മലയാളി ഫ്രം ഇന്ത്യ; മലയാളിയുടെ മാത്രം കഥയല്ല ആല്‍പറമ്പില്‍ ഗോപിയുടേത്
Entertainment
മലയാളി ഫ്രം ഇന്ത്യ; മലയാളിയുടെ മാത്രം കഥയല്ല ആല്‍പറമ്പില്‍ ഗോപിയുടേത്
വി. ജസ്‌ന
Friday, 3rd May 2024, 11:12 am

നിവിന്‍ പോളി നായകനായി ഏറ്റവും പുതുതായി തിയേറ്ററില്‍ എത്തിയ ചിത്രമാണ് മലയാളി ഫ്രം ഇന്ത്യ. ഷാരിസ് മുഹമ്മദിന്റെ തിരക്കഥയില്‍ ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ചിത്രമാണ് ഇത്. ഡിജോയുടെ സംവിധാനത്തില്‍ എത്തിയ മൂന്നാമത്തെ ചിത്രമാണ് മലയാളി ഫ്രം ഇന്ത്യ.

ക്വീന്‍, ജനഗണമന എന്നീ സിനിമകള്‍ക്ക് ശേഷം ഏറെ സാമൂഹിക പ്രസക്തിയുള്ള വിഷയം തന്നെയാണ് തങ്ങളുടെ സിനിമയിലൂടെ ഡിജോ ജോസ് ആന്റണിയും ഷാരിസ് മുഹമ്മദും പറയുന്നത്. ഇന്ത്യയില്‍ ഇന്ന് നടന്നു കൊണ്ടിരിക്കുന്ന കാര്യങ്ങള്‍ തന്നെയാണ് മലയാളി ഫ്രം ഇന്ത്യ ചര്‍ച്ച ചെയ്യുന്നത്.

സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഷാരിസ് താന്‍ കഥയുടെ പ്രൈമറി വേര്‍ഷന്‍ പറഞ്ഞപ്പോള്‍ ഡിജോ ചിത്രം ഹിന്ദിയില്‍ ചെയ്യാന്‍ ആഗ്രഹിച്ചിരുന്നു എന്ന് പറഞ്ഞിരുന്നു.

എന്നാല്‍ പിന്നീട് സിനിമയുടെ സ്‌ക്രിപ്റ്റില്‍ വര്‍ക്ക് ചെയ്തപ്പോഴാണ് അത് മലയാളത്തില്‍ ചെയ്യാന്‍ തീരുമാനിക്കുന്നതെന്നും ഈ സിനിമ മലയാളത്തില്‍ മാത്രമേ ചെയ്യാന്‍ കഴിയുകയുള്ളൂ എന്ന് മനസിലാവുന്നതെന്നും കൂട്ടിച്ചേര്‍ത്തിരുന്നു.

എന്നാല്‍ മലയാളി ഫ്രം ഇന്ത്യ മലയാളത്തില്‍ അല്ലാതെ ഇന്ത്യയിലെ ഏത് ഭാഷയില്‍ ചെയ്യുകയാണെങ്കിലും കഥയില്‍ മാറ്റാം വരുത്തേണ്ടതില്ല എന്നതാണ് സത്യം. ഡിജോ തന്റെ സിനിമയില്‍ പറയുന്നത് മതം ഒരു രാജ്യത്തിന്റെ ഭരണഘടന ആയാല്‍ ആ രാജ്യം നശിക്കുമെന്ന ആശയമാണ്. ഈ ആശയം ഇന്നത്തെ സാമൂഹിക അവസ്ഥയില്‍ ഇന്ത്യയുടെ ഏത് ഭാഷയിലുള്ളവര്‍ക്കും കണക്ട് ചെയ്യാവുന്നത് തന്നെയാണ്.

