കുട്ടികളെ ലൈംഗികമായി അക്രമിച്ച മദ്രസ അധ്യാപകന് കനത്ത ശിക്ഷ നല്‍കണം; ഓള്‍ ഇന്ത്യ ഇമാം അസോസിയേഷന്‍
ന്യൂദല്‍ഹി: കുട്ടികളെ ലൈംഗികമായി അക്രമിച്ച സംഭവത്തില്‍ മദ്രസാ അധ്യാപകന്‍ യൂസഫിന് കനത്ത ശിക്ഷ ലഭിക്കണമെന്ന് ഓള്‍ ഇന്ത്യ ഇമാം അസോസിയേഷന്‍ (എ.ഐ.ഐ.എ). വിദ്യാര്‍ഥികളെ ലൈംഗികമായി ആക്രമിച്ചതിന് ആലുവ കടുങ്ങല്ലൂര്‍ സ്വദേശിയായ യൂസഫിനെ വൈക്കം തലയോലപറമ്പ് പൊലീസ് കഴിഞ്ഞ ദിവസമാണ് അറസ്റ്റ് ചെയ്തത്.
‘അയാള്‍ ഒരു കുറ്റവാളിയാണ്. അതിന് തക്കതായ ശിക്ഷ അയാള്‍ക്ക് ലഭിക്കണം’- എ.ഐ.ഐ.എ പ്രസിഡന്റ് മുഹമ്മദ് സാജിദ് റാഷിദി പറഞ്ഞതായി എ.എന്‍.ഐ റിപ്പോര്‍ട്ടു ചെയ്യുന്നു. ഇയാളെ ശിക്ഷിക്കുന്നത് ഭാവിയില്‍ ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നതില്‍ നിന്നും ആളുകളെ തടയുമെന്നും റാഷിദി പറയുന്നു.
അഞ്ച് മാസത്തിലേറെ യൂസഫ് ആണ്‍കുട്ടികളെ അടക്കം ലൈംഗികമായി അക്രമിച്ചതായാണ് പരാതി.
അക്രമണത്തിനിരയായ പെണ്‍കുട്ടി വീട്ടില്‍ വിവരമറിയിച്ചതോടെയായിരുന്നു സംഭവം പുറത്തായത്. സംഭവം അറിഞ്ഞ മാതാപിതാക്കള്‍ ആദ്യം മഹല്ല് കമ്മറ്റിയില്‍ പരാതി നല്‍കി. ഇതോടെ അധ്യാപകനെ പുറത്താക്കി.
തുടര്‍ന്ന് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതറിഞ്ഞ യൂസഫ് ഒളിവില്‍ പോയെങ്കിലും, സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ ഇയാളെ കൊടുങ്ങല്ലൂരില്‍ വെച്ച് അറസ്റ്റു ചെയ്യുകയായിരുന്നു.
രണ്ട് വര്‍ഷം മുമ്പാണ് യൂസഫ് അധ്യാപകനായി മണകുന്നത്ത് എത്തുന്നത്. മദ്രസയില്‍ പഠിപ്പിക്കുന്നതിനിടെയുള്ള സമയത്തായിരുന്നു കുട്ടികളെ യൂസഫ് ലൈംഗികമായി അക്രമിച്ചിരുന്നത്.
ജനുവരി മുതല്‍ രണ്ടാഴ്ച മുമ്പ് വരെ പല ദിവസങ്ങളിലായി ലൈംഗികാക്രമണം നടന്നുവെന്നാണ് പൊലിസ് കണ്ടെത്തിയത്. എന്നാല്‍ ഒരു കുട്ടിയുടെ മാതാപിതാക്കള്‍ മാത്രമാണ് പൊലീസിന് പരാതി നല്‍കിയത്.