കൊച്ചി: മലയാളത്തിലെ എല്ലാ താരങ്ങളെയും അണിനിരത്തി ജോഷി സംവിധാനം ചെയ്ത ചിത്രമായിരുന്നു ട്വന്റി-ട്വന്റി. ലോക സിനിമാ ചരിത്രത്തില്‍ തന്നെ അപൂര്‍വ്വമായി സംഭവിച്ച ഒരു പ്രതിഭാസമാണ് ഈ ചിത്രമെന്നാണ് ചലച്ചിത്ര ആരാധകര്‍ പറയുന്നത്.
ട്വന്റി-ട്വന്റി ചിത്രവുമായി ബന്ധപ്പെട്ട ഓര്‍മ്മകള്‍ പങ്കുവെയ്ക്കുകയാണ് നടനും സംവിധായകനുമായ മധുപാല്‍. മാസ്റ്റര്‍ ബിന്‍ യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഓര്‍മ്മകള്‍ പങ്കുവെച്ചത്.
‘അമ്മ എന്ന മലയാള സിനിമയിലെ ആര്‍ട്ടിസ്റ്റ് അസോസിയേഷന്റെ പ്രോജക്ടായിരുന്നു ട്വന്റി-ട്വന്റി. ആ സിനിമയില്‍ ഒരു പ്രാധാന്യമുള്ള കഥാപാത്രം അവതരിപ്പിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്.
ജോഷി സാറിന്റെ രണ്ട് സിനിമയിലാണ് ഞാന്‍ അഭിനയിച്ചിട്ടുള്ളത്. ഇത്രയധികം താരങ്ങളെ വെച്ച് , ഓരോ നടന്‍മാര്‍ക്കും വേണ്ടത്ര പ്രാധാന്യം കൊടുത്തുള്ള ഒരു ഫ്രെയിമിംഗ് ഉണ്ടല്ലോ. അവിടെയാണ് ഒരു സംവിധായകന്റെ മിടുക്ക്.
ഒരാള്‍ പോലും അഭിനയത്തിന്റെ കാര്യത്തില്‍ കുറച്ച് കുറഞ്ഞുപോയി എന്നോ ഓവര്‍ ആയെന്നോ തോന്നാത്ത രീതിയിലാണ് ജോഷി സാര്‍ ഇടപെട്ടത്. മലയാള സിനിമയിലെ രണ്ട് തൂണുകളായ മോഹന്‍ലാലിനെയും മമ്മൂട്ടിയേയും നിലനിര്‍ത്തിക്കൊണ്ടാണ് ആ ചിത്രമെടുത്തിരിക്കുന്നത്.
ലോകസിനിമയില്‍ തന്നെ ഇങ്ങനെയൊരു സിനിമയെടുക്കാന്‍ കഴിയുമോ എന്ന കാര്യം എനിക്ക് സംശയമാണ്. ജോഷി സാറിന്റെ മിടുക്ക് തന്നെയാണ് ആ സിനിമയുടെ ഗ്രാഫ് ഉയര്‍ത്തിയത് ,’ മധുപാല്‍ പറയുന്നു.
ട്വന്റി-ട്വന്റി പോലെയൊരു പ്രോജക്ട് ജോഷിയ്ക്ക് മാത്രമെ ചെയ്യാന്‍ കഴിയൂ എന്ന് വിശ്വസിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് അതെ എന്നായിരുന്നു മധുപാലിന്റെ പ്രതികരണം.
‘ഞാനിപ്പോള്‍ മലയാള സിനിമയില്‍ അങ്ങനെ കരുതുന്നുണ്ട്. ആര്‍ട്ടിസ്റ്റുകളെ നിയന്ത്രിക്കുന്ന കാര്യത്തില്‍ മാത്രമല്ല. ചില മനുഷ്യന്‍മാര്‍ക്ക് ഒരു ലെജന്‍ഡറി പവര്‍ ഉണ്ട്.
എല്ലാവര്‍ക്കും കിട്ടുന്ന കാര്യമല്ല. അങ്ങനയൊരു പവര്‍ ഉള്ള മനുഷ്യനാണ്. ആകാശം ഇടിഞ്ഞുവീഴുന്നുണ്ടെന്ന് പറഞ്ഞാലും ആ വരുന്നുണ്ടോ വരട്ടെ എന്ന നിലപാട് സ്വീകരിക്കാന്‍ കഴിയുന്ന ഒരു മനോഭാവമാണ് ജോഷി സാറിന്. അത് നിസ്സാരമൊന്നുമല്ല,’ മധുപാല്‍ പറഞ്ഞു.