രാജ്യത്തെ മിക്ക പാര്‍ട്ടികളിലും ഏറിയും കുറഞ്ഞും കുടുംബാധിപത്യം നിലനില്‍ക്കുന്നു എന്നതാണ് വസ്തുത. അതിന് മികച്ച ഉദാഹരണമാണ് മഹാരാഷ്ട്രയിൽ നിന്നുള്ള കണക്കുകൾ.
നവംബര്‍ 20ന് മഹാരാഷ്ട്രയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, സംസ്ഥാന രാഷ്ട്രീയത്തിലെ കുടുംബവാഴ്ച വീണ്ടും ചർച്ചയാകുന്നുണ്ട്. ഈ പശ്ചാത്തലത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ‘കുടുംബത്തിൽ പിറന്ന’ സ്ഥാനാര്‍ത്ഥികളെ ഡൂള്‍ എക്‌സ്‌പ്ലൈനര്‍ പരിശോധിക്കുന്നു.
നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ എല്ലാ രാഷ്ട്രീയ കക്ഷികളും ഉറ്റുനോക്കുന്ന സംസ്ഥാനമാണ് മഹാരാഷ്ട്ര. ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേനയും ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍.സി.പിയും കോണ്‍ഗ്രസും ചേര്‍ന്ന മഹാ അഘാഡി സഖ്യവും ഏക്നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയും അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍.സി.പിയും ബി.ജെ.പിയും ചേര്‍ന്ന മഹായുതി സഖ്യവുമാണ് മഹാരാഷ്ട്രയില്‍ ജനവിധി തേടുന്നത്.
ഭോക്കര്‍ മണ്ഡലത്തില്‍ നിന്ന് മുന്‍ മുഖ്യമന്ത്രി അശോക് ചവാന്റെ മകള്‍ ശ്രീജയ ചവാനെയാണ് ബി.ജെ.പി മത്സരിപ്പിക്കുന്നത്. കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ശങ്കര്‍റാവു ചവാന്റെ ചെറുമകള്‍ കൂടിയാണ് ശ്രീജയ. ഭോക്കര്‍ കാലങ്ങളായി ഒരു കുടുംബ സീറ്റായി തുടരുന്ന മണ്ഡലമാണ്.
ശ്രീജയ ചവാൻ
രത്നഗിരി-സിന്ധുദുര്‍ഗ് എം.പിയും മുന്‍ മുഖ്യമന്ത്രിയുമായ നാരായണ്‍ റാണെയുടെ മകനെയാണ് കങ്കാവലി മണ്ഡലത്തില്‍ നിന്ന് ബി.ജെ.പി മത്സരിപ്പിക്കുന്നത്. മുംബൈ ബി.ജെ.പി അധ്യക്ഷനായ ആശിഷ് ഷേലാറിന് സീറ്റ് നല്‍കിയതോടൊപ്പം സഹോദരനായ വിനോദ് ഷേലാറിനും നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ടിക്കറ്റ് നല്‍കി.
നിലങ്ക മണ്ഡലത്തില്‍ ബി.ജെ.പി ടിക്കറ്റില്‍ മത്സരിക്കുന്നത് അന്തരിച്ച കോണ്‍ഗ്രസ് മുഖ്യമന്ത്രി ശിവാജിറാവു പാട്ടീല്‍ നിലങ്കേക്കറുടെ ചെറുമകന്‍ സംഭാജി പാട്ടീല്‍ നിലങ്കേക്കറാണ്.
സിറ്റിങ് എം.എല്‍.എമാരായ ബബന്റാവു പച്പുതെയുടെ പങ്കാളിയായ പ്രതിഭ, ഗണപത് ഗെയ്ക്വാദിന്റെ പങ്കാളി സുലഭ എന്നിവര്‍ക്കും ബി.ജെ.പി ടിക്കറ്റ് നല്‍കിയിട്ടുണ്ട്. യഥാക്രമം ശ്രീഗോണ്ട, കല്യാണ്‍ ഈസ്റ്റ് എന്നീ മണ്ഡലങ്ങളിലാണ് ഇവര്‍ മത്സരിക്കുന്നത്.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ബി.ജെ.പിയെ വെട്ടിലാക്കിയ എം.എല്‍.എമാരാണ് ബബന്റാവുവും ഗണപതും. ഇക്കാരണത്താലാണ് 2024 നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇവരെ തഴഞ്ഞ് പകരം എം.എ.എമാരുടെ പങ്കാളികളെ തന്നെ ബി.ജെ.പി കളത്തിലിറക്കിക്കിയിരിക്കുന്നത്.
