വിവരാവകാശ അപേക്ഷ നല്‍കിയവരെ സ്ഥിരം ശല്യാക്കാരെന്നു മുദ്ര കുത്താനൊരുങ്ങി എടവണ്ണ പഞ്ചായത്ത്; അഴിമതി പുറത്തു കൊണ്ടുവന്നതിലാണ് നടപടിയെന്ന് ആരോപിതര്‍
Kerala News
വിവരാവകാശ അപേക്ഷ നല്‍കിയവരെ സ്ഥിരം ശല്യാക്കാരെന്നു മുദ്ര കുത്താനൊരുങ്ങി എടവണ്ണ പഞ്ചായത്ത്; അഴിമതി പുറത്തു കൊണ്ടുവന്നതിലാണ് നടപടിയെന്ന് ആരോപിതര്‍
കവിത രേണുക
Thursday, 31st October 2019, 11:31 pm

മലപ്പുറം: വിവരാവകാശ അപേക്ഷ നല്‍കിയവരെ സ്ഥിരം ശല്യക്കാരാക്കി പ്രഖ്യാപിക്കാനൊരുങ്ങി എടവണ്ണ ഗ്രാമ പഞ്ചായത്ത്. പഞ്ചായത്തിലെ ഒതായി സ്വദേശികളായ റിയാസ്, ചാത്തല്ലൂര്‍ സ്വദേശി ഹംസ എന്നിവരെയാണ് സ്ഥിരം ശല്യക്കാരാക്കി പ്രഖ്യാപിക്കാനും ഇനിമേലില്‍ ഇവര്‍ നല്‍കുന്ന വിവരാവകാശ പരാതികളില്‍ മറുപടി നല്‍കേണ്ടതില്ലെന്ന് തീരുമാനിക്കാനും സംസ്ഥാന വിവരാവകാശ കമ്മീഷന് പരാതി നല്‍കിയത്.

എന്നാല്‍ വിവരാവകാശവുമായി ബന്ധപ്പെട്ട് അപേക്ഷ അയച്ചാല്‍ മറുപടി നല്‍കുക എന്നത് ആ സ്ഥാപനത്തിന്റെ കടമയാണ്. വിവരാവകാശ നിയമപ്രകാരം അപേക്ഷിക്കുന്ന വ്യക്തിക്ക് അത് ലഭിക്കുന്നതിനുള്ള അവകാശമുണ്ട്. എന്നാല്‍ അപേക്ഷകളില്‍ മറുപടി നല്‍കാതിരിക്കുന്നത് ഇന്ത്യന്‍ ഭരണാഘടന പ്രകാരം വിരുദ്ധമായ നടപടിയാണ്.

റിയാസും ഹംസയും വ്യക്തി വിരോധം തീര്‍ക്കുന്നതിനും സ്വാര്‍ത്ഥവും സാമ്പത്തികവുമായ താത്പര്യങ്ങള്‍ക്കു വേണ്ടി പഞ്ചായത്ത് ഓഫീസിലും പഞ്ചായത്തിന് കീഴിലുള്ള എല്‍.എസ്.ജി.ഡി എഞ്ചിനീയറുടെയും ഓഫീസിലും നിരന്തരം വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷകള്‍ നല്‍കുന്നുവെന്നാണ് പഞ്ചായത്ത് സെക്രട്ടറി ബീന ഡൂള്‍ന്യൂസിനോടു പറഞ്ഞു.

‘നിരന്തരമായി പഞ്ചായത്തിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കത്തക്ക രീതിയില്‍ വിവരാവകാശങ്ങള്‍ തന്നിട്ട് പഞ്ചായത്തിലെ പ്രവര്‍ത്തനങ്ങള്‍ നടക്കാത്ത ഒരു സ്ഥിതിയുണ്ടായി. വിവരാവകാശം നല്‍കുന്നത് അവരുടെ വിവരങ്ങള്‍ അറിയാനാണ് അല്ലാതെ അതൊരു ഉപദ്രവിക്കാനല്ല. അത്രയും ഉപദ്രവം പഞ്ചായത്തിന് വന്നതുകൊണ്ടാണ് ഇവരെ സ്ഥിരം ശല്യക്കാരായി പ്രഖ്യാപിക്കുന്നതിന് വിവരാവകാശ കമ്മീഷനു അപേക്ഷ നല്‍കുന്ന നടപടിയിലേക്ക് പോയത്.

അതിനു ശേഷം റിയാസും ഇവരുടെ കൂട്ടാളികളും ചേര്‍ന്ന് 50 വിവരാവകാശ അപേക്ഷകള്‍ പഞ്ചായത്തിലേക്ക് കൊണ്ടു തന്നു. മലപ്പുറം ജില്ലയിലെ വലിയ പഞ്ചായത്താണിത്. അതുകൊണ്ടു തന്നെ നിരന്തരം ചോദ്യങ്ങളും അതിന്റെ ഉപചോദ്യങ്ങളുമായി പഞ്ചായത്തിനെ ബുദ്ധിമുട്ടിക്കുകയാണ് ഇവര്‍ ചെയ്യുന്നത്.

