ആടുജീവിതത്തിനേക്കാളും കങ്കുവയെക്കാളും ഞാന്‍ ബുദ്ധിമുട്ടിയത് ആ മമ്മൂട്ടി ചിത്രം ചെയ്യാന്‍: രഞ്ജിത്ത് അമ്പാടി
Entertainment
ആടുജീവിതത്തിനേക്കാളും കങ്കുവയെക്കാളും ഞാന്‍ ബുദ്ധിമുട്ടിയത് ആ മമ്മൂട്ടി ചിത്രം ചെയ്യാന്‍: രഞ്ജിത്ത് അമ്പാടി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 26th November 2024, 1:31 pm

ബ്ലെസി ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് 2004ല്‍ പുറത്തിറങ്ങിയ കാഴ്ച. അതുവരെ മലയാളത്തില്‍ കണ്ടുമടുത്തിരുന്ന സിനിമകളില്‍ നിന്നും വ്യത്യസ്തമായാണ് ബ്ലെസി കാഴ്ച്ചയൊരുക്കിയത്. ബോക്സ് ഓഫീസ് ഹിറ്റായിരുന്ന ചിത്രം അനവധി നിരൂപക പ്രശംസയും നേടിയിരുന്നു. മേക്കപ്പ് ആര്‍ട്ടിസ്റ്റായ രഞ്ജിത്ത് അമ്പാടിയുടെ ആദ്യ ചിത്രം കൂടിയായിരുന്നു കാഴ്ച.

കാഴ്ചയെ കുറിച്ച് സംസാരിക്കുകയാണ് രഞ്ജിത്ത് അമ്പാടി. കാഴ്ച എന്ന സിനിമയുടെ ഷൂട്ടിങ് സമയത്ത് കുറേ നാടക കലാകാരന്മാരുടെ കൂടെ മമ്മൂട്ടി ഗസ്റ്റ് റോളില്‍ വരുന്ന ചിത്രമാണ് അതെന്നാണ് എല്ലാവരും കരുതിയതെന്ന് രഞ്ജിത്ത് അമ്പാടി പറയുന്നു. തന്റെ ആദ്യ സിനിമയായിരുന്നു കാഴ്ചയെന്നും ഇപ്പോള്‍ തിരിഞ്ഞുനോക്കുമ്പോള്‍ കാഴ്ചയില്‍ വലിയ പണി ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കങ്കുവ, ആടുജീവിതം എന്നീ സിനിമകളേക്കാള്‍ ബുദ്ധിമുട്ടിയത് കാഴ്ച ചെയ്യുന്നതിനാണെന്നും ആദ്യ ചിത്രം ആയതുകൊണ്ടും മമ്മൂട്ടിയെ പോലെ ഒരു ആര്‍ട്ടിസ്റ്റിന് മേക്കപ്പ് ചെയ്യേണ്ടതുകൊണ്ടുമാണ് അതെന്നും രഞ്ജിത്ത് പറഞ്ഞു. ഇപ്പോള്‍ ചെയ്യുന്ന ഏതൊരു സിനിമയേക്കാളും കൂടുതല്‍ എഫര്‍ട്ട് എടുത്തത് കാഴ്ചക്കാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റിപ്പോര്‍ട്ടര്‍ ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു രഞ്ജിത്ത് അമ്പാടി.

‘കാഴ്ച എന്ന സിനിമയുടെ ചിത്രീകരണം നടക്കുന്ന സമയം പലരുടെയും വിചാരം മമ്മൂക്ക ആ ചിത്രത്തില്‍ ഗസ്റ്റ് റോള്‍ ആണെന്നും ബാക്കി എല്ലാം നാടക ആര്‍ട്ടിസ്റ്റുകളാണ് എന്നുമായിരുന്നു. മമ്മൂക്കയ്ക്ക് രണ്ടോ മൂന്നോ ദിവസത്തെ ഷൂട്ടേയുള്ളൂവെന്നും പലരും വിചാരിച്ചിരുന്നു. പടം ഏതാണെന്ന് നമുക്കേ അറിയൂ.

എന്റെ ആദ്യ സിനിമ കൂടിയാണ് കാഴ്ച. ഇപ്പോള്‍ നോക്കുമ്പോള്‍ ആ പടത്തില്‍ വലിയ പണിയൊന്നുമില്ല. ഇപ്പോള്‍ ഒരു സീനിയര്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റ് നോക്കിയാല്‍ കാഴ്ചയില്‍ ഒരു പണിയുമില്ല. എന്നെ സംബന്ധിച്ചിടത്തോളം കങ്കുവ, ആടുജീവിതം എന്നീ സിനിമകളേക്കാള്‍ ബുദ്ധിമുട്ടിയത് കാഴ്ച ചെയ്യുന്നതിനാണ്.

എന്റെ ആദ്യ ചിത്രം, അതും മമ്മൂക്കയെ പോലൊരു ആര്‍ട്ടിസ്റ്റാണ് ഒപ്പമുള്ളത്. ഇപ്പോള്‍ ഒരു സിനിമ ചെയ്യുന്നതിനേക്കാള്‍ എഫര്‍ട്ട് അന്ന് ആ സിനിമക്ക് വേണ്ടി എടുത്തിട്ടുണ്ട്. നമ്മള്‍ ഏത് സിനിമ ചെയ്താലും, അത് വര്‍ക്കായാലും ഇല്ലെങ്കിലും വര്‍ക്കിന് ചീത്തപ്പേരുണ്ടാകാന്‍ പാടില്ല. ഒരു സിനിമയുടെ ഫസ്റ്റ് ലുക്കോ കഥാപാത്രത്തെയോ കാണുമ്പോള്‍ ആരാണ് മേക്കപ്പ് ചെയ്തത് എന്ന് മറ്റുള്ളവര്‍ അന്വേഷിക്കണം. അതുപോലുള്ള സിനിമകളാണ് ഞാന്‍ ഇപ്പോള്‍ ചെയ്യുന്നത്,’ രഞ്ജിത്ത് അമ്പാടി പറയുന്നു.

Content Highlight: Makeup Artist Ranjith Ambadi Talks About Kaazhcha Movie