തിരുവനന്തപുരം: വ്യക്തമായ ഒരു തെളിവുമില്ലാതെയാണ് മലയാളി മാധ്യമപ്രവര്‍ത്തകനായ സിദ്ദീഖ് കാപ്പനെ ഉത്തര്‍പ്രദേശ് പൊലീസ് യുഎപിഎ ചുമത്തി അറസ്റ്റു ചെയ്തിരിക്കുന്നതെന്ന് സി.പി.ഐ.എം നേതാവ് എം. എ ബേബി. സിദ്ദീഖ് കാപ്പന്റെ മനുഷ്യാവകാശം സംരക്ഷിക്കാന്‍ യുപിയിലെ ബി.ജെ.പി സര്‍ക്കാര്‍ തയ്യാറാവണമെന്നും എം എ ബേബി ആവശ്യപ്പെട്ടു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഇന്ത്യയുടെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ലാത്ത മഹാമാരിയെ ആണ് നാം നേരിടുന്നത്. ഈ വേളയില്‍ വ്യക്തമായ തെളിവില്ലാതെ പൊലീസിന്റെ ആരോപണം മാത്രം വച്ച് ഒരു പത്രപ്രവര്‍ത്തകനെ ഇങ്ങനെ തടവില്‍ ഇട്ടിരിക്കുന്നത് എല്ലാ ജനാധിപത്യ മൂല്യങ്ങളും ഇന്ത്യയില്‍ തകര്‍ന്നു വീഴുന്നു എന്നതിന് തെളിവാണെന്നും എം. എ ബേബി പറഞ്ഞു.
ഉത്തര്‍പ്രദേശില്‍ അറസ്റ്റിലായ സിദ്ദീഖ് കാപ്പന്‍ കൊവിഡ് ബാധിച്ച് ചികിത്സയിലാണ്. അദ്ദേഹത്തെ ചങ്ങലയില്‍ ബന്ധിപ്പിച്ചിരിക്കുകയാണെന്നും ഭാര്യ റൈഹാന സിദ്ദീഖ് പറഞ്ഞിരുന്നു. കാപ്പനെ മോചിപ്പിക്കാനും അദ്ദേഹത്തിന് ചികിത്സ ഉറപ്പാക്കുന്നതിനും മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെടണമെന്നും റൈഹാന ആവശ്യപ്പെട്ടിരുന്നു.
ഇതിന് പിന്നാലെ സിദ്ദിഖ് കാപ്പന് വിദഗ്ധ ചികിത്സ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വിജയന്‍ കത്തയച്ചു.
ആധുനിക ജീവന്‍ രക്ഷാ സംവിധാനങ്ങളുള്ള മറ്റൊരു ആശുപത്രിയിലേക്ക് അദ്ദേഹത്തെ അടിയന്തരമായി മാറ്റണം. കാപ്പന് മനുഷ്യത്വപരമായ സമീപനവും വിദഗ്ധ ചികിത്സയും ഉറപ്പാക്കുന്നതിന് ഇടപെടണമെന്നും കത്തില്‍ പറയുന്നു. എന്നാല്‍ ചികിത്സ ഉറപ്പാക്കണമെന്ന് മാത്രമാണ് കത്തില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. അദ്ദേഹത്തിനെതിരെ ആരോപിക്കുന്ന കേസുമായി ബന്ധപ്പെട്ട വിഷയങ്ങളൊന്നും കത്തില്‍ പ്രതിപാദിക്കുന്നില്ല.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ഉത്തര്‍പ്രദേശിലെ ആശുപത്രിയില്‍ തടവില്‍ കഴിയുന്ന സിദ്ദിഖ് കാപ്പന്റെ മനുഷ്യാവകാശം സംരക്ഷിക്കാന്‍ ബിജെപി സര്‍ക്കാര്‍ തയ്യാറാവണം. തികച്ചും മനുഷ്യത്വഹീനമായാണ് സിദ്ദിഖ് കാപ്പനോട് യു പി പോലീസ് പെരുമാറുന്നത് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. വ്യക്തമായ ഒരു തെളിവും ഇല്ലാതെയാണ് യുഎപിഎ പ്രകാരം സിദ്ദിഖിനെ അറസ്റ്റ് ചെയ്തത്. ഇപ്പോള്‍ വിചാരണ ഇല്ലാതെ തടവില്‍ ഇട്ടിരിക്കുന്നു.
ഇന്ത്യയുടെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ലാത്ത മഹാമാരിയെ ആണ് നാം നേരിടുന്നത്. ഈ വേളയില്‍ വ്യക്തമായ തെളിവില്ലാതെ പോലീസിന്റെ ആരോപണം മാത്രം വച്ച് ഒരു പത്രപ്രവര്‍ത്തകനെ ഇങ്ങനെ തടവില്‍ ഇട്ടിരിക്കുന്നത് എല്ലാ ജനാധിപത്യ മൂല്യങ്ങളും ഇന്ത്യയില്‍ തകര്‍ന്നു വീഴുന്നു എന്നതിന് തെളിവാണ്.
സിദ്ദിഖ് കാപ്പന്റെ മനുഷ്യാവകാശത്തിനായി ശബ്ദം ഉയര്‍ത്താന്‍ എല്ലാ ജനാധിപത്യവാദികള്‍ക്കും ഉത്തരവാദിത്വം ഉണ്ട്. ഈ യുവാവ് കുറ്റവാളി ആണോ അല്ലയോ എന്ന് കോടതിയാണ് തീരുമാനിക്കേണ്ടത്. പക്ഷേ, ഈ മഹാമാരിക്കാലത്ത് ഇങ്ങനെ തടവില്‍ ഇട്ടിരിക്കുന്നത് കോടതിയുടെ തീരുമാനം ചിലപ്പോള്‍ അപ്രസക്തമാക്കും. ആയതിനാല്‍ സിദ്ദിഖ് കാപ്പന് ജാമ്യം നല്കുന്നതിന് യുപി സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക