കോഴിക്കോട്: ലോകത്തിന്റെ ഏതു കോണില്‍ ചെന്നാലും അവിടെയൊരു മലയാളി ഉണ്ടെന്നാണ് പൊതുവെ നാം മലയാളികള്‍ തെല്ല് അഹങ്കാരത്തോടെ പറയാറ്. അതിപ്പോ കാല്‍പ്പന്തുകളിയാണെങ്കില്‍ പറയുകയും വേണ്ട. ഏത് സ്റ്റേഡിയത്തിലും കാണും ഒരു മലയാളിയും ഉയര്‍ത്തിപ്പിടിച്ച ഒരു കാര്‍ഡും.
മലയാളികളുടെ ഈ ഗര്‍വ്വിന് ഒന്നൂടെ കരുത്ത് നല്‍കുന്നതാണ് ഈ ചിത്രം. യുവന്റസിന്റേയും ബ്രസീലിന്റേയും വിജയക്കുതിപ്പിന്റെ പടത്തലവന്‍ ഡാനി ആല്‍വ്‌സ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രമാണിത്. സംഗതി എന്തെന്നറിയണമെങ്കില്‍ ഒന്ന് സൂക്ഷിച്ച് നോക്കണം.
ലോകത്തു നിന്നും മാഡ്രിഡിലെത്തുന്നവര്‍ അവരുടെ ഭാഷയില്‍ കുറിച്ച വാക്കുകളുടെ ചുമരിന് മുന്നില്‍ നിന്നുമെടുത്ത ഈ ചിത്രത്തിലേക്ക് നോക്കിയാല്‍ അതില്‍ മൂന്ന് വാക്കുകള്‍ കാണാം. ” ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു.” അതെ നല്ല പച്ച മലയാളം. ബര്‍ണാബുവില്‍ നിന്നുമുള്ളതാണ് ചിത്രം.
ലോകത്തിന്റെ ഏത് കോണിലും ഫുട്‌ബോള്‍ മൈതാനത്ത് പന്തുരുളുന്നുണ്ടേല്‍ അത് കാണാന്‍ മലയാളി ഉണ്ടാകുമെന്നതിന്റെ തെളിവായി ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. കടുത്ത റയല്‍ ആരാധകനായ ഏതോ മലപ്പുറത്തുകാരന്‍ ആണ് ഇതിനു പിന്നിലെന്നും മറ്റുമാണ് ചിത്രത്തിന് വരുന്ന കമന്റുകള്‍.
കേരളത്തിന്റെ സ്വന്തം കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഫാന്‍സ് ഗ്രൂപ്പായ മഞ്ഞപ്പടയുടെ ഫെയ്‌സ്ബുക്ക് പേജിലാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഡാനി ഈ ചിത്രം എപ്പോള്‍ എടുത്തതാണെന്ന് വ്യക്തമല്ല. എന്തായാലും ചിത്രത്തിന് സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതികരണമാണ് ലഭിച്ചു വരുന്നത്. നിരവധി ട്രോളുകളും മറ്റും ഇതിനോടകം തന്നെ ഇറങ്ങി കഴിഞ്ഞു.