Entertainment
ലാലേട്ടനെയും മമ്മൂക്കയെയും ഇഷ്ടമാണെങ്കിലും ഒരു പൊടിക്ക് കൂടുതലിഷ്ടം അദ്ദേഹത്തോട്: മഹിമ നമ്പ്യാര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Feb 15, 05:37 am
Saturday, 15th February 2025, 11:07 am

കാര്യസ്ഥന്‍ എന്ന ചിത്രത്തിലൂടെ സിനിമ ലോകത്തേക്ക് അരങ്ങേറിയ നടിയാണ് മഹിമ നമ്പ്യാര്‍. പിന്നീട് മഹിമ തമിഴ് സിനിമയില്‍ സജീവമാവുകയായിരുന്നു. മാസ്റ്റര്‍പീസ് എന്ന മമ്മൂട്ടി ചിത്രത്തിലൂടെ മടങ്ങി വന്ന നടി വാലാട്ടി, മധുരരാജ തുടങ്ങിയ ചിത്രങ്ങളില്‍ ക്യാരക്ടര്‍ റോളുകള്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ താരം മുഴുനീള കഥാപാത്രം ചെയ്യുന്നത് ആര്‍.ഡി.എക്‌സിലാണ്.

ആര്‍.ഡി.എക്‌സ് എന്ന ഒരൊറ്റ സിനിമയിലൂടെ മലയാളികള്‍ക്കിടയില്‍ വലിയ സ്വീകാര്യത നേടാന്‍ മഹിമക്ക് കഴിഞ്ഞു. അതിന് ശേഷം ലിറ്റില്‍ ഹാര്‍ട്‌സ്, ജയ് ഗണേഷ് എന്ന സിനിമയിലും മഹിമ അഭിനയിച്ചു. മഹിമ നമ്പ്യാര്‍ നായികയായ ഏറ്റവും പുതിയ സിനിമയാണ് ബ്രോമാന്‍സ്. ചിത്രം ഇന്നലെ, വാലെന്റൈന്‍സ് ദിനത്തില്‍ തിയേറ്ററുകളില്‍ എത്തിയിരുന്നു.

ഇഷ്ടപെട്ട അഭിനേതാക്കളെ കുറിച്ച് സംസാരിക്കുകയാണ് ഇപ്പോള്‍ മഹിമ നമ്പ്യാര്‍. മമ്മൂട്ടിയെയാണോ മോഹന്‍ലാലിനെയാണോ കൂടുതലിഷ്ടം എന്ന് ചോദിച്ചാല്‍ തനിക്ക് രണ്ടുപേരെയും ഒരുപോലെ ഇഷ്ടമാണെന്ന് മഹിമ പറയുന്നു.

എന്നാല്‍ മമ്മൂട്ടിയുടെ കൂടെ മധുരരാജ, മാസ്റ്റര്‍പീസ് തുടങ്ങിയ ചിത്രങ്ങള്‍ ചെയ്തതുകൊണ്ട് കുറച്ച് കൂടുതല്‍ ഇഷ്ടം മമ്മൂട്ടിയെയെ ആണെന്ന് മഹിമ പറഞ്ഞു. റെഡ് എഫ്.എം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മഹിമ നമ്പ്യാര്‍.

‘എനിക്കങ്ങനെ ഫേവറിറ്റായ ഒരാളെ പറയാന്‍ കഴിയില്ല. എനിക്ക് മമ്മൂക്കയെയും ലാലേട്ടനെയും ഒരുപോലെ ഇഷ്ടമാണ്. പക്ഷെ ഞാന്‍ മമ്മൂക്കയുടെ കൂടെ വര്‍ക്ക് ചെയ്തിട്ടുള്ളതുകൊണ്ട് മമ്മൂക്കയെ കുറച്ച് കൂടെ അധികം ഇഷ്ടമാണ്. മമ്മൂക്ക ഒരു ഓള്‍ റൗണ്ടറാണ്,’ മഹിമ പറയുന്നു.

രണ്‍ജി പണിക്കരെ കുറിച്ചും മഹിമ നമ്പ്യാര്‍ സംസാരിച്ചു. തന്റെ കൂടെ അഭിനയിച്ചതില്‍ ഒരു ജെന്റില്‍മാന്‍ എന്ന രീതിയില്‍ താന്‍ കാണുന്നത് രണ്‍ജി പണിക്കരെ ആണെന്നും മഹിമ നമ്പ്യാര്‍ പറഞ്ഞു.

‘ലിറ്റില്‍ ഹാര്‍ട്‌സ് എന്ന സിനിമയില്‍ രണ്‍ജി പണിക്കര്‍ സാറാണ് എന്റെ അച്ഛന്റെ വേഷം ചെയ്തിരിക്കുന്നത്. ആ സിനിമയുടെ ഷൂട്ട് സത്യത്തില്‍ നല്ല രസമായിരുന്നു. ഞാനും രണ്‍ജി സാറും പെട്ടന്ന് നല്ല കൂട്ടായി, ഞങ്ങളുടെ ഇടയില്‍ നല്ല അടുപ്പം വന്നു. ഞാന്‍ ഇപ്പോഴും എന്റെ കൂടെ അഭിനയിച്ചതില്‍ ഒരു ജെന്റില്‍മാന്‍ എന്ന രീതിയില്‍ കാണുന്നത് അദ്ദേഹത്തെയാണ്. അങ്ങനെയുള്ള ഒരുപാട് നല്ല ഓര്‍മകള്‍ ആ സിനിമയില്‍ ഉണ്ട്,’ മഹിമ നമ്പ്യാര്‍ പറയുന്നു.

Content highlight: Mahima Nambiar says she like Mammootty a little more than Mohanlal