കൊല്‍ക്കത്ത: കേന്ദ്രം തിരിച്ചുവിളിപ്പിച്ചതിനെ തുടര്‍ന്ന് ചീഫ് സെക്രട്ടറിസ്ഥാനം രാജിവെച്ച ആലാപന്‍ ബന്ദോപാധ്യയയെ അഭിനന്ദിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര.
” ഏകപക്ഷിയമായ കേന്ദ്ര തീരുമാനം സ്വീകരിച്ച് ദല്‍ഹിയിലേക്ക് പോകാതെ ബംഗാള്‍ ചീഫ് സെക്രട്ടറി വിരമിച്ചു. ബംഗാള്‍ പൊളിച്ചു, ധൈര്യം പകരുന്ന ഒന്നാണ് ‘ മഹുവ പറഞ്ഞു.
ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും കേന്ദ്രവും തമ്മില്‍ ഭിന്നത രൂക്ഷമാകുന്ന അവസരത്തിലാണ് കേന്ദ്ര സര്‍വ്വീസില്‍ നിന്ന് ചീഫ് സെക്രട്ടറി രാജിവെച്ചത്.
ആലാപന്‍ ബന്ദോപാധ്യായ ചീഫ് സെക്രട്ടറിസ്ഥാനത്തു നിന്ന് വിരമിച്ചുവെന്നും അദ്ദേഹം ഇനി തന്റെ മുഖ്യ ഉപദേഷ്ടാവ് ആയിരിക്കുമെന്നും മമത തന്നെയാണ് അറിയിച്ചത്.
പശ്ചിമ ബംഗാള്‍ ചീഫ് സെക്രട്ടറി ആലാപന്‍ ബന്ധോപാധ്യായെ കേന്ദ്ര സര്‍വീസിലേക്ക് തിരിച്ചുവിളിച്ച കേന്ദ്ര നടപടിയ്ക്കെതിരെ മമത ബാനര്‍ജി ശക്തമായി പ്രതികരിച്ച് രംഗത്തെത്തിയിരുന്നു. ചീഫ് സെക്രട്ടറിയെ വിട്ടയക്കാന്‍ കഴിയില്ലെന്ന് മമത പറഞ്ഞിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് കത്തയച്ചതായും മമത പറഞ്ഞിരുന്നു.
‘അദ്ദേഹത്തെ തിരിച്ചുവിളിച്ച നടപടി ഞെട്ടലുണ്ടാക്കി. കേന്ദ്ര സര്‍ക്കാര്‍ അതിന്റെ കാരണം വ്യക്തമാക്കിയിട്ടില്ല. അതിനാല്‍ കൊവിഡ് സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ സേവനം ബംഗാളില്‍ ആവശ്യമാണെന്ന് തീരുമാനിക്കേണ്ടിവന്നു. കൊവിഡിന്റെയും യാസ് ചുഴലിക്കാറ്റിന്റെയും പശ്ചാത്തലത്തില്‍ അദ്ദേഹത്തിന്റെ സേവനം സംസ്ഥാനത്തെ പാവപ്പെട്ടവര്‍ക്ക് ആവശ്യമുണ്ട്. ജോലി ചെയ്യുന്നതിനായി ജീവിതം സമര്‍പ്പിച്ച ഒരു ഉദ്യോഗസ്ഥനെ അധിക്ഷേപിക്കുന്നതിലൂടെ പ്രധാനമന്ത്രി എന്ത് സന്ദേശമാണ് നല്‍കുന്നത്. അവര്‍ കരാര്‍ തൊഴിലാളികളാണോ ? നിരവധി ബംഗാള്‍ കേഡര്‍ ഉദ്യോഗസ്ഥര്‍ കേന്ദ്ര സര്‍വീസില്‍ ഇല്ലേ ? ആരോടും ആലോചിക്കാതെ ഞാന്‍ അവരെ തിരിച്ച് വിളിച്ചാല്‍ എന്താകും സ്ഥിതി .. മിസ്റ്റര്‍ പ്രൈം മിനിസ്റ്റര്‍, തിരക്കുള്ള പ്രധാനമന്ത്രി, മന്‍ കി ബാത്ത് പ്രധാനമന്ത്രീ ‘എന്നാണ് പറഞ്ഞത്.
കഴിഞ്ഞ ദിവസമാണ് പശ്ചിമ ബംഗാള്‍ ചീഫ് സെക്രട്ടറി ആലാപന്‍ ബന്ധോപാധ്യായോട് കേന്ദ്ര സര്‍വീസിലേക്ക് ഉടനടി തിരികെയെത്താന്‍ കേന്ദ്രം നിര്‍ദ്ദേശിച്ചത്.