കൊല്‍ക്കത്ത: സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ മണിമാളികയിലാണ് താമസിക്കുന്നതെന്ന പരാമര്‍ശം നടത്തിയതിന് എഴുത്തുകാരിയും ജ്ഞാനപീഠം ജേതാവുമായ മഹാശ്വേതാദേവി മാപ്പു ചോദിച്ചതായി ഇന്ത്യന്‍ എക്‌സ്പ്രസ്. ഇത് സംബന്ധിച്ച് തനിക്ക് ലഭിച്ച വിവരം തെറ്റാണെന്നും പിണറായി വിജയന്‍ താമസിക്കുന്നത് സാധാരണ വീട്ടിലാണെന്നും അവര്‍ പറഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
” ഞാന്‍ കേരളത്തിലെ ജനങ്ങളോട് പറഞ്ഞു വിജയന്‍ തന്റെ മണിമാളികയില്‍ നിന്നും പുറത്തുവന്ന് കേരളത്തിലെ സാധാരണ ജനങ്ങളുമായി ഇഴുകി ചേരണമെന്ന്. എന്നാല്‍ എനിക്ക് കിട്ടിയ വിവരങ്ങള്‍ തെറ്റായിരുന്നു. വിജയന്‍ താമസിക്കുന്നത് സാധാരണ വീട്ടിലാണ്. മണിമാളികയിലല്ല. എനിക്കറിയാന്‍ കഴിഞ്ഞത് എന്റെ പരാമര്‍ശങ്ങള്‍ വിജയനെ വേദനപ്പെടുത്തിയെന്നാണ്. അതുകൊണ്ടുതന്നെ എന്റെ പ്രസ്താവനയില്‍ ക്ഷമ ചോദിച്ചുകൊണ്ട് ഞാന്‍ അദ്ദേഹത്തിന് ഇന്നെഴുതിയിട്ടുണ്ട്.” മഹാശ്വേതാദേവി പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
പിണറായി വിജയനുമായി എക്‌സ്പ്രസ് ബന്ധപ്പെട്ടപ്പോള്‍ ” ഞാന്‍ ഒരു തുറന്ന കത്ത് എഴുതിയിട്ടുണ്ട്. കേരളത്തിലെ എല്ലാ മാധ്യമങ്ങളും അത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. മഹാശ്വേതാദേവിക്ക് എന്റെ വീട്ടിലേക്ക് സ്വാഗതം. അപ്പോള്‍ മഹാശ്വേതാദേവിക്ക് മനസിലാവും ഞാന്‍ ഏത് തരത്തിലുള്ള വീട്ടിലാണ് താമസിക്കുന്നതെന്ന്. ഇപ്പോള്‍ മഹാശ്വേതാദേവി അവരുടെ പിശക് മനസിലാക്കിയിരിക്കുന്നു. അത് സ്വാഗതാര്‍ഹമാണ്.” എന്ന് പിണറായി വിജയന്‍ പ്രതികരിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
മഹാശ്വേതാദേവിയുമായി ഡൂള്‍ ന്യൂസ് ബന്ധപ്പെട്ടപ്പോള്‍ ” ദല്‍ഹിയില്‍ നിന്നൊരാള്‍ വിളിച്ചിരുന്നു. വീടുമായി ബന്ധപ്പെട് എന്റെ പരാമര്‍ശത്തില്‍ പിണറായി വിജയന് വിഷമമുണ്ടെന്ന് പറഞ്ഞപ്പോള്‍ ഞാനതില്‍ ഖേദം രേഖപ്പെടുത്തിയിരുന്നു. ഈ വിഷയത്തില്‍ കൂടുതല്‍ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തി ഞാന്‍ ഉടന്‍ തന്നെ കത്ത് തയ്യാറാക്കുന്നുണ്ട്” എന്നായിരുന്നു അവരുടെ പ്രതികരണം.