ജയ്പൂര്‍: കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് വിചിത്ര ഉപദേശവുമായി മധ്യപ്രദേശ് ബി.ജെ.പി എം.എല്‍.എ പന്ന ലാൽ ശാക്യ. കോളേജ് ബിരുദം കൊണ്ട് പ്രത്യേകിച്ച് ഉപയോഗമൊന്നുമില്ലെന്നും പഞ്ചര്‍ കട തുടങ്ങുന്നതാണ് നല്ലതെന്നും പന്ന ലാൽ ശാക്യ പറഞ്ഞു. പി.എം കോളേജ് ഓഫ് എക്സലന്‍സ് ഉദ്ഘാടന ചടങ്ങിനിടെയാണ് ബി.ജെ.പി എം.എല്‍.എയുടെ പരാമര്‍ശം.
‘ഞാന്‍ പറയുന്ന ഈ കാര്യം എല്ലാവരും മനസില്‍ സൂക്ഷിക്കുക. കോളേജ് ബിരുദം കൊണ്ട് ഒന്നും നേടാന്‍ കഴിയില്ല. പകരം ഒരു മോട്ടോര്‍ സൈക്കിള്‍ പഞ്ചര്‍-റിപ്പയര്‍ ഷോപ്പ് തുറക്കുക. കുറഞ്ഞത് ജീവിക്കാനുള്ള പണമെങ്കിലും അതില്‍ നിന്ന് കിട്ടും,’ എന്നാണ് പന്ന ലാൽ ശാക്യ പറഞ്ഞത്.
ഇത്തരം വിചിത്രമായ പരാമര്‍ശങ്ങളില്‍ ഇതിനുമുമ്പും ബി.ജെ.പി എം.എല്‍.എ വിവാദത്തിലായിട്ടുണ്ട്.
2017ല്‍ ക്രിക്കറ്റ് താരം വിരാട് കോഹ്ലിയും നടി അനുഷ്‌ക ശര്‍മയും ദേശസ്‌നേഹികളല്ലെന്ന ശാക്യയുടെ പരാമര്‍ശം വലിയ വിവാദമായിരുന്നു. ഇരുവരും രാജ്യത്തിന് പുറത്താണ് വിവാഹിതരായതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ശാക്യയുടെ പ്രസ്താവന.
2018ല്‍, അര്‍പ്പണബോധവും ദാനധര്‍മവും ധീരതയും ഇല്ലാത്ത കുട്ടികള്‍ക്ക് ജന്മം നല്‍കുന്നതിനേക്കാള്‍ നല്ലത് സ്ത്രീകള്‍ക്ക് കുട്ടികളില്ലാതിരിക്കുന്നതാണെന്നും ബി.ജെ.പി എം.എല്‍.എ പറഞ്ഞിരുന്നു.
‘സമൂഹത്തില്‍ അപകടങ്ങള്‍ ഉണ്ടാക്കുന്നതിനും തിന്മകള്‍ പ്രചരിപ്പിക്കുന്നതിനുമായി സ്ത്രീകള്‍ കുട്ടികളെ ജനിപ്പിക്കരുത്, ഇത് എന്റെ അഭ്യര്‍ത്ഥനയാണ്,’ എന്നാണ് പന്നാലാല്‍ ശാക്യ ശാക്യ പറഞ്ഞത്. ഇതിനുപുറമെ സ്ത്രീകള്‍ക്ക് കാമുകന്മാരുള്ളത് കൊണ്ടാണ് രാജ്യത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതെന്ന പ്രസ്താവനയും പന്ന ലാൽ ശാക്യ നടത്തിയിരുന്നു.
അതേസമയം മധ്യപ്രദേശിലെ 55 ജില്ലകളിലെ പ്രധാനമന്ത്രി കോളേജ് ഓഫ് എക്‌സലന്‍സ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വെര്‍ച്വലായാണ് ഉദ്ഘാടനം ചെയ്തത്. ഇന്ദോരിലെ അടല്‍ ബിഹാരി വാജ്പേയി ഗവ. ആര്‍ട്‌സ് ആന്റ് കോമേഴ്സ് കോളേജായിരുന്നു പ്രധാന വേദി. എന്നാല്‍ ഗുണ ഉള്‍പ്പെടെയുള്ള ഏതാനും ജില്ലകളില്‍ പ്രത്യേകം ഉദ്ഘാടന ചടങ്ങ് സംഘടിപ്പിക്കുകയായിരുന്നു.
Content Highlight: Madhya Pradesh BJP MLA Pannalal Shakya has some strange advice for college students