Entertainment
ന്യൂമറോളജി നോക്കി പേര് മാറ്റി, രണ്ട് പേരുണ്ടെങ്കില്‍ വളര്‍ച്ച ഉണ്ടാവുവെന്ന് പറഞ്ഞപ്പോള്‍ നമ്പ്യാര്‍ ചേര്‍ത്തു: മഹിമ നമ്പ്യാർ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Dec 25, 03:38 pm
Monday, 25th December 2023, 9:08 pm

ആർ. ഡി. എക്സ് എന്ന ഒരൊറ്റ സിനിമയിലൂടെ മലയാളികൾക്കിടയിൽ വലിയ സ്വീകാര്യത നേടിയ നടിയാണ് മഹിമ നമ്പ്യാർ.

ആർ. ഡി. എക്‌സിന് മുമ്പ് തന്നെ മഹിമ മലയാള സിനിമയിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും പ്രേക്ഷകർക്കിടയിൽ ഒരു സ്ഥാനം നേടി കൊടുത്തത് ആർ. ഡി. എക്സ് ആയിരുന്നു. കാര്യസ്ഥൻ എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് വന്ന താരം പിന്നീട് തമിഴ് സിനിമയിൽ സജീവമാവുകയായിരുന്നു.

തന്റെ യഥാർത്ഥ പേര് വെളിപ്പെടുത്തിയിരിക്കുകയാണ് മഹിമ. തന്റെ പേര് ഗോപിക എന്നാണെന്നും ആദ്യത്തെ തമിഴ് സിനിമയിൽ അഭിനയിക്കുമ്പോഴാണ് മഹിമ എന്ന് പേര് മാറ്റുന്നതെന്നും താരം പറയുന്നു.
തന്റെ കരിയറിൽ വളർച്ചയുണ്ടാകാനാണ് പേര് മാറ്റിയതെന്നും മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞു.

‘എന്റെ ശരിക്കുമുള്ള പേര് ഗോപിക എന്നാണ്. ഗോപിക പാലാട്ട് ചിറക്കര വീട്ടിൽ എന്നാണ് മുഴുവൻ പേര്. ഞാൻ കാര്യസ്ഥനിൽ അഭിനയിക്കുന്ന ടൈമിൽ ഗോപിക എന്ന് തന്നെ ആയിരുന്നു പേര്.

പിന്നെ ആദ്യത്തെ തമിഴ് സിനിമ ചെയ്യുന്ന സമയത്താണ് പേരിന് മാറ്റം വന്നത്. അവർക്ക് ഈ ന്യൂമറോളജിയൊക്കെ നോക്കുന്ന ശീലങ്ങളുണ്ട്. അങ്ങനെ ആദ്യത്തെ തമിഴ് സിനിമ ചെയ്യുമ്പോഴാണ് എം എന്ന അക്ഷരം എനിക്ക് നല്ലതാണെന്ന് പറഞ്ഞ് ആ സിനിമയുടെ പ്രൊഡ്യൂസർ പ്രഭു സോളമൻ സാറാണ് എനിക്ക് മഹിമ എന്ന പേരിടുന്നത്.

അത് കഴിഞ്ഞ ശേഷം വീണ്ടും ന്യൂമറോളജി നോക്കിയിട്ട് പറഞ്ഞു, രണ്ട് പേരുണ്ടെങ്കിൽ കരിയറിന് നല്ല വളർച്ച ഉണ്ടാവുവെന്ന്.

അങ്ങനെയാണ് നമ്പ്യാർ എന്ന പേരുംകൂടെ ഇട്ടത്. ഇപ്പോൾ 11 വർഷമായി. ആ പേര് വന്നതിന് ശേഷം വളർച്ച ഉണ്ടായി,’മഹിമ നമ്പ്യാർ പറയുന്നു.

Content Highlight: Mahima Nambiar Talk About Her Name