നരേന്ദ്ര മോദി സര്‍ക്കാര്‍ രാജ്യത്തെ നിയമവാഴ്ച ബുള്‍ഡോസ് ചെയ്തു: എം.എ. ബേബി
Kerala News
നരേന്ദ്ര മോദി സര്‍ക്കാര്‍ രാജ്യത്തെ നിയമവാഴ്ച ബുള്‍ഡോസ് ചെയ്തു: എം.എ. ബേബി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 25th May 2022, 8:46 am

തിരുവനന്തപുരം: അസമിലെ നൗഗാവ് ജില്ലയില്‍ പൊലീസ് സ്റ്റേഷന്‍ ആക്രമിച്ച് തീയിടാന്‍ നേതൃത്വം നല്‍കിയ അഞ്ച് പേരുടെ വീടുകള്‍ ബുള്‍ഡോസര്‍ കൊണ്ട് ഇടിച്ചുനിരത്തിയ ജില്ലാ ഭരണകൂടത്തിന്റെ നടപടി നിയമവാഴ്ചക്കെതിരാണെന്ന് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി.

ജില്ലാ ഭരണകൂടത്തിന്റെ നടപടിയെ സോഷ്യല്‍ മീഡിയയിലടക്കം സംഘപരിവാര്‍ കേന്ദ്രങ്ങളില്‍ ആഘോഷമാക്കുന്നതിനിടെയാണ് എം.എ. ബേബി ഫേസ്ബുക്ക് കുറിപ്പ്. ഒരു രാഷ്ട്രത്തിന്റെ നിലനില്‍പിന്റെ അടിസ്ഥാനങ്ങളിലൊന്ന് നിയമവാഴ്ചയാണെന്നും എം.എ. ബേബി പറഞ്ഞു.

‘കഴിഞ്ഞ ശനിയാഴ്ച അസമിലെ നൗഗാവ് ജില്ലയിലെ ഒരു പൊലീസ് സ്റ്റേഷനില്‍ ഒരു കസ്റ്റഡി മരണം നടന്നതായി പരാതിയുണ്ടായി. ഒരു ആള്‍ക്കൂട്ടം പൊലീസ് സ്റ്റേഷന്‍ ആക്രമിച്ചു തീയിട്ടു.
പൊലീസ് സ്റ്റേഷന്‍ ആക്രമിച്ചു തീയിടുക ചെറിയ കുറ്റമല്ല. ഇത് നിയമം കയ്യിലെടുക്കലാണ്. അത് ചെയ്ത എല്ലാവരെയും അറസ്റ്റ് ചെയ്തു നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണം.

പക്ഷേ ജില്ലാ ഭരണകൂടം ചെയ്തതെന്താണ്? കുറ്റവാളികള്‍ എന്നു കരുതിയവരുടെയല്ലാം വീടുകള്‍ ബുള്‍ഡോസര്‍ ഇറക്കി ഇടിച്ചു നിരത്തി! കേസില്ല, അറസ്റ്റില്ല, കോടതിയില്ല, ജയിലില്ല. നേരിട്ടുള്ള നീതി നടപ്പാക്കല്‍. അക്രമികളെല്ലാം ജിഹാദികളാണെന്നാണ് പൊലീസ് പറയുന്നത്! അങ്ങനെ ആണെങ്കില്‍ തന്നെ അസമിലെ ബി.ജെ.പി സര്‍ക്കാരിന് അവരുടെ വീടുകള്‍ ബുള്‍ഡോസര്‍ ഇറക്കി ഇടിച്ചു നിരത്താന്‍ ഇന്ത്യന്‍ നിയമവ്യവസ്ഥയുടെ ഏത് ചട്ടപ്രകാരമാണ് അധികാരമുള്ളത്?,’ എം.എ. ബേബി ചോദിച്ചു

