്ജ് അഹ്മദ് ഷക്കീല്‍ ശിക്ഷ വിധിക്കുകയുമായിരുന്നു.
പ്രസിഡന്റായിരിക്കെ യമീന്‍ തന്റെ പദവി ദുരുപയോഗം ചെയ്തുവെന്നും റിസോര്‍ട്ട് വികസനത്തിന് വേണ്ടി ഒരു പ്രൈവറ്റ് കമ്പനിയില്‍ നിന്നും പത്ത് ലക്ഷം ഡോളര്‍ വാങ്ങിയെന്നുമായിരുന്നു കേസ്. മാലിദ്വീപ് മുന്‍ എം.പി യൂസുഫ് നഈമീല്‍ (Yoosuf Naeem) നിന്നാണ് യമീന്‍ ഈ പണം വാങ്ങിയതെന്നാണ് ആരോപണം.
കേസില്‍ യൂസുഫ് നഈമും യമീനിനൊപ്പം വിചാരണ നേരിട്ടിരുന്നു. കൈക്കൂലി കേസില്‍ നഈമും കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്.
രേഖകളില്‍ കാണിക്കുന്ന പണം യൂസഫ് നഈമിന്റെ അക്കൗണ്ടില്‍ നിന്ന് യമീനിന്റെ സ്വകാര്യ അക്കൗണ്ടിലേക്ക് നിക്ഷേപിച്ചത് സംശയാസ്പദമാണെന്ന് ചീഫ് ജഡ്ജ് അഹ്മദ് ഷക്കീല്‍ പറഞ്ഞു.
ഈ വര്‍ഷം ജനുവരി രണ്ടിനായിരുന്നു ക്രിമിനല്‍ കോടതിയില്‍ കേസിന്റെ വിചാരണ ആരംഭിച്ചത്. നവംബര്‍ 30നാണ് വിചാരണ നടപടികള്‍ അവസാനിച്ചതെന്നും അവാസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
കുറ്റം ചെയ്യുന്ന സമയത്ത് യമീന്‍ രാജ്യത്തിന്റെ പ്രസിഡന്റായിരുന്നു എന്നതുകൊണ്ട് തന്നെ അദ്ദേഹത്തിന് പരമാവധി ശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദിച്ചിരുന്നത്.
Content Highlight: Maldives former president Abdulla Yameen sentenced to elevan years in prison