മഹായുതി സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിയായി രാജാപൂര്‍ മണ്ഡലത്തില്‍ നിന്ന് മത്സരിക്കുന്നത് ശിവസേനയുടെ കിരണ്‍ സാമന്താണ്. സംസ്ഥാന വ്യവസായ മന്ത്രി ഉദയ് സാമന്തിന്റെ സഹോദരനാണ് കിരണ്‍.
മഹാരാഷ്ട്രയിലെ ബാരാമതി പവാര്‍ കുടുംബരാഷ്ട്രീയത്തിന്റെ കുത്തകയാണ്. ബാരാമതിയില്‍ നിലവിലെ ഉപമുഖ്യമന്ത്രിയായ അജിത് പവാറാണ് മഹായുതിയെ പ്രതിനിധീകരിച്ച് എന്‍.സി.പിയില്‍ നിന്ന് മത്സരിക്കുന്നത്.
ഛഗന്‍ ഭുജ്ബലിന്റെ അനന്തരവനും മുന്‍ എം.പിയുമായ സമീര്‍ ഭുജ്ബല്‍ നന്ദ്ഗാവില്‍ സ്വതന്ത്രനായും മത്സരിക്കുന്നുണ്ട്. അതേസമയം നാസിക്കില്‍ എന്‍.സി.പി വിമതനെ നേരിടുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ബി.ജെ.പി നേതാവ് ഗോപിനാഥ് മുണ്ടെയുടെ അനന്തരവന്‍ ധനഞ്ജയ് മുണ്ടെയ്ക്കും എന്‍.സി.പി ടിക്കറ്റ് നല്‍കിയിട്ടുണ്ട്. ഗോപിനാഥ് മുണ്ടെയുടെ ബന്ധു സഹോദരിയായ പങ്കജ മുണ്ടെയെ മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്ക് അയച്ചതിന് പിന്നാലെയാണ് ധനഞ്ജയ് മുണ്ടെയെ വോര്‍ളിയില്‍ മത്സരിപ്പിക്കാന്‍ എന്‍.സി.പി തീരുമാനിച്ചത്.
സമാനമായാണ് സമീര്‍ ഭുജ്ബലിന്റെ സ്ഥാനാര്‍ത്ഥിതവും എന്‍.സി.പി തീരുമാനിച്ചത്. ഗവര്‍ണര്‍ ക്വാട്ടയില്‍ ഛഗന്‍ ഭുജ്ബലിന്റെ മകനായ പങ്കജ് ഭുജ്ബല്‍ മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. അതേസമയം യോളയില്‍ മത്സരിച്ച ഛഗന്‍ ഭുജ്ബല്‍ പരാജയപ്പെടുകയുമായിരുന്നു. ഈ സാഹചര്യത്തിലാണ് സമീറിന് ടിക്കറ്റ് നല്‍കാന്‍ അജിത് പവാര്‍ പക്ഷം തീരുമാനിച്ചത്.
കുടുംബ രാഷ്ട്രീയത്തില്‍ മഹായുതി സഖ്യത്തില്‍ നിന്ന് ഒട്ടും വ്യത്യസ്തമല്ല മഹാ അഘാഡി സഖ്യം. മുംബൈ കോണ്‍ഗ്രസ് അധ്യക്ഷയും എം.പിയുമായ വര്‍ഷ ഗെയ്ക്വാദിന്റെ സഹോദരി ജ്യോതി ഗെയ്ക്വാദാണ് മഹാരാഷ്ട്രയിലെ സുപ്രധാനമായ മണ്ഡലമായ ധാരാവിയില്‍ നിന്ന് മത്സരിക്കുന്നത്.
മുന്‍ മുഖ്യമന്ത്രി വിലാസ് റാവു ദേശ്മുഖിന്റെ മക്കളായ അമിത്, ധീരജ് എന്നിവരും കോണ്‍ഗ്രസ് പക്ഷത്ത് നിന്ന് സീറ്റ് നിലനിര്‍ത്തി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പഞ്ചാബ്‌റാവു ദേശ്മുഖിന്റെ മകന്‍ സുനില്‍ ദേശ്മുഖാണ് അമരാവതിയില്‍ നിന്ന് മത്സരിക്കുന്നത്.
