ഭാഷയെ വികലമാക്കിയില്ല; മലപ്പുറം, കാസര്‍ഗോഡ് സ്ലാങ്ങുകളില്‍ പെര്‍ഫെക്ഷന്‍ പിടിച്ച് തല്ലുമാലയും ന്നാ താന്‍ കേസ് കൊടും
Film News
ഭാഷയെ വികലമാക്കിയില്ല; മലപ്പുറം, കാസര്‍ഗോഡ് സ്ലാങ്ങുകളില്‍ പെര്‍ഫെക്ഷന്‍ പിടിച്ച് തല്ലുമാലയും ന്നാ താന്‍ കേസ് കൊടും
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 17th August 2022, 5:59 pm

കൊവിഡിന് ശേഷം പ്രതിസന്ധിയിലായ മലയാള സിനിമക്ക് പുത്തന്‍ ഉണര്‍വ് കൈവന്ന സമയമാണിത്. കഴിഞ്ഞയാഴ്ച റിലീസ് ചെയ്ത ഖാലിദ് റഹ്മാന്റെ തല്ലുമാലയും രതീഷ് ബാലകൃഷ്ണ പൊതുവാളിന്റെ ന്നാ താന്‍ കേസ് കൊടും നിറഞ്ഞ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്.

വടക്കന്‍ കേരളത്തില്‍ നടക്കുന്ന കഥയാണ് രണ്ട് ചിത്രങ്ങളും പറയുന്നത്. തല്ലുമാലയില്‍ പൊന്നാനിക്കാരന്‍ വസീമും സംഘവുമാണ് എത്തിയതെങ്കില്‍ കാസര്‍ഗോഡ് നടക്കുന്ന സംഭവവികാസങ്ങളിലൂടെയാണ് ന്നാ താന്‍ കേസ് കൊട് മുന്നേറുന്നത്.

ഇരുചിത്രങ്ങളുടെയും ഒരു പ്രത്യേകത ഭാഷ നന്നായി കൈകാര്യം ചെയ്തു എന്നതാണ്. മലപ്പുറം സ്ലാങ്ങാണ് തല്ലുമാലയില്‍ ഉപയോഗിച്ചത്. അഭിനയിച്ച എല്ലാ താരങ്ങളും തന്നെ സ്ലാങ് നല്ല രീതിയില്‍ തന്നെ കൈകാര്യം ചെയ്തിട്ടുണ്ട്. സിനിമയിലെ പാട്ടുകള്‍ വരെ പ്രാദേശിക സ്ലാങ്ങുകളുടെ പ്രയോഗങ്ങളാല്‍ സമ്പന്നമായിരുന്നു. ഇജ്ജ് ഉണ്ടാക്ക്, ഒരു അടിക്കാരന്‍, കണ്ണില്‍ പെട്ടോളേ തുടങ്ങിയ പാട്ടുകളെല്ലാം വ്യത്യസ്തമാകുന്നത് അതിലെ ഭാഷാപ്രയോഗങ്ങള്‍ കൊണ്ട് കൂടിയാണ്.

ന്നാ താന്‍ കേസ് കൊടിലെ കാസര്‍ഗോഡ് സ്ലാങ് രസകരമായിരുന്നു. പ്രോസ്‌തെറ്റിക് ഉപയോഗിച്ചുള്ള ചാക്കോച്ചന്റെ സ്ലാങ്ങ് രസകരമായിരുന്നു. സ്ലാങില്‍ പെര്‍ഫെക്ഷന്‍ വരുത്താനുള്ള ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്. സ്ലാങ്ങ് പിടിക്കാനെന്ന തരത്തിലുള്ള കാട്ടിക്കൂട്ടലുകളിലൂടെ ഭാഷയെ വികലമാക്കുന്ന സിനിമകള്‍ക്കിടയില്‍ തല്ലുമാലയും ന്നാ താന്‍ കേസ് കൊടും വേറിട്ട് നില്‍ക്കുന്നുണ്ട്.

ഒരു സമയം വടക്കന്‍ കേരളത്തിലെ ഭാഷാപ്രയോഗങ്ങളെ പ്രത്യേകിച്ച് മുസ്‌ലിം സ്ലാങ്ങിനെ വികലമാക്കുന്നു എന്ന വിമര്‍ശനം ശക്തമായിരുന്നു. വള്ളുവനാടന്‍ മലയാളമായിരുന്നു നമ്മുടെ സിനിമകളിലെ ‘ഒഫീഷ്യല്‍ മലയാളം’. ചില മമ്മൂട്ടി ചിത്രങ്ങളാണ് ഇതിന് വിപരീതമായി സംഭവിച്ചിട്ടുള്ളത്. എന്നാല്‍ അടുത്ത കാലത്തായി പ്രാദേശിക സ്ലാങ്ങുകള്‍ പെര്‍ഫെക്റ്റാക്കി തന്നെ അവതരിപ്പിക്കാന്‍ മലയാള സിനിമ ശ്രമിക്കുന്നുണ്ട്.

സമീപ കാലത്ത് ഇറങ്ങിയ കുമ്പളങ്ങി നൈറ്റ്‌സ്, പറവ, മഹേഷിന്റെ പ്രതികാരം, തിങ്കളാഴ്ച നിശ്ചയം, തൊണ്ടിമുതലും ദൃക്‌സാക്ഷിയും, ഈഡ, സുഡാനി ഫ്രം നൈജീരിയ എന്നീ ചിത്രങ്ങളിലെ സ്ലാങ്ങുകളും ആ സിനിമയുടെ ആസ്വാദനത്തില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്.

സിനിമ കൂടുതല്‍ വളര്‍ന്നുകൊണ്ടിരിക്കുകയാണ്, സിനിമാസ്വദകരും. ചെറിയ പാളിച്ചകള്‍ പറ്റിയാല്‍ തന്നെ വലിയ വിമര്‍ശനം വരുന്ന ഇക്കാലത്ത് സ്ലാങ്ങുകളിലുള്‍പ്പെടെ വരുത്തുന്ന പെര്‍ഫെക്ഷന്‍ സിനിമയുടെ വളര്‍ച്ചക്ക് തന്നെയാണ് ഗുണമാകുന്നത്.

Content Highlight: Malappuram and Kasaragod slangs have been perfected in thallumaala and nna than case kodu