ദുല്‍ഖര്‍ സല്‍മാന്‍ നായകനായ പട്ടം പോലെയിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്ന താരമാണ് മാളവിക മോഹനന്‍. വിഖ്യാത സംവിധായകന്‍ മാജിദ് മജീദിയുടെ ബിയോണ്ട് ദ ക്ലൗഡ്സ് എന്ന ചിത്രത്തിന്റെ ഭാഗമാകാനും മാളവികക്ക് സാധിച്ചു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളില്‍ ചുരുങ്ങിയ കാലം കൊണ്ട് മാളവിക തന്റെ സാന്നിധ്യമറിയിച്ചു.
പാ.രഞ്ജിത് സംവിധാനം ചെയ്ത തങ്കലാനില്‍ മാളവിക പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ചിത്രത്തില്‍ ആരതി എന്ന ഗ്രാമദേവതയായി ഗംഭീരപ്രകടനമാണ് മാളവിക കാഴ്ചവെച്ചത്. ബോളിവുഡില്‍ ‘യുധ്ര’ എന്ന ചിത്രമാണ് മാളവികയുടെ അവസാനമായി റിലീസിനെത്തിയ ചിത്രം.
യുധ്രയിലെ കഥാപാത്രത്തിനുവേണ്ടിയുള്ള തയ്യാറെടുപ്പുകളെക്കുറിച്ചും തങ്കലാനിലെ ആരതിക്ക് വേണ്ടി നടത്തിയ തയ്യാറെടുപ്പുകളെ കുറിച്ചും ഗൃഹലക്ഷ്മി മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയാണ് മാളവിക മോഹനന്‍. തങ്കലാനിലെ കഥാപാത്രം ഒരു ഗോത്രദേവതയാണെന്നും യുധ്രയിലെ കഥാപാത്രം ഒരു സിറ്റി ഗേള്‍ ആണെന്നും മാളവിക പറയുന്നു.
തങ്കലാനില്‍ കുറേ ആക്ഷന്‍ സീക്വന്‍സുകളുണ്ടായിരുന്നെന്നും അതിനുവേണ്ടി ജിംനാസ്റ്റിക്സും സ്റ്റിക്ക് ഫൈറ്റിങ്ങുമൊക്കെ പഠിച്ചിരുന്നെന്നും തന്റെ കഷ്ടപ്പാടിന്റെ വിജയമാണ് ആരതിയുടെ വിജയമെന്നും മാളവിക കൂട്ടിച്ചേര്‍ത്തു. യുധ്ര സിനിമക്ക് വേണ്ടി തന്റെ ഹിന്ദി ഒന്നുകൂടെ നന്നാകാന്‍ വേണ്ടിയാണ് കൂടുതല്‍ ശ്രദ്ധിച്ചിരുന്നതെന്നും ഇരു ചിത്രങ്ങളിലും ആക്ഷന്‍ സീക്വന്‍സുകളുള്ളതുകൊണ്ട് തന്നെ ഫീമെയില്‍ ബ്രൂസ് ലീ എന്നാണിപ്പോള്‍ കൂട്ടുകാര്‍ വിളിക്കുന്നതെന്നും മാളവിക പറയുന്നു.
‘തങ്കലാനിലെ ആരതി ഒരു ഗോത്രദേവതയാണ്. യുധ്രയില്‍ ഒരു സിറ്റി ഗേളും. രണ്ടും വ്യത്യസ്തമായ റോളുകളാണ്. തങ്കലാനില്‍ കുറേ ആക്ഷന്‍ സീക്വന്‍സുകളുണ്ട്. അതിനുവേണ്ടി ജിംനാസ്റ്റിക്സും സ്റ്റിക്ക് ഫൈറ്റിങ്ങുമൊക്കെ പഠിക്കേണ്ടിയിരുന്നു. അത്രയും തയ്യാറെടുപ്പുകള്‍ വേണ്ടിയിരുന്നു ആ കഥാപാത്രത്തിന്. ആ കഷ്ടപാടുകള്‍ക്കുള്ള ഫലമാണ് ആരതിയുടെ വിജയം.
യുധ്ര എന്ന ചിത്രത്തിലും ആക്ഷന്‍സീനുകളുണ്ടായിരുന്നെങ്കിലും, വേറെ ചില കാര്യങ്ങള്‍ക്കാണ് കൂടുതല്‍ പ്രാധാന്യം കൊടുത്തത്. ഞാന്‍ ബോംബെയില്‍ തന്നെയാണ് ജനിച്ചുവളര്‍ന്നത്. പക്ഷേ, എന്റെ ഹിന്ദി കുറച്ചുകൂടി ഭംഗിയാക്കണമായിരുന്നു. അതിലാണ് ഷൂട്ടിങ്ങിനുമുമ്പ് ഞാന്‍ കൂടുതല്‍ ശ്രദ്ധകൊടുത്തത്.