മുന്‍ മന്ത്രിയായ ബാലാസാഹേബ് തോറാട്ട്, മുന്‍ മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്‍, രണ്ട് തവണ എം.എല്‍.എയായ കുനാല്‍ പാട്ടീല്‍ എന്നിവരെ യഥാക്രമം സംഗമംനേര്‍, കാരാട് സൗത്ത്, ധുലെ റൂറല്‍ എന്നീ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് മത്സരിപ്പിക്കുന്നുണ്ട്.
സിറ്റിങ് എം.എല്‍.എ സുനില്‍ കേദാറിന്റെ ഭാര്യ അനുജ കേദാറിനും കോണ്‍ഗ്രസ് ടിക്കറ്റ് നല്‍കിയിട്ടുണ്ട്. തസ്ഗാവ്-കവാത്തെ മഹങ്കലില്‍ മുന്‍ ഉപമുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ആര്‍.ആര്‍. പാട്ടീലിന്റെ മകന്‍ രോഹിത് പാട്ടീലിനെയാണ് എന്‍.സി.പി ശരദ് പവാര്‍ പക്ഷം മത്സരിപ്പിക്കുന്നത്. അതേസമയം രോഹിതിന്റെ അമ്മ സുമന്‍ പാട്ടീലാണ് നിലവിലെ മഹങ്കല്‍ എം.എല്‍.എ.
അഹല്യനഗരിയില്‍ പവാര്‍ കുടുംബത്തിലെ മറ്റൊരു അംഗമായ രോഹിത്തും ജനവിധി തേടുന്നുണ്ട്. ഒരേസമയം എന്‍.സി.പി എസ്.പിയുടെ ഭാഗ്യശ്രീയും അജിത് പവാര്‍ പക്ഷക്കാരനും മന്ത്രിയുമായ ധര്‍മറാവു ബാബ അത്രാമും നേര്‍ക്കുനേര്‍ മഹാരാഷ്ട്രയില്‍ മത്സരിക്കുന്നുണ്ട്.
വോര്‍ളിയില്‍ നിന്ന് ഉദ്ധവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെയെയാണ് യു.ബി.ടി മത്സരിപ്പിക്കുന്നത്. വാന്ദ്രെ ഈസ്റ്റില്‍ നിന്ന് ആദിത്യയുടെ ബന്ധുവായ വരുണ്‍ സര്‍ദേശായിയും മത്സരിക്കുന്നു.
ആദിത്യ താക്കറെ
വിക്രോളിയില്‍ ശിവസേന എം.പി സഞ്ജയ് റാവത്തിന്റെ സഹോദരന്‍ സുനില്‍ റാവത്തിനാണ് യു.ബി.ടി ടിക്കറ്റ് നല്‍കിയത്. ഇത്തരത്തില്‍ ഒരേമണ്ഡലത്തില്‍ പരസ്പരം മത്സരിച്ചും അടുത്തടുത്ത മണ്ഡലങ്ങളില്‍ മത്സരിച്ചും പങ്കാളികളെയും മക്കളെയും മത്സരിപ്പിച്ചും മഹാരാഷ്ട്രയിലെ കുടുംബവാഴ്ച തുടരുകയാണ്.
യുവതലമുറയുടെ പ്രാതിനിധ്യം ഉറപ്പുവരുത്തണമെന്ന് പറയുമ്പോഴും സംസ്ഥാനത്തെ മുഴുവന്‍ പാര്‍ട്ടികളും രാഷ്ട്രീയ അടിത്തറ പാകുന്നത് അവരുടെ കുടുംബങ്ങളില്‍ തന്നെയാണ്.
നവംബര്‍ 23ന് ഫലം പ്രഖ്യാപിക്കുമ്പോള്‍ മഹാരാഷ്ട്രയുടെ വിധിയെഴുത്ത് എന്താകുമെന്നാണ് ഇനി പരിശോധിക്കേണ്ടത്. 288 മണ്ഡലങ്ങളിലേക്ക് നടക്കുന്ന മത്സരത്തില്‍ ആരൊക്കെ വീഴും ആരൊക്കെ വാഴും എന്ന് കണ്ടറിയേണ്ടതുണ്ട്.
Content Highlight: Maharashtra election where family rule and dominance are not spared