പ്രിസ്മയില്‍ വീഡിയോ ഫില്‍റ്റര്‍ സംവിധാനത്തിനായി കാത്തിരുന്നവര്‍ക്കായി റഷ്യയില്‍ നിന്നൊരു സന്തോഷ വാര്‍ത്ത. ഇപ്പോഴിതാ വീഡിയോ ദൃശ്യങ്ങളും പെയ്ന്റിങ് രൂപത്തിലാക്കാന്‍ ആപ്പ് അവതരിപ്പിച്ചിരിക്കുന്നു.
മൊബൈല്‍ ക്യാമറയില്‍ എടുത്ത ചിത്രങ്ങളെ നിമിഷങ്ങള്‍ക്കും മോഡേണ്‍ ആര്‍ട്ടാക്കി മാറ്റുന്ന ആപ്ലിക്കേഷനായിരുന്നു പ്രിസ്മ എന്നാല്‍ വീഡിയോ ഫില്‍റ്റര്‍ ഫീച്ചര്‍ പ്രിസ്മയില്‍ ഉണ്ടായിരുന്നില്ല.
ആര്‍ട്ടിസ്റ്റോ എന്ന പേരില്‍ ഈ ആപ്പ് റഷ്യന്‍ വെബ്സൈറ്റ് ആയ മെയ്ല്‍ ഡോട്ട് റു ആണ് പുറത്തിറക്കിയിരിക്കുന്നത് ആപ്പ് സ്റ്റോറുകളിലും ഗൂഗിള്‍ പ്ലേ സ്റ്റോറുകളിലും ഈ ആന്‍ഡ്രോയിഡ് ഐ.ഒ.എസ് ആപ്പ് ലഭ്യമാക്കിയിട്ടുണ്ട്.
ഫോട്ടോ എഡിറ്റിങ് ആപ്പുകളില്‍ ഓണ്‍ലൈനില്‍ ഇന്ന് ലഭ്യമായ ഏറ്റവും പ്രചാരമേറിയ ആപ്പായി മാറിയിരിക്കുകയാണ് പ്രിസ്മ. ഐ.ഒ.എസില്‍ ആദ്യമായി അവതരിപ്പിച്ച് ദിവസങ്ങള്‍ പിന്നിടും മുമ്പേ പത്ത് ലക്ഷം പേരാണ് ആപ്പ് ഡൗണ്‍ലോഡ് ചെയ്തിരുന്നത്.എന്നാല്‍ ആര്‍ട്ടിസ്റ്റോയുടെ വരവോടുകൂടി പ്രിസ്മ പിന്നിലാവുമോ എന്നാണ് ഇപ്പോഴത്തെ പ്രധാന ചോദ്യം.
വ്യത്യസ്ത ഫില്‍റ്ററുകള്‍ ഉപയോഗിച്ച് പത്ത് സെക്കന്റ് വരെ ദൈര്‍ഘ്യമുള്ള വീഡിയോകളെ ആര്‍ട്ടിസ്റ്റോ പെയിന്റിങ് വീഡിയോകളാക്കി മാറ്റും.
വാന്‍ഗോഗ്, പിക്കാസൊ തുടങ്ങിയ ലോക പ്രശസ്ത ചിത്രകാരന്‍മാരുടെ ചിത്രരചനാ രീതിയിലും ആര്‍ട്ടിസ്റ്റോ വീഡിയോ ദൃശ്യങ്ങളെ അവതരിപ്പിക്കും. എട്ട് ദിവസം കൊണ്ടാണ് ആപ്പ് നിര്‍മ്മിച്ചതെന്ന് ആര്‍ട്ടിസ്റ്റോയുടെ നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു.
വീഡിയോകളേയും മോഡേണ്‍ ആര്‍ട്ട് ആക്കാനുള്ള ഫീച്ചര്‍ പ്രിസ്മയില്‍ അവതരിപ്പിക്കുമെന്ന് പ്രിസ്മ സി.ഇ.ഒ അലക്സി മോസിന്‍കോവ് അടുത്തിടെ പറഞ്ഞിരുന്നു. എന്നാല്‍ അതിന് മുന്നേ ആര്‍ട്ടിസ്റ്റോ എത്തുകയായിരുന്നു. ഇനി ആര്‍ട്ടിസ്റ്റോ പ്രിസ്മയെ പിന്നിലാക്കുമോ എന്ന് കാത്തിരുന്ന് കാണാം.