Kerala News
'കേന്ദ്രം 20 കൂട്ടിയാല്‍ ഇവിടെ 25 ആക്കും, സംസ്ഥാന സര്‍ക്കാരിന് അത്രയ്ക്ക് ഇഷ്ടമുണ്ടെങ്കില്‍ ആ ടാക്‌സ് വേണ്ടെന്ന് പറയട്ടെ'; ഇന്ധന വിലവര്‍ദ്ധനവില്‍ മേജര്‍ രവി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Feb 14, 01:53 pm
Sunday, 14th February 2021, 7:23 pm

തിരുവനന്തപുരം: ഇന്ധന വിലവര്‍ദ്ധനവില്‍ പ്രതികരണവുമായി സംവിധായകന്‍ മേജര്‍ രവി. ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കേന്ദ്രം 20 രൂപ കൂട്ടിയാല്‍ കേരളത്തില്‍ അത് 25 രൂപയായി കൂട്ടുകയാണെന്നും ഈ സമ്പ്രദായം ജനങ്ങള്‍ ചോദ്യം ചെയ്യണമെന്നുമാണ് മേജര്‍ രവി പറയുന്നത്.

കഴിഞ്ഞദിവസം പ്രതിപക്ഷ നേതാവ് നയിക്കുന്ന ഐശ്വര്യ കേരള യാത്രാ വേദിയില്‍ മേജര്‍ രവി മുഖ്യാതിഥിയായി എത്തിയിരുന്നു. തൃപ്പുണിത്തുറയില്‍ വെച്ചാണ് അദ്ദേഹം ചടങ്ങില്‍ പങ്കെടുത്തത്.

ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നും മേജര്‍ രവി പറഞ്ഞിരുന്നു. രാഷ്ട്രീയത്തില്‍ ഒന്നും പ്രവചിക്കാന്‍ സാധിക്കില്ല. രാഷ്ട്രീയത്തില്‍ ഏത് സമയത്തും എന്തും മാറിമറിയാമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ബംഗാള്‍ തെരഞ്ഞെടുപ്പ് കഴിയുമ്പോഴേ മമത ബാനര്‍ജിയുടെ സ്ഥിതി എന്താണെന്ന് അറിയാന്‍ കഴിയൂ. ജനങ്ങളുടെ മൈന്‍ഡ് സെറ്റ് എന്ന് പറയുന്നത് രാഷ്ട്രീയത്തെ വളരെയധികം ബാധിക്കും. ജനങ്ങള്‍ക്ക് വേണ്ടി ആരെങ്കിലും എന്തെങ്കിലും ചെയ്യാന്‍ മുന്നിട്ടുവരികയാണെങ്കില്‍ നിസ്വര്‍ത്ഥമായിട്ട് വരികയാണെങ്കില്‍ അവരെ താന്‍ പിന്തുണയ്ക്കുമെന്നും മേജര്‍ രവി പറഞ്ഞിരുന്നു.

മേജര്‍ രവിയുടെ വാക്കുകള്‍

ഏത് രാഷ്ട്രീയ നേതാക്കളോട് ജനത്തിന്റെ വികസനത്തെപ്പറ്റി ചോദിച്ചാലും അവര്‍ പറയുന്നത് അത് പാര്‍ട്ടി തീരുമാനിക്കുമെന്നാണ്. അത് പാര്‍ട്ടിയല്ല തീരുമാനിക്കേണ്ടത്. ജനങ്ങള്‍ തീരുമാനിക്കുന്ന പാര്‍ട്ടിയായി വളര്‍ന്നുവരണം. പാര്‍ട്ടി ചിന്തിക്കും, അല്ലെങ്കില്‍ ഹൈക്കമാന്റ് തീരുമാനിക്കും എന്ന് പറയാത്ത പാര്‍ട്ടി. ഞാന്‍ അതിനെപ്പറ്റി ചിന്തിക്കുകയാണ് ഇപ്പോള്‍. എന്താണ് നിങ്ങളുടെ അഭിപ്രായം.

നമുക്ക് വേണ്ടി നമ്മള്‍ പറയും. അല്ലാതെ പാര്‍ട്ടിയല്ല തീരുമാനിക്കേണ്ടത്. അതുകൊണ്ടാണ് ഇവിടെ ഈ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത് എന്നാണ് എനിക്ക് തോന്നുന്നത്.

ഇന്നും ഇന്ധന വില കൂടി. ഇന്ധനത്തിന് കേന്ദ്രം 20 കൂട്ടിയാല്‍ ഇവിടെ 25 കൂട്ടുന്നു. എന്തിനാണ് അവിടെ 20 കൂട്ടിക്കഴിഞ്ഞാല്‍ ഇവിടെ ഒരു അഞ്ച് കൂടി കൂട്ടുന്നത്. എനിക്ക് അതാണ് കണ്‍ഫ്യൂഷന്‍. എവിടെയെങ്കിലും ഒരു സംഭവം കിട്ടുമ്പോള്‍ അതിന്റെ കൂട്ടത്തിലങ്ങ് കൂട്ടിയിട്ട്, എന്നിട്ട് ഇതെല്ലാം ജനങ്ങളെയടുത്ത് നിന്ന് പിടിച്ചുവാങ്ങിക്കുകയാണ്.

സംസ്ഥാന സര്‍ക്കാരിന് നമ്മളോട് അത്രയും ഇഷ്ടമുണ്ടെങ്കില്‍ ഞങ്ങള്‍ക്ക് ആ ടാക്‌സ് വേണ്ടായെന്ന് പറയട്ടെ. അത് പറയുന്ന ഏതെങ്കിലും ഒരു പാര്‍ട്ടിക്കാരനെ ഞാന്‍ ഇന്നേ വരെ കണ്ടിട്ടില്ല. എവിടെയൊക്കെ കൈയ്യിട്ടുവാരാം പറ്റുമെന്ന് നോക്കി…. ഒന്നുമില്ലേല്‍ പൊലീസുക്കാരോട് പറയും ഇത്ര പെറ്റിയടിച്ചിട്ട് വായെന്ന്. ആ പാവങ്ങള്‍ മനസ്സില്ലാ മനസ്സോടെ പെറ്റിയടിക്കും. അവര്‍ക്കുമുണ്ടാകും സങ്കടം. എങ്ങനെ ഞാനീ പാവപ്പെട്ടവരെ കൈയ്യിന്ന് പിടിച്ചുപറിക്കും. ഇതില്‍ ഒരു ചേയഞ്ച് വരുത്തണം. ഇതില്‍ എനിക്ക് നിങ്ങളുടെ അഭിപ്രായം അറിയണം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Major Ravi Response Fuel Increase