national news
മഹാരാഷ്ട്രയില്‍ മന്ത്രിമാരെ നിര്‍ണയിക്കുന്നത് നാളെ; ആഭ്യന്തര മന്ത്രിയായി ഫഡ്‌നാവിസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Aug 08, 12:19 pm
Monday, 8th August 2022, 5:49 pm

മുംബൈ: മഹാരാഷ്ട്രയിലെ മന്ത്രിസഭ വികസനം നാളെ നടക്കും. ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ആകും ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുക. ശിവസേന-എന്‍.സി.പി-കോണ്‍ഗ്രസ് സഖ്യസര്‍ക്കാരിനെ താഴെയിറക്കിയാണ് നിലവിലെ ഷിന്‍ഡെ സര്‍ക്കാര്‍ അധികാരത്തിലെത്തിയിരിക്കുന്നത്. ഏക് നാഥ് ഷിന്‍ഡെ അധികാരത്തിലെത്തി 40 ദിവസങ്ങള്‍ക്ക് ശേഷമാണ് മന്ത്രിസഭ വികസിപ്പിക്കാന്‍ തീരുമാനമായത്.

ചൊവ്വാഴ്ച നടക്കുന്ന ചടങ്ങില്‍ പുതിയ മന്ത്രിമാര്‍ ചുമതലയേല്‍ക്കുമെന്നാണ് റിപ്പോര്‍ട്ട്. അഞ്ച് ബി.ജെ.പി അംഗങ്ങളായിരിക്കും മന്ത്രിസഭയിലുണ്ടാകുക. അഞ്ച് ശിവസേന എം.എല്‍.എമാര്‍ക്കും മന്ത്രിസ്ഥാനം ലഭിക്കും. മണ്‍സൂണിന് ശേഷമായിരിക്കും മന്ത്രിസഭയില്‍ കൂടുതല്‍ മന്ത്രിമാരെ ഉള്‍പ്പെടുത്തുക.

മന്ത്രിസഭ വികസനം സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ദേവേന്ദ്ര ഫഡ്‌നാവിസ് ദല്‍ഹിയിലെത്തി ബി.ജെ.പി നേതാക്കളെ കണ്ടിരുന്നു.

യോഗത്തില്‍ മുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡെ പങ്കെടുത്തിരുന്നില്ല. അതേസമയം വിമത എം.എല്‍.എമാരെ അയോഗ്യരാക്കണമെന്ന മുന്‍ മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഉദ്ധവ് താക്കറെ കോടതിയില്‍ ഹരജി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിസഭ വികസനം വൈകിയതെന്നാണ് ഷിന്‍ഡെയുടെ വിശദീകരണം.

മന്ത്രിസഭ വികസനത്തില്‍ ഷിന്‍ഡെ സര്‍ക്കാര്‍ അലസത കാണിക്കുന്നതിനെതിരെ
ശിവസേന വിഭാഗം വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിരുന്നു. മന്ത്രിമാരെ തീരുമാനിക്കുന്നതില്‍ ഷിന്‍ഡെയും ഫഡ്നാവിസും തമ്മില്‍ തര്‍ക്കമുണ്ടെന്നായിരുന്നു പ്രധാനമായും ഉയര്‍ന്ന ആരോപണം.

Content Highlight: maharashtra cabinet expansion to be done by tuesday