Entertainment news
രാത്രിവരെ ഷൂട്ട് ചെയ്ത് മടുത്തിരുന്ന സമയത്ത് പത്തിരുന്നൂറ് ഫാന്‍സ് പുള്ളിയെ കാണാന്‍ വന്നു; അദ്ദേഹം ചെയ്തതില്‍ നിന്നാണ് ഞാനും ആ പാഠം പഠിച്ചത്: മഡോണ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Oct 22, 04:30 am
Saturday, 22nd October 2022, 10:00 am

മലയാളത്തിലൂടെ അരങ്ങേറ്റം കുറിച്ച് തമിഴിലും മറ്റ് സൗത്ത് ഇന്ത്യന്‍ ഭാഷകളിലും ശ്രദ്ധേയ സാന്നിധ്യമായി മാറിയ താരമാണ് മഡോണ സെബാസ്റ്റിയന്‍. നടിയെന്നതിന് പുറമെ ഗായികയായും താരം പ്രേക്ഷകര്‍ക്ക് പരിചിതയാണ്.

തമിഴ് സൂപ്പര്‍താരം വിജയ് സേതുപതിക്കൊപ്പം കാതലും കടന്തു പോഗും, കാവന്‍, ജുങ്ക എന്നീ ചിത്രങ്ങളില്‍ മഡോണ വേഷമിട്ടിട്ടുണ്ട്.

വിജയ് സേതുപതിക്കൊപ്പം അഭിനയിച്ചപ്പോള്‍ അദ്ദേഹത്തില്‍ നിന്നും പഠിച്ച കാര്യങ്ങളെ കുറിച്ച് സംസാരിക്കുകയാണ് ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ മഡോണ.

”ഭയങ്കര സ്‌നേഹമാണ് പുള്ളിക്ക്. എല്ലാവരോടും പൊതുവെ നല്ല അഫക്ഷനേറ്റാണ്. വളരെ ഡൗണ്‍ ടു എര്‍ത്താണ്.

അദ്ദേഹത്തില്‍ നിന്ന് ഞാന്‍ ഒരു കാര്യവും പഠിച്ചിട്ടുണ്ട്. ഒരിക്കല്‍ ഒരുദിവസം ഞങ്ങള്‍ രാത്രി ഒരു പതിനൊന്നര വരെ ഷൂട്ട് ചെയ്തു. അപ്പോഴേക്കും മടുത്തിരുന്നു, ഭയങ്കര അവശതയായിരുന്നു.

അന്ന് മദ്രാസിലേക്ക് യാത്ര ചെയ്ത് അടുത്ത ദിവസം രാവിലെ അവിടെ ഷൂട്ടിങ് തുടങ്ങണമായിരുന്നു. അപ്പോഴാണ് പുള്ളിയെ കാണാന്‍ വേണ്ടി ഒരു പത്തിരുന്നൂറ് ഫാന്‍സ് വന്നത്.

ഞങ്ങള്‍ വണ്ടിയില്‍ കയറിയിരുന്ന സമയത്ത് തന്നെ ആളുകളിങ്ങനെ കൂട്ടത്തോടെ വരുന്നത് കാണാമായിരുന്നു. ഞങ്ങളെല്ലാം ഷൂട്ട് കഴിഞ്ഞ് നല്ലോണം മടുത്തിരിക്കുന്ന സമയമായിരുന്നു.

പക്ഷെ പുള്ളി വണ്ടിയില്‍ നിന്നിറങ്ങി, അവരോട് ‘വാ’ എന്ന് പറഞ്ഞു. എല്ലാവരെയും കൊണ്ടുപോയി ഓരോരുത്തരുടെയും കൂടെ സെല്‍ഫിയെടുത്ത് അവരെ വിട്ടു. ഇതൊരു രണ്ടര മൂന്നുമണി വരെ നീണ്ടു.

ഇങ്ങനെയൊക്കെ നമ്മളും ചെയ്യണം എന്ന് ഞാന്‍ അവിടെ നിന്നാണ് പഠിച്ചത്, ഇരുന്നൂറ് പേര്‍ക്കൊന്നും സെല്‍ഫി കൊടുത്തില്ലെങ്കിലും. അദ്ദേഹത്തിന് വരെ ഇത് ചെയ്യാമെങ്കില്‍ നമ്മളൊക്കെ കുറച്ചുകൂടി താഴ്മ കാണിക്കേണ്ടേ. ഫാന്‍സിന് വേണ്ടി ഇത്രയെങ്കിലും ചെയ്യേണ്ടേ എന്ന്,” മഡോണ പറഞ്ഞു.

നിലവില്‍ ടൊവിനോ തോമസിനൊപ്പം ഐഡന്റിറ്റി എന്ന സിനിമയിലാണ് മഡോണ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

Content Highlight: Madonna Sebastian talks about Vijay Sethupathi