നിലവില്‍ ഇവിടെ ജോലിക്കാരൊക്കെ തന്നെ കുറവാണ്. ഉള്ള ജോലിക്കാരെ കൊണ്ടു തന്നെ ജോലികള്‍ ചെയ്തു തീര്‍ക്കാന്‍ പറ്റാത്ത ഒരു അവസ്ഥയാണ്. അവര്‍ തന്ന അപേക്ഷകളിലൊക്കെ ഞങ്ങള്‍ ഇവിടെ നിന്ന് മറുപടി നല്‍കിയിട്ടുണ്ട്. പക്ഷെ ഇത്തരത്തില്‍ പഞ്ചായത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഭംഗം വരുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളുണ്ടായാല്‍ വിവരാവകാശ നിയമപ്രകാരം നമുക്ക് കമ്മീഷനെ അറിയിക്കാം എന്ന് 2005 ലെ നിയമപ്രകാരം പറയുന്നുണ്ട്’. ബീന ഡൂള്‍ന്യൂസിനോട് പറഞ്ഞു.

ഹംസയും റിയാസും നിരന്തരമായി അപേക്ഷകള്‍ അയക്കുന്നതായും അതുവഴി പഞ്ചായത്തിന്റെ ദൈനംദിന പ്രവൃത്തികള്‍ തകരാറിലാവുന്നുണ്ടെന്നുമാണ് പഞ്ചായത്തിന്റെ വാദം. 2018 ജനുവരി മുതല്‍ ഡിസംബര്‍ വരെ പഞ്ചായത്ത് ഓഫീസില്‍ 55 അപേക്ഷകളും പഞ്ചായത്തിനു കീഴിലുള്ള അസിസ്റ്റന്റ് എന്‍ജിനിയറുടെ ഓഫീസില്‍ 11 അപേക്ഷകളും ഇവര്‍ അയച്ചുവെന്നും റിയാസിന്റെയും ഹംസയുടെയും പേരിലും അപേക്ഷകള്‍ നല്‍കിയതായും പഞ്ചായത്ത് ചേര്‍ന്ന ഭരണ സമിതി യോഗത്തില്‍ എടുത്ത തീരുമാനത്തില്‍ പറയുന്നു.

ഇവര്‍ ദുരുദ്ദേശത്തോടു കൂടിയാണ് അപേക്ഷകള്‍ നടത്തിയതെന്നും നിര്‍ബന്ധിത സാഹചര്യത്തിലാണ് പഞ്ചായത്തിന് ഇവര്‍ക്കുനേരെ നടപടി എടുക്കേണ്ടി വരുന്നുതെന്നുമാണ് പഞ്ചായത്തിന്റെ പ്രമേയത്തില്‍ പറയുന്നത്.

എന്നാല്‍ റിയാസ് പറയുന്നത് വര്‍ഷങ്ങളായിട്ട് പഞ്ചായത്തില്‍ സാധാരണക്കാരായ ജനങ്ങള്‍ക്ക് ലഭിക്കേണ്ടുന്ന ആനുകൂല്യങ്ങളൊന്നും തന്നെ ഇവിടുള്ളവര്‍ക്ക് ലഭിക്കുന്നില്ല. ആ സാഹചര്യത്തിലാണ് വിവരാവകാശം നല്‍കി പഞ്ചായത്തില്‍ നിന്നും രേഖകള്‍ എടുക്കാന്‍ തുടങ്ങിയതെന്നാണ്.

‘ ഈ പഞ്ചായത്ത് വര്‍ഷങ്ങളായിട്ട് ഭരിക്കുന്നത് യു.ഡി.എഫാണ്. പക്ഷപാതിത്വ പരമായ നിലപാടുകളാണ് ഇവര്‍ ഇവിടെ സ്വീകരിക്കുന്നത്. ആനുകൂല്യങ്ങളൊക്കെ തന്നെ രാഷ്ട്രീയക്കാരുടെ കൈകളിലേക്കു മാത്രമാണ് വരുന്നത്. അര്‍ഹതപ്പെട്ടവര്‍ക്ക് അര്‍ഹതപ്പെട്ട ആനുകൂല്യം ലഭിക്കുന്നില്ല.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

