മോദിയെ വിമര്‍ശിച്ചതിന്റെ പേരില്‍ കോളേജ് മാഗസിന്‍ വിട്ടുകൊടുക്കാതെ പ്രസ് ഉടമകള്‍
Daily News
മോദിയെ വിമര്‍ശിച്ചതിന്റെ പേരില്‍ കോളേജ് മാഗസിന്‍ വിട്ടുകൊടുക്കാതെ പ്രസ് ഉടമകള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 6th August 2015, 2:23 pm

puram-modi1


തൃശൂര്‍: മോദി വിമര്‍ശനത്തിന്റെ പേരില്‍ തൃശൂര്‍ മഹാരാജാസ് പോളിടെക്‌നിക്കിലെ കോളജ് മാഗസിന്റെ പ്രിന്റു ചെയ്ത കോപ്പികള്‍ പ്രസ് ഉടമകള്‍ പിടിച്ചുവെച്ചെന്ന് ആരോപണം. വിദ്യാര്‍ഥികളില്‍ നിന്നും അഡ്വാന്‍സ് തുക വാങ്ങി പ്രിന്റു ചെയ്ത കോപ്പികളാണ് പ്രസ് അധികൃതര്‍ പിടിച്ചുവെച്ചിരിക്കുന്നത്.

തൃശൂരിലെ “എബ്‌നസര്‍” എന്ന പ്രസില്‍ ജൂലൈ 31നാണ് “പുറംമോടി” എന്ന പേരിലുള്ള മാഗസീന്റെ കോപ്പി പ്രിന്റ് ചെയ്യാനായി വിദ്യാര്‍ഥികള്‍ നല്‍കിയത്. ആഗസ്റ്റ് 3ന് പ്രിന്റു ചെയ്ത കോപ്പി നല്‍കാമെന്ന് ഉറപ്പുനല്‍കി പ്രസ് അഡ്വാന്‍സ് വാങ്ങിക്കുകയും ചെയ്തു. ഇതനുസരിച്ച് കോപ്പി വാങ്ങാന്‍ പോയ വിദ്യാര്‍ഥികളോട് മോദിയെ വിമര്‍ശിക്കുന്ന ഭാഗം ഒഴിവാക്കിയാല്‍ മാത്രമേ കോപ്പി നല്‍കുകയുള്ളൂവെന്ന് പ്രസ് ഉടമകള്‍ അറിയിക്കുകയായിരുന്നു.

കുന്നംകുളം പോളിടെക്‌നിക്കിലും ശ്രീകൃഷ്ണ കോളജിലും മോദി വിമര്‍ശനത്തിന്റെ പേരില്‍ മാഗസീനുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ സാംസ്‌കാരിക ഫാസിസത്തിനെതിരെ ഒരു ലേഖനം മാഗസീനില്‍ ഉള്‍പ്പെടുത്തിയിരുന്നു. പ്രമുഖ സാംസ്‌കാരിക പ്രവര്‍ത്തകരുടെ പ്രതികരണങ്ങള്‍ ഉള്‍പ്പെടുത്തിയായിരുന്നു ലേഖനം തയ്യാറാക്കിയത്. ഇതിനൊപ്പം ടോപ് ടെന്‍ ക്രിമിനല്‍സ് എന്നു ഗൂഗിളില്‍ സെര്‍ച്ചുചെയ്യുമ്പോള്‍ ആദ്യം ലഭിക്കുന്നത് മോദിയുടെ ചിത്രമാണെന്നു തെളിയിക്കുന്ന പ്രിന്റ് സ്‌ക്രീനും ഉള്‍പ്പെടുത്തിയിരുന്നു.

