വിശ്വാസ വോട്ടെടുപ്പ്; മധ്യപ്രദേശില്‍ രണ്ട് എം.എല്‍.എമാര്‍ക്ക് കൊവിഡ് ലക്ഷണമെന്ന് കോണ്‍ഗ്രസ്
national news
വിശ്വാസ വോട്ടെടുപ്പ്; മധ്യപ്രദേശില്‍ രണ്ട് എം.എല്‍.എമാര്‍ക്ക് കൊവിഡ് ലക്ഷണമെന്ന് കോണ്‍ഗ്രസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 15th March 2020, 11:35 pm

ഭോപ്പാല്‍: മധ്യപ്രദേശില്‍ തിങ്കളാഴ്ച വിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കെ എം.എല്‍.എമാര്‍ക്ക് കൊവിഡ് ബാധയുണ്ടെന്ന് സംശയിക്കുന്നതായി കോണ്‍ഗ്രസ്. രണ്ടു എം.എല്‍.എമാര്‍ക്ക് കൊവിഡ് ബാധയുണ്ടെന്ന് സംശയമുണ്ടെന്നാണ് സര്‍ക്കാര്‍ പറയുന്നത്. കോണ്‍ഗ്രസ് എം.എല്‍.എമാരെ ഞായറാഴ്ച പരിശോധയ്ക്ക് വിധേയമാക്കി.

തിങ്കളാഴ്ച ആരംഭിക്കാനിരിക്കുന്ന നിയമസഭ കൊവിഡ് ഭീതിമൂലം നിര്‍ത്തിവെക്കാന്‍ സാധ്യതയുണ്ടെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. അതിനിടയിലാണ് എം.എല്‍.എമാര്‍ക്ക് കൊവിഡ് സംശയിക്കുന്നതായി കോണ്‍ഗ്രസ് പറയുന്നത്.

കഴിഞ്ഞ കുറെ ദിവസങ്ങളായി ജയ്പൂരില്‍ തങ്ങിയിരുന്ന കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ഭോപ്പാലിലേക്ക് തിരികെ വന്നിരുന്നു. അവരെ ഹോട്ടലില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.

സംസ്ഥാന ആരോഗ്യമന്ത്രി തരുണ്‍ ഭാനട്ട് അവരെ പരിശോധിക്കാനായി ഒരു സംഘം ഡോക്ടര്‍മാരെ ഹോട്ടലിലേക്ക് അയച്ചിരുന്നു.

ജയ്പൂരില്‍ നിന്നും മടങ്ങിയെത്തിയ എം.എല്‍.എമാരും ബംഗളൂരുവിലേക്കും ഹരിയാനയിലേക്കും പോയവരും കൊറോണ ടെസ്റ്റിന് വിധേയമാകണമെന്ന് മധ്യപ്രദേശിലെ പബ്ലിക് റിലേഷന്‍ മന്ത്രി പി.സി ശര്‍മ്മയും പറഞ്ഞു.

ജയ്പൂരിലും ഹരിയാനയിലും വൈറസ് പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ പരിശോധിക്കേണ്ടത് അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു.
കൊവിഡിനെ ലോകാരോഗ്യ സംഘടന ഒരു മഹാമാരിയായി പ്രഖ്യാപിച്ചിട്ടുണ്ടെന്നും സ്‌കൂളുകളും, കോളേജുകളും താല്‍ക്കാലികമായി അടച്ചുപൂട്ടിയിട്ടുണ്ടെന്നും 20 ലധികം ആളുകളെ ശേഖരിക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ എന്നിവ ഉള്‍പ്പെടെ നിരവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൊവിഡ് ഭീതിയെ തുടര്‍ന്ന് ഒഡീഷ, ഛത്തീസ്ഗഡ് കേരളം, മഹാരാഷ്ട്ര, എന്നീ നിയമസഭകള്‍ നിര്‍ത്തിവെച്ചിട്ടുണ്ടെന്നും അതുകൊണ്ട് ഇതും നിര്‍ത്തിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തിങ്കളാഴ്ച തന്നെ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ഗവര്‍ണര്‍ ലാല്‍ജി ടണ്ടന്‍ പറഞ്ഞിരുന്നു. സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടപെട്ടെന്ന് മനസിലായെന്നും മുഖ്യമന്ത്രി കമല്‍നാഥിന് നല്‍കിയ ഉത്തരവില്‍ ഗവര്‍ണര്‍ പറയുന്നുണ്ട്.

ആര്‍ട്ടിക്കിള്‍ 175 പ്രകാരം പ്രത്യേക അധികാരം ഉപയോഗിച്ചാണ് ഗവര്‍ണറുടെ നടപടി. ശനിയാഴ്ച അര്‍ധരാത്രിയാണ് ഗവര്‍ണര്‍ കമല്‍നാഥിന് വിശ്വാസവോട്ടെടുപ്പ് തേടണമെന്ന് ആവശ്യപ്പെട്ടുള്ള കത്ത് കൈമാറിയത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

എം.എല്‍.എമാര്‍ രാജിവെച്ചതോടെ സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടെന്നും തുടര്‍ന്ന് ഭരിക്കാന്‍ അവകാശമില്ലെന്നും ബി.ജെ.പി നേതാക്കള്‍ ഗവര്‍ണറെ അറിയിച്ചിരുന്നു. ബി.ജെ.പിയുടെ ആരോപണം ശരിവെച്ച ഗവര്‍ണര്‍ ന്യൂനപക്ഷ സര്‍ക്കാരാണ് നിലവിലുള്ളതെന്നും കത്തില്‍ ചൂണ്ടിക്കാട്ടി.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