മാമന്നന് തമിഴ്നാട്ടിൽ നിന്നും 50 കോടി; കേരളത്തിൽ നിന്നും നേടിയത്
Film News
മാമന്നന് തമിഴ്നാട്ടിൽ നിന്നും 50 കോടി; കേരളത്തിൽ നിന്നും നേടിയത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 24th July 2023, 10:22 pm

റിലീസ് ചെയ്ത് 25 ദിവസം പിന്നിടുമ്പോൾ തമിഴ്നാട്ടിൽ നിന്ന് മാത്രം 50 കോടി കളക്ഷനുമായി മാരി സെൽവരാജ് ചിത്രം മാമന്നൻ. ഉദയനിധി സ്റ്റാലിൻ, വടിവേലു, ഫഹദ് ഫാസിൽ എന്നിവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രം ആഗോള ബോക്സ്ഓഫീസിൽ നിന്ന് 25 ദിവസം കൊണ്ട് 71.5 കോടിയോളം രൂപ സ്വന്തമാക്കിയെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്.

ഇതിൽ 50 കോടി തമിഴ്നാട്ടിൽ നിന്ന് സ്വന്തമാക്കിയപ്പോൾ
കേരളത്തിൽ നിന്ന് ചിത്രം സ്വന്തമാക്കിയത് 2.5 കോടി രൂപയാണ്. ചിത്രത്തിന് കർണാടകയിൽ നിന്ന് ലഭിച്ചത് ആകട്ടെ 3.7 കോടി രൂപയും. ആന്ധ്രാപ്രദേശിൽ നിന്ന് ചിത്രം വാരിക്കൂട്ടിയത് 2 കോടി രൂപയാണ്. ഇന്ത്യയിൽ ചിത്രത്തിന് ഏറ്റവും കുറവ്‌ കളക്ഷൻ ലഭിച്ചത് നോർത്ത് ഇന്ത്യയിൽ നിന്നാണ് ചിത്രത്തിന്റെ നോർത്ത് ഇന്ത്യ കളക്ഷൻ 0.75 കോടിയാണ്.

സിനിമ ട്രാക്കിങ് ട്വിറ്റർ പേജായ സിനിട്രാക്കാണ് മാമന്നന്റെ 25 ദിവസത്തെ ആഗോള കളക്ഷൻ റിപ്പോർട്ട് പുറത്തുവിട്ടത്. ഇന്ത്യയിൽ നിന്നും ചിത്രത്തിന് ലഭിച്ചത് 59 കോടി രൂപയാണ്. നോർത്ത് അമേരിക്ക, ഗൾഫ് ഉൾപ്പടെയുള്ള അന്താരാഷ്ട്ര മാർക്കറ്റിൽ നിന്നും ചിത്രത്തിന് 12.5 കോടി രൂപയും ലഭിച്ചു.

ഇതോടെ 2023 തമിഴ്നാട്ടിൽ നിന്നും ഏറ്റവുമധികം കളക്ഷൻ നേടിയ നാലാമത്തെ ചിത്രമെന്ന റെക്കോഡും മാമന്നൻ സ്വന്തമാക്കിയിരിക്കുകയാണ്. വാരിസ്, പൊന്നിയിൻ സെൽവൻ 2, തുനിവ് എന്നിവയാണ് മാമന്നന് മുന്നിലുള്ള മറ്റ് ചിത്രങ്ങൾ.

മാമന്നന്റെ വിജയത്തിന് പിന്നാലെ ചിത്രത്തിന്റെ നിർമാതാവ് കൂടിയായ ഉദയനിധി സ്റ്റാലിൻ മാരിസെൽവരാജിന് മിനി കൂപ്പർ കാർ സമ്മാനമായി നൽകിയത് വലിയ വാർത്തയായിരുന്നു.

കീർത്തി സുരേഷാണ് ചിത്രത്തിലെ നായിക. എ.ആർ. റഹ്മാനാണ് ചിത്രത്തിന് സംഗീതം നൽകിയത്. ഉദയനിധിയുടെ റെഡ് ജയന്റ് മൂവീസാണ് ചിത്രത്തിന്റെ നിർമാണം. തേനി ഈശ്വറാണ് ഛായഗ്രഹണം നിർവ്വഹിച്ചത്. ഉദയനിധി സ്റ്റാലിന്റെ അവസാന ചിത്രം കൂടിയായ മാമന്നൻ ജൂൺ 29ന് ബക്രീദ് ദിനത്തിലായിരുന്നു തിയേറ്ററുകളിൽ റിലീസ് ചെയ്തത്.

Content Highlight: Maamannan 25 days full box office collection