ഇതാണോ നാട്ടുഭാഷ? സുധാകരന്റെ ആ നാട്ടുഭാഷയില്‍ സോണിയാ ഗാന്ധിയെയും വിശേഷിപ്പിക്കുമോ? എം. സ്വരാജ്
Kerala News
ഇതാണോ നാട്ടുഭാഷ? സുധാകരന്റെ ആ നാട്ടുഭാഷയില്‍ സോണിയാ ഗാന്ധിയെയും വിശേഷിപ്പിക്കുമോ? എം. സ്വരാജ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 19th May 2022, 10:15 am

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെ അധിക്ഷേപിച്ച നാട്ടുഭാഷയില്‍ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ സോണിയാ ഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും വിശേഷിപ്പിക്കുമോയെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം. സ്വരാജ്.

ഇതാണോ നാട്ടുഭാഷ, കെ. സുധാകരന്റെ നാട്ടിലെ ഭാഷ ഇങ്ങനെയാണെന്ന് തോന്നുന്നില്ല. ഇനി ഇങ്ങനെയാണ് ഭാഷയെങ്കില്‍ അതേത് നാടാണെന്നും എം. സ്വരാജ് ചോദിച്ചു.

‘സുധാകരന്റെ പരാമര്‍ശം മുഖ്യമന്ത്രിയേയും അതുവഴി എല്ലാ മലയാളികളെയും അധിക്ഷേപിക്കുന്നതാണ്. അത് ജനങ്ങള്‍ അംഗീകരിക്കില്ല. തൃക്കാക്കരക്കാര്‍ ഈ സംസ്‌ക്കാര ശൂന്യതയ്ക്ക് മറുപടി നല്‍കും. കെ.സുധാകരന്റെ അഭിപ്രായ പ്രകടനങ്ങള്‍ ഒരു ചര്‍ച്ചയ്ക്ക് പോലും അര്‍ഹതയുള്ളതല്ല. അത് എന്താണ് കോണ്‍ഗ്രസ് എന്നും എന്താണ് കെ. സുധാകരനെന്നും തുറന്നുകാട്ടുകയാണ്,’ എം. സ്വരാജ് പറഞ്ഞു.

വികസനം മുന്നില്‍വെച്ചാണ് ഇടതുപക്ഷം വോട്ട് ചോദിക്കുന്നതെന്നും സുധാകരന്റെ ജല്‍പനങ്ങളും ആക്രോശങ്ങളും തൃക്കാക്കരയിലെ ജനങ്ങള്‍ക്ക് മുന്നില്‍വെക്കുകയാണ്, അവര്‍ അതിന് മറുപടി നല്‍കുമെന്നും സ്വരാജ് കൂട്ടിച്ചേര്‍ത്തു.

അതേസമയം വിവാദ പരാമര്‍ശം നടത്തിയ കെ. സുധാകരനെതിരെ പൊലീസ് കേസെടുത്തു. സി.പി.ഐ.എം പ്രവര്‍ത്തകരുടെ പരാതിയിലാണ് കേസ്. ഐ.പി.സി 153 ാം വകുപ്പ് പ്രകാരം പാലാരിവട്ടം പൊലീസാണ് കേസെടുത്തത്.

തൃക്കാക്കര മണ്ഡലത്തില്‍ മുഖ്യമന്ത്രി ചങ്ങലയില്‍നിന്നു പൊട്ടിയ നായയെപ്പോലെ നടക്കുകയാണെന്നായിരുന്നു കെ. സുധാകരന്റെ പരാമര്‍ശം. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ ഒരു വാര്‍ത്താചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സുധാകരന്റെ ആക്ഷേപം.

സംഭവം വിവാദമായതോടെ താന്‍ മലബാറിലെ നാട്ടുഭാഷയിലാണ് സംസാരിച്ചതെന്നും ആര്‍ക്കെങ്കിലും വിഷമമുണ്ടാക്കിയെങ്കില്‍ പിന്‍വലിക്കുന്നുവെന്നും സുധാകരന്‍ പറഞ്ഞിരുന്നു.

പരാമര്‍ശത്തെ ന്യായീകരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും രംഗത്തെത്തിയിരുന്നു. കെ.പി.സി.സി പ്രസിഡന്റ് പറഞ്ഞ വാക്കുകള്‍ കണ്ണൂരുകാര്‍ തമ്മില്‍ സാധാരണ പറയുന്നതാണ്.

തൃക്കാക്കരയില്‍ സി.പി.ഐ.എമ്മിന് വേറൊന്നും പറയാനില്ലാത്തതുകൊണ്ടാണ് സുധാകരന്റെ വാക്കുകളെ ഉയര്‍ത്തി കൊണ്ട് വരുന്നതെന്നും സതീശന്‍ കുറ്റപ്പെടുത്തി.

വീഡിയോ പുറത്ത് വന്നതോടെ അത് വലിയ വിവാദമാവുകയും അത് മണ്ഡലത്തില്‍ സി.പി.ഐ.എം പ്രചാരണ ആയുധമാക്കുകയും ചെയ്തിരുന്നു.

Content Highlights:  M Swaraj against K. Sudhakaran  Controversial remarks for CM