2015-2016 സാമ്പത്തിക വര്‍ഷത്തില്‍ ഒരാള്‍ക്ക് ഈ പഞ്ചായത്തില്‍ നിന്ന് ഭവന നിര്‍മാണത്തിനുള്ള 2 ലക്ഷം രൂപ പാസായി. അയാള്‍ക്ക് കരം പോലും അടയ്ക്കാതെ 180500 രൂപ നല്‍കി. എന്നാല്‍ വീടിന് തറ പോലും ഇട്ടിട്ടില്ല. അടുത്ത വീടിന്റെ പണി നടക്കുന്ന ഫോട്ടോ എടുത്താണ് അയാള്‍ പഞ്ചായത്തിലേക്ക് അയച്ചു കൊടുത്തത്. ഇതുപോലെ ധാരാളം വിഷയങ്ങള്‍ പഞ്ചായത്തുമായി ബന്ധപ്പെട്ട് നടക്കുന്നുണ്ടെന്ന് കണ്ടതിനെ തുടര്‍ന്നാണ് വിവരാവകാശത്തിന് അപേക്ഷ അയച്ചത്.

മാത്രമല്ല അയക്കുന്ന വിവരാവകാശങ്ങള്‍ക്കൊക്കെ തന്നെ പലപ്പോഴും മറുപടി അയച്ചിരുന്നത് ചോദ്യം വ്യക്തമല്ല എന്നും ചില ചോദ്യങ്ങള്‍ക്ക് ഈ വകുപ്പു പ്രകാരം മറുപടി നല്‍കാന്‍ സാധിക്കില്ല എന്നും മറ്റുമാണ്. ഇങ്ങനെ മറുപടി ലഭിക്കാന്‍ തുടങ്ങിയതിനെ തുടര്‍ന്നാണ് വിവരങ്ങള്‍ക്ക് ഉപചോദ്യങ്ങള്‍ അയക്കാന്‍ തുടങ്ങിയത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

അപ്പോള്‍ ഇവര്‍ അഴിമതി കാണിക്കുന്നു എന്നുള്ളതുകൊണ്ടാണല്ലോ ഇത്തരം മറുപടികള്‍ പറഞ്ഞ് ഒഴിഞ്ഞു മാറാന്‍ പഞ്ചായത്ത് നിര്‍ബന്ധിതരാവുന്നത്. നിലവില്‍ അന്ന് പരാതി നല്‍കിയതിന്റെ പേരിലാണ് അന്നത്തെ പഞ്ചായത്ത് സെക്രട്ടറിയായിരുന്ന ഫാസില്‍ ഷായെ സസ്‌പെന്‍ഡ് ചെയ്യുന്നത്. ഇപ്പോഴത്തെ സെക്രട്ടറി ബീന സെക്രട്ടറി ഇന്‍ ചാര്‍ജ് ആണ്.

എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ഒരു വിവരാവകാശ ഉദ്യോഗസ്ഥനെ നിയമിക്കുന്നുണ്ടല്ലോ. അപ്പോഴെങ്ങനെയാണ് വിവരാപേക്ഷ നല്‍കുന്നത് ഇവര്‍ക്ക് ബുദ്ധിമുട്ടാവുന്നത്? അവര്‍ സര്‍ക്കാര്‍ ശമ്പളം വാങ്ങിയിട്ടല്ലേ ഇവിടെ നില്‍ക്കുന്നത്.” റിയാസ് ഡൂള്‍ന്യൂസിനോട് പറഞ്ഞു.

റിയാസും ഹംസയുമാണ് ഈ പഞ്ചായത്തിലെ ക്രമക്കേടുകള്‍ വിവരാവകാശ അപേക്ഷ നല്‍കിയതിലൂടെ പൊതു ജന മധ്യത്തില്‍ കൊണ്ടു വരാന്‍ സാധിച്ചതെന്നും ഇദ്ദേഹം പറഞ്ഞു. കാലാനുഗതമായി പഞ്ചായത്തിലെ ഓരോ രേഖകളും പഞ്ചായത്തില്‍ സൂക്ഷിക്കണമെന്നാണ്. എന്നാല്‍ മതിയായ രേഖകളൊന്നും കാണാത്തതുകൊണ്ടാണ് ഇത്തരത്തില്‍ മറുപടി തരാന്‍ ഭയക്കുന്നതെന്നും റിയാസ് വ്യക്തമാക്കി.

നിലവില്‍ വിവരാവകാശത്തിന് അപേക്ഷ നല്‍കുന്ന ഒരു വ്യക്തിയെ സ്ഥിരം ശല്യക്കാരനായി പ്രഖ്യാപിക്കാനുള്ള വകുപ്പൊന്നും ഇല്ലെന്നും റിയാസ് പറയുന്നു. ഈ കേസ് വിജിലന്‍സ്‌ അന്വേഷിക്കുന്നുണ്ടെന്നും അവര്‍ക്കും കാര്യങ്ങള്‍ വ്യക്തമാണെന്നും റിയാസ് പറയുന്നു.

കവിത രേണുക
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