Entertainment
എങ്ങനെയെങ്കിലും ഓക്കെയായാല്‍ മതിയെന്ന് വിചാരിച്ച് പറഞ്ഞ ആ ഡയലോഗ് ഇത്ര ഹിറ്റാകുമെന്ന് കരുതിയില്ല: മാധവന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Mar 13, 02:24 am
Thursday, 13th March 2025, 7:54 am

തമിഴിലെ മികച്ച താരങ്ങളിലൊരാളാണ് മാധവന്‍. ചോക്ലേറ്റ് ഹീറോയായാണ് മാധവന്‍ സിനിമയിലേക്കെത്തിയത്. അലൈപായുതേ, മിന്നലേ, കന്നത്തില്‍ മുത്തമിട്ടാല്‍ എന്നീ ചിത്രങ്ങളിലൂടെ റൊമാന്റിക് ഹീറോയായി തിളങ്ങിയ മാധവന്‍ ലിംഗുസാമി സംവിധാനം ചെയ്ത റണ്‍ എന്ന ചിത്രത്തിലൂടെ ആക്ഷന്‍ റോളുകളും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ചു. തമിഴിന് പുറമെ കന്നഡ, തെലുങ്ക്, മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലും തന്റെ സാന്നിധ്യമറിയിച്ചു. റോക്കട്രി എന്ന ചിത്രത്തിലൂടെ സംവിധാനത്തിലും തന്റെ കയ്യൊപ്പ് പതിപ്പിച്ചു.

തമിഴില്‍ മാധവന്റെ ആദ്യ ചിത്രമായിരുന്നു അലൈപായുതേ. മണിരത്‌നം സംവിധാനം ചെയ്ത റൊമാന്റിക് ചിത്രം ഇന്നും സിനിമാപ്രേമികള്‍ക്കിടയില്‍ വലിയ ഇംപാക്ടുള്ള ഒന്നാണ്. മാധവന്‍- ശാലിനി ജോഡിയെ ആഘോഷിക്കുന്ന പലരും ഇന്നും ഉണ്ട്. ചിത്രത്തിലെ പ്രൊപ്പോസല്‍ സീന്‍ പലരുടെയും ഫേവറെറ്റാണ്. ഷൂട്ടിന്റെ സമയത്ത് ആ ഡയലോഗ് എങ്ങനെയെങ്കിലും പറഞ്ഞ് തീര്‍ത്താല്‍ മതിയെന്ന ചിന്തയായിരുന്നെന്ന് പറയുകയാണ് മാധവന്‍.

രണ്ട് ട്രെയിന്‍ ആ സീനിനായി ഉപയോഗിച്ചെന്ന് മാധവന്‍ പറഞ്ഞു. ഒരു ട്രെയിനിന്റെ അകത്ത് ക്യാമറ വെച്ച് ഷൂട്ട് ചെയ്ത സീനായിരുന്നു അതെന്നും രണ്ട് ട്രെയിനിന്റെയും ടൈമിങ്ങും തന്റെ ഡയലോഗും ഒരുപോലെ സിങ്ക് ആകണമായിരുന്നെന്നും മാധവന്‍ കൂട്ടിച്ചേര്‍ത്തു. ഡയലോഗ് പറഞ്ഞ ശേഷം ഓടുന്ന ട്രെയിനിലേക്ക് ചാടിക്കയറുന്നതാണ് സീനിന്റെ അവസാനമെന്നും മാധവന്‍ പറഞ്ഞു.

തന്റെ ഡയലോഗിന്റെ ടൈമിങ് തെറ്റിയാല്‍ ട്രെയിന്‍ വീണ്ടും അതേ സ്ഥലത്തെത്താന്‍ ഒരു മണിക്കൂറോളം വേണ്ടിവരുമെന്നും അതിന്റെ ടെന്‍ഷന്‍ നല്ലവണ്ണം ഉണ്ടായിരുന്നെന്നും മാധവന്‍ കൂട്ടിച്ചേര്‍ത്തു. എങ്ങനെയെങ്കിലും പറഞ്ഞ് തീര്‍ത്ത് അടുത്ത ട്രെയിനിലേക്ക് ഓടിക്കയറി ആ സീന്‍ പൂര്‍ത്തിയാക്കിയെന്നും ഭാവിയില്‍ ആ സീന്‍ ഇത്ര ഹിറ്റാകുമെന്ന് അറിയില്ലായിരുന്നെന്നും മാധവന്‍ പറഞ്ഞു. കുമുദം ചാനലിനോട് സംസാരിക്കുകയായിരുന്നു മാധവന്‍.

‘അലൈപായുതേയിലെ പ്രൊപ്പോസല്‍ സീന്‍ എങ്ങനെയെങ്കിലും തീര്‍ത്താല്‍ മതിയെന്ന ചിന്തയിലാണ് ഞാന്‍ ചെയ്തത്. കാരണം, ശാലിനി പോകുന്ന ട്രെയിനിന്റെ ഉള്ളില്‍ ക്യാമറ വെച്ചിട്ടുണ്ട്. എന്നെയും ശാലിനിയെയും അടുത്ത ട്രെയിനെയും ഒറ്റ ഫ്രെയിമില്‍ വരുന്ന രീതിയിലാണ് ക്യാമറ സെറ്റ് ചെയ്തത്. ഞാന്‍ ഡയലോഗ് പറഞ്ഞ് കഴിഞ്ഞിട്ട് അടുത്ത ട്രെയിനില്‍ ഓടിക്കയറണം.

ഇതില്‍ ഏതെങ്കിലും ഒന്നിന്റെ ടൈമിങ് തെറ്റിയാല്‍ ആ ട്രെയിന്‍ തിരിച്ചുവന്നിട്ടേ വീണ്ടും സീന്‍ എടുക്കാന്‍ പറ്റുള്ളൂ. അതിന് ഒരുമണിക്കൂറോളം വേണ്ടിവരും. എനിക്ക് അത് ആലോചിച്ചപ്പോള്‍ ടെന്‍ഷനായി. എങ്ങനെയോ ഒരുവിധത്തില്‍ ആ ഡയലോഗ് പറഞ്ഞ് തീര്‍ത്തിട്ട് ആ ട്രെയിനിലേക്ക് ഓടിക്കയറി. പിന്നീട് ആ പ്രൊപ്പോസല്‍ സീന്‍ ഇത്ര ട്രെന്‍ഡിങ്ങാകുമെന്നൊന്നും അറിയില്ലായിരുന്നു,’ മാധവന്‍ പറഞ്ഞു.

Content Highlight: Madhavan about the proposal scene in Alaipayuthey movie