national news
രക്തം സ്വീകരിച്ച ഗര്‍ഭിണിയ്ക്ക് എച്ച്.ഐ.വി ബാധിച്ച സംഭവം; 25 ലക്ഷം രൂപയും വീടും ജോലിയും നല്‍കാന്‍ കോടതി ഉത്തരവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Jul 26, 05:40 pm
Friday, 26th July 2019, 11:10 pm

ചെന്നൈ: വിരുദുനഗറിലെ സാത്തൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍നിന്ന് രക്തം സ്വീകരിച്ച ഗര്‍ഭിണിക്ക് എച്ച്.ഐ.വി. ബാധയുണ്ടായ സംഭവത്തില്‍ ഇരയ്ക്ക് 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും സര്‍ക്കാര്‍ ജോലിയും വീടും നിര്‍മിച്ച് നല്‍കാന്‍ മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്.

10 ലക്ഷം രൂപ യുവതിയുടെ പേരിലും 15 ലക്ഷം രൂപ രണ്ട് കുട്ടികളുടെ പേരിലുമാണ് നല്‍കേണ്ടത്. 450 സ്‌ക്വയര്‍ ഫീറ്റില്‍ കുറയാത്ത വീട് നിര്‍മിച്ച് നല്‍കണമെന്നും ജനുവരി 11നകം ഉത്തരവ് നടപ്പാക്കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.

മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിലെ ജസ്റ്റിസുമാരായ എന്‍. കിരുബകരന്‍, എസ്.എസ്. സുന്ദര്‍ എന്നിവരുടേതാണ് വിധി.

2018ല്‍ ശിവകാശിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ നല്‍കിയ രക്തം സ്വീകരിച്ച സമയത്താണ് യുവതിയ്ക്ക് എച്ച്.ഐ.വി. ബാധയുണ്ടായത്. സംഭവത്തില്‍ രക്തം നല്‍കിയ പത്തൊമ്പതുകാരനായ യുവാവ് ആത്മഹത്യ ചെയ്തിരുന്നു. എച്ച്.ഐ.വി ബാധയുണ്ടെന്ന് അറിഞ്ഞിരുന്നില്ലെന്നും അറിഞ്ഞിരുന്നുവെങ്കില്‍ ഒരിക്കലും രക്തം നല്‍കാന്‍ തയ്യാറാകില്ലായിരുന്നുവെന്ന് യുവാവ് പറഞ്ഞിരുന്നു.