പൂനെ: പശുക്കച്ചവടക്കാരനാണെന്ന് ആരോപിച്ച് മഹാരാഷ്ട്രയിൽ ചെരുപ്പ് വ്യാപാരിക്ക് നേരെ ഗോസംരക്ഷകരുടെ ആക്രമണം. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലെ 28 കാരനായ മുഹമ്മദ് ഹജകിന് നേരെയാണ് ആക്രമണം ഉണ്ടായത്. മുഹമ്മദ് ഹജക് വ്യാപാരം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം.
ഹജക് പ്രതിശ്രുത വധുവിനോട് സംസാരിച്ച് കൊണ്ട് നടക്കവേ അതുവഴി അമിത വേഗത്തിൽ വന്ന ഒരു വാഹനം വഴിയിലുണ്ടായിരുന്ന പശുവിനെ ഇടിച്ചിടുകയും നിർത്താതെ പോവുകയും ചെയ്തു. ഹജക് വാഹനത്തിൻ്റെ ചിത്രമെടുക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് പരിക്കേറ്റ പശുവിൻ്റെ ചിത്രമെടുത്ത് പ്രതിശ്രുതവധുവിന് അയച്ചുകൊടുത്തു.
തുടർന്ന് വീട്ടിലേക്ക് പോകുമ്പോൾ ഗോ സംരക്ഷകരെന്ന് സ്വയം വിശേഷിപ്പിച്ച ഒരു കൂട്ടം ആളുകൾ ഹജക്കിനോട് പശുവിന്റെ ചിത്രത്തെക്കുറിച്ച് ചോദിക്കുകയും മർദിക്കുകയും ചെയ്തു. ഹജക്കിന്റെ വീടിനടുത്ത് വെച്ചായിരുന്നു സംഭവം നടന്നത്. ഹജക്കിൻ്റെ ശബ്ദം കേട്ട് ഉടൻ തന്നെ കുടുംബാംഗങ്ങൾ സ്ഥലത്തെത്തി. തുടർന്ന് സ്ഥിതിഗതികൾ ശാന്തമാക്കുകയായിരുന്നു. മുഹമ്മദ് ഹജക് നിലവിൽ പരിക്കേറ്റ് ചികിത്സയിലാണ്. സംഭവത്തിൽ എട്ട് പേർക്കെതിരെ കേസെടുത്തിട്ടുണ്ട്.
മുഹമ്മദ് പശുക്കടത്തുകാരനാണെന്ന് തെറ്റിദ്ധരിച്ചാണ് അക്രമികൾ ആക്രമണം നടത്തിയതെന്ന് ബീഡ് ഇൻസ്പെക്ടർ ശീതൾകുമാർ ബല്ലാൾ പറഞ്ഞു. ‘പരിക്കേറ്റ പശുവിൻ്റെ ചിത്രം ഹജക് പകർത്തിയപ്പോഴാണ് ആക്രമണം നടന്നതെന്ന് തോന്നുന്നു, അവൻ ചിത്രമെടുത്തപ്പോൾ കന്നുകാലികളെ വിൽക്കുന്ന സംഘത്തിൽ പെട്ടവരാണെന്ന് ആളുകൾ കരുതിക്കാണും,’ ബല്ലാൽ പറഞ്ഞു.
എഫ്.ഐ.ആറിൽ പേരുള്ള എട്ട് പേരിൽ നാല് പേരെ പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മന്ദർ ദേശ്പാണ്ഡെ (30), ഓംകാർ ലാൻഡെ (23), അനിൽ ഗോഡ്‌കെ (26), രോഹിത് ലോൽഗെ (20) എന്നിവരാണ് അറസ്റ്റിലാണ്. അറസ്റ്റിലായ പ്രതികളെല്ലാം ബീഡ് സ്വദേശികളാണ്. നാല് പ്രതികളെയും വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കി.
Content Highlight: Maharashtra man takes photo of injured cow, thrashed on ‘cow thief’ suspicion