പണ്ടുകാലത്ത് മനുഷ്യര്‍ തമ്മില്‍ ഉണ്ടാവുന്ന തര്‍ക്കങ്ങള്‍ക്കും മത്സരങ്ങള്‍ക്കും നേരിട്ട് അല്ലെങ്കില്‍ ആളെ വെച്ച് വെട്ടിയും കുത്തിയും ജയിക്കുന്നവനു വിജയം എന്ന നീതി ആയിരുന്നു. അതില്‍ നിന്ന് പുരോഗമിച്ചതാണ് രാഷ്ട്രവ്യവസ്ഥ. അവിടെ നിയമങ്ങള്‍ ഉണ്ടാക്കുകയും എല്ലാ പൗരരും നിയമത്തിനു കീഴില്‍ സമരാണ് എന്ന് നിശ്ചയിക്കുകയും ചെയ്തു. നിയമം നടപ്പാക്കാന്‍ പോലീസ്, കോടതി, ജയില്‍ തുടങ്ങി പല സംവിധാനങ്ങളും ഉണ്ടാക്കി. ഇന്ത്യയില്‍ ഇന്നു നടക്കുന്ന ചില സംഭവ വികാസങ്ങള്‍ നമ്മുടെ നാട്ടില്‍ ഈ നിയമവാഴ്ച നിലനില്‍ക്കുന്നുണ്ടോ എന്നത് സംശയത്തിലാക്കുന്നുവെന്നും അദ്ദേഹം ചോദിച്ചു.

‘ഇത് ആദ്യസംഭവമല്ല. ദല്‍ഹിയിലെ ജഹാംഗീര്‍ പുരിയിലും ഇത് തന്നെയാണ് നടന്നത്. അവിടെ രാമനവമിയുടെ അന്ന് മുസ്‌ലിം പള്ളിക്കു മുന്നില്‍ വാളും മറ്റുമായി തെറിപ്പേക്കൂത്ത് നടത്തിയ ആര്‍.എസ്.എസുകാരും അവിടുത്തെ മുസ്‌ലിങ്ങളുമായി ഉണ്ടായ സംഘര്‍ഷത്തിന്റെയും പൊലീസിന് നേരെയുള്ള വെടിവെപ്പിന്റെയും പിറ്റേന്നും ദല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനും ദില്‍ഹി പൊലീസും ചേര്‍ന്ന് അവിടെയുള്ള വീടുകള്‍ ഇടിച്ചു നിരത്തിയാണ് നിയമം നടപ്പാക്കിയത്! കേസ്, വിചാരണ, ശിക്ഷ ഒന്നും ഇല്ല!

ഇക്കൊല്ലം ആദ്യം, ജനുവരിയില്‍, ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിന് മുമ്പ് യോഗി ആദിത്യ നാഥ് ആണ് കുറ്റവാളികളുടെ വീടുകള്‍ പൊളിക്കാന്‍ ബുള്‍ഡോസറുകള്‍ ഇറക്കിയത്. ക്രിമിനലുകളുടെ വീടുകള്‍ ബുള്‍ഡോസര്‍ ഇറക്കി പൊളിക്കും എന്നാണ് യോഗി പറഞ്ഞത്. വിചാരണ, കോടതി തുടങ്ങി ഒന്നും വേണ്ട.
ആര്‍.എസ്.എസ് പോലുള്ള ഫാസിസ്റ്റ് സംഘടന ചെയ്യുന്ന അക്രമങ്ങളും ലഹളകളും പൊലീസ് നേരിട്ട് ഏറ്റെടുത്താല്‍ പിന്നെ ഈ നാട്ടില്‍ നിയമവാഴ്ച ഉണ്ടാവില്ല,’ എം.എ. ബേബി വ്യക്തമാക്കി.

ഈ പൊളിക്കുന്ന കെട്ടിടങ്ങള്‍ ഒക്കെ നിയമവിരുദ്ധമായി കെട്ടിയവയാണെന്നാണ് ന്യായീകരണം. അങ്ങനെ എങ്കില്‍ ദല്‍ഹിയിലെ അറുപത് ശതമാനം കെട്ടിടവും നിയമവിരുദ്ധമാണെന്ന് അവിടത്തെ മുഖ്യമന്ത്രി പറയുന്നത്. പാവപ്പെട്ടവരുടെയും ന്യൂനപക്ഷത്തില്‍ പെട്ടവരുടെയും ദളിതരുടെയും പിന്നോക്ക വിഭാഗങ്ങളുടെയും വീടുകള്‍ക്ക് നേരെ മാത്രമേ ബി.ജെ.പി സര്‍ക്കാരുകളുടെ ബുള്‍ഡോസര്‍ വരൂ എന്നു മാത്രം.
നരേന്ദ്ര മോദി സര്‍ക്കാര്‍ ഇന്ത്യക്ക് ചെയ്ത ഏറ്റവും വലിയ ദ്രോഹം രാജ്യത്തെ നിയമവാഴ്ച ബുള്‍ഡോസ് ചെയ്തു എന്നതാണെന്നും അദ്ദേഹം വിമര്‍ശിച്ചു.