തങ്കലാന്‍ തനിക്ക് ലഭിച്ച മികച്ച സിനിമയാണെന്ന് നടി മാളവിക മോഹനന്‍. സംവിധായകന്‍ പാ രഞ്ജിത്ത് തനിക്ക് മികച്ച കഥാപാത്രമാണ് നല്‍കിയതെന്നും 20 വര്‍ഷം കഴിഞ്ഞ തിരിഞ്ഞ് നോക്കുമ്പോഴും ഈ ചിത്രം ചെയ്തതില്‍ തനിക്ക് കുറ്റബോധം തോന്നില്ലെന്നും ഫിലിം കംപാനിയന് നല്‍കിയ അഭിമുഖത്തില്‍ മാളവിക പറഞ്ഞു.
‘തങ്കലാനില്‍ എല്ലാം നേരെ തിരിച്ചാണ്. കൂടുതല്‍ ബോള്‍ഡാവണം, സ്‌ട്രോങ്ങാവണം, ധൈര്യമുണ്ടാവണം പോരാളിയാവണം. അയ്യോ എനിക്ക് പറ്റുന്നില്ല എന്നൊരു അവസ്ഥയായിരുന്നു ആദ്യം. സംവിധായകന്‍ എന്നെ ഫോഴ്‌സ് ചെയ്തില്ല. എന്നാല്‍ ഈ കഥാപാത്രത്തോട് നീതി പുലര്‍ത്തണമെന്ന് എനിക്കുണ്ടായിരുന്നു. സീന്‍ കാണുമ്പോള്‍ എനിക്ക് കഥാപാത്രത്തെ നഷ്ടപ്പെട്ടതായി തോന്നരുത്.
തങ്കലാന്‍ വിക്രം സാറിന്റെ മൂവിയാണ്. അദ്ദേഹം വളരെ മികച്ച അഭിനേതാവാണ്. എനിക്ക് കിട്ടിയ റോളും വളരെ മികച്ചതാണ്. പാ പഞ്ജിത്ത് ഒരു ഫന്റാസ്റ്റിക് ഡയറക്ടറാണ്. 20 വര്‍ഷം കഴിഞ്ഞ് ഞാന്‍ തിരിഞ്ഞു നോക്കിയാലും ഈ സിനിമ ചെയ്തതില്‍ എനിക്ക് കുറ്റബോധം തോന്നില്ല. കാരണം ഇതൊകരു മികച്ച കഥാപാത്രമാണ്.
നല്ല കഥാപാത്രങ്ങള്‍ ലഭിക്കാന്‍ ഇപ്പോള്‍ എനിക്ക് അത്യാഗ്രഹമുണ്ട്. വ്യത്യസ്തമായ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സ്റ്റേജിലേക്ക് ഞാന്‍ എത്തിയിട്ടുണ്ട്. നായികമാര്‍ ക്യൂട്ടാവുന്നതില്‍ കുഴപ്പമില്ല. എന്നാല്‍ ആരും എല്ലാ സമയത്തും ഹാപ്പി ആയി ഇരിക്കാറില്ല,’ മാളവിക പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് തങ്കലാന്റെ ഷൂട്ടിങ് പാക്കപ്പായത്. രോമാഞ്ചം ട്രെന്‍ഡ് പിടിച്ചാണ് പാക്കപ്പ് വീഡിയോ ചെയ്തിരിക്കുന്നത്. അര്‍ജുന്‍ അശോകന്റെ തല കുലുക്കിയുള്ള ആക്ഷനാണ് ക്രൂ മെമ്പേഴ്സ് ഓരോരുത്തരായി കാണിക്കുന്നത്. ഏറ്റവുമൊടുവില്‍ മാളവികയും പാ രഞ്ജിത്തും വിക്രവും ഈ ആക്ഷന്‍ കാണിക്കുന്നത് കാണാം. രോമാഞ്ചത്തിലെ ആദരാഞ്ജലി എന്ന പാട്ടാണ് ബാക്ക്ഗ്രൗണ്ടില്‍ കേള്‍ക്കുന്നതും.
ചിത്രത്തിനായി വിക്രം നടത്തിയ മേക്കോവറും ചിത്രീകരണ വേളയിലെ ദൃശ്യങ്ങളും നേരത്തെ വൈറലായിരുന്നു. ‘നച്ചത്തിരം നഗര്‍കിറത്’ എന്ന ചിത്രത്തിന് ശേഷം പാ രഞ്ജിത് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് തങ്കലാന്‍.
കോലാര്‍ സ്വര്‍ണഖനിയുടെ പശ്ചാത്തലത്തിലുള്ള ഒരു പീരിയോഡിക് ആക്ഷന്‍ ഡ്രാമ ചിത്രമാണിത്. പശുപതി, ഹരികൃഷ്ണന്‍ അന്‍പുദുരൈ, പ്രീതി കരണ്‍, മുത്തുകുമാര്‍ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.
Content Highlight: malavika mohanan about thangalaan