വോട്ടിനായി മതത്തെയും ജാതിയെയും കൂട്ടുപിടിക്കുന്നവരെയും സിനിമ കാണിക്കുന്നുണ്ട്. ഒപ്പം രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ തീഷ്ണമായ അനുഭാവിയായ നായകനും കൂട്ടുകാരനെയും സിനിമയില്‍ കാണാം. രാഷ്ട്രീയത്തില്‍ മതം ചേര്‍ത്താല്‍ അത് എളുപ്പം വേരുറക്കും എന്ന ആശയം ഡിജോ അവിടെ പങ്കുവെക്കുന്നു.

തെറ്റിദ്ധാരണയുടെ പേരില്‍ ആ നാട്ടില്‍ രണ്ട് മതങ്ങളും പാര്‍ട്ടികളും തമ്മില്‍ സംഘര്‍ഷം പൊട്ടിപ്പുറപെടുന്നതും സിനിമ ചിത്രീകരിക്കുന്നു. ഇതിനിടയില്‍ നായകനും കൂട്ടുകാരനും ചേര്‍ന്ന് ഇതിന് പ്രതികാരം ചെയ്യുന്നതുമൊക്കെയാണ് മലയാളി ഫ്രം ഇന്ത്യ പറയുന്നത്.

പിന്നീട് നായകന്‍ അറബി നാട്ടിലേക്ക് പോകുന്നതോടെ ദേശീയതയെ കുറിച്ച് ഇന്ത്യ – പാക് ബന്ധത്തെ കുറിച്ചുമൊക്കെയാണ് മലയാളി ഫ്രം ഇന്ത്യ സംസാരിക്കുന്നത്. അവിടെ മതത്തിനപ്പുറം മനുഷ്യര്‍ക്കിടയില്‍ ഉണ്ടാകുന്ന ആത്മബന്ധത്തെ കുറിച്ചും കഥ പറഞ്ഞുവെക്കുന്നു.

അതേസമയം സിനിമയില്‍ ‘മലയാളി’ എന്ന വികാരത്തെ കുറിച്ചും ഡിജോ കാണിക്കുന്നുണ്ട്. ഏതൊരു മലയാളിയും ഒരല്‍പ്പം അഹങ്കാരത്തോടെയാണെങ്കിലും മാറ്റാരെക്കാളും മലയാളി പൊളിയാണ് എന്ന് പറയാറുണ്ട്.

സിനിമയിലും ഡിജോ മലയാളി വലിയ സംഭവമാണ് എന്ന് കാണിക്കാനായി കുറേ കാര്യങ്ങള്‍ തന്റെ സിനിമയില്‍ കൊണ്ട് വന്നിട്ടുണ്ട്. മലയാളി എന്ന എലമെന്റ് മാറ്റി നിര്‍ത്തി മലയാളി ഫ്രം ഇന്ത്യ മറ്റ് ഏതൊരു ഇന്ത്യന്‍ ഭാഷയില്‍ കൊണ്ടുവെച്ചാലും അത് ആളുകള്‍ക്ക് കണക്ട് ആകുമെന്ന് പറയാന്‍ കാരണവും അത് തന്നെയാണ്.

മലയാളി ഫ്രം ഇന്ത്യ ആല്‍പറമ്പില്‍ ഗോപി എന്ന കഥാപാത്രത്തിലൂടെയും അയാള്‍ക്ക് ചുറ്റുമുള്ളവരിലൂടെയും പറയുന്നത് ഇന്നത്തെ ഇന്ത്യയുടെ അവസ്ഥ തന്നെയാണ്. അതുകൊണ്ട് തന്നെ ഗോപിയെ കേരളത്തിന് പുറത്ത് ഏതൊരു സ്ഥലത്ത് കൊണ്ടുവെച്ചാലും ആ സിനിമ പറയുന്ന ആശയത്തിന് മാറ്റമുണ്ടാകില്ല. മലയാളി ഫ്രം ഇന്ത്യ മലയാളികളുടെ മാത്രം കഥയല്ല.

Content Highlight: Malayali From India; This Is Not The Story of Malayalees Only

വി. ജസ്‌ന
ഡ്യൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