ഈ ആര്‍ട്ടിക്കിളിന്റെ പേരില്‍ മാഗസീന് കോളജ് അധികൃതരുടെ ഭാഗത്തുനിന്നും അവഗണന നേരിടേണ്ടി വന്നിരുന്നു. അധികൃതരുടെ അവഗണന കാരണം കഴിഞ്ഞവര്‍ഷം തയ്യാറാക്കിയ മാഗസിന്റെ പ്രകാശനം നീണ്ടുപോകുകയായിരുന്നു. ഈ ഭാഗം നീക്കം ചെയ്യാതെ മാഗസീന്‍ പ്രസിദ്ധീകരിക്കാനാവശ്യമായ ഫണ്ടും മറ്റു സഹായങ്ങളും നല്‍കില്ലെന്നായിരുന്നു അധികൃതരുടെ നിലപാട്. ഈ പ്രതിസന്ധിയെ മറികടന്ന് യൂണിയന്റെ ചിലവില്‍ മാഗസീന്‍ പുറത്തിറക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ഇതനുസരിച്ചാണ് പ്രിന്റ് ചെയ്യുന്നതിനായി പ്രസിനെ സമീപിച്ചത്. പ്രസ് അധികൃതര്‍ നല്‍കിയ ഉറപ്പ് വിശ്വസിച്ച് മൂന്നാം തിയ്യതി ചൊവ്വാഴ്ച മാഗസീന്റെ പ്രകാശന ചടങ്ങും തീരുമാനിച്ചിരുന്നു. ചൊവ്വാഴ്ച രാവിലെ പ്രസ് അധികൃതരുമായി ബന്ധപ്പെട്ടപ്പോള്‍ പ്രിന്റ് തയ്യാറായിട്ടുണ്ടെന്നും പ്രസ് അധികൃതര്‍ അറിയിച്ചതായി മഹാരാജാസ് പോളിടെക്‌നിക്കിലെ വിദ്യര്‍ത്ഥിയായിരുന്ന ശ്രീജിത്ത് ഡൂള്‍ ന്യൂസിനോടു പറഞ്ഞു. ഇതനുസരിച്ച് ഉച്ചയോടെ പ്രസിലെത്തിയ തങ്ങളോട് മോദിയെ വിമര്‍ശിക്കുന്ന പേജ് ഒഴിവാക്കാതെ മാഗസിന്‍ നല്‍കില്ലെന്ന് പ്രസ് അധികൃതര്‍ പറഞ്ഞു. അല്ലാത്തപക്ഷം അഡ്വാന്‍സ് തിരികെ നല്‍കാമെന്നും പറഞ്ഞു. എന്നാല്‍ ഇത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്നും വിദ്യാര്‍ഥികള്‍ വ്യക്തമാക്കി.

തുടര്‍ന്ന് നേരത്തെയെടുത്ത രണ്ട് കോപ്പികള്‍ വെച്ചാണ് മാഗസിന്‍ പ്രകാശന ചടങ്ങ് നടത്തിയത്. പിന്നീട് അഡ്വാന്‍സ് തിരികെ വാങ്ങാന്‍ വിദ്യാര്‍ഥികള്‍ പ്രസിനെ സമീപിച്ചപ്പോള്‍ പണം തിരിച്ചുനല്‍കാനാവില്ലെന്നും അവര്‍ അറിയിച്ചതായി വിദ്യാര്‍ഥികള്‍ പറഞ്ഞു.

പ്രസ് ഉടമയുടെ നിലപാട് അംഗീകരിക്കാനാവില്ല. മാഗസിന്‍ പ്രിന്റ് ചെയ്യാന്‍ പറ്റില്ലെങ്കില്‍ അത് നേരത്തെ അറിയിക്കണമായിരുന്നു. പ്രിന്റ് ചെയ്തു നല്‍കാമെന്ന വാഗ്ദാനം നല്‍കിയ വിദ്യാര്‍ഥികളെ വഞ്ചിക്കുകയാണ് അവര്‍ ചെയ്തത്. ഇതിനെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്നും വിദ്യാര്‍ഥികള്‍ വ്യക്തമാക്കി.