2023 ഐ.പി.എല്ലില്‍ കാല്‍മുട്ടിന് പരിക്ക് പറ്റി ശസ്ത്രക്രിയക്ക് വിധേയനായ ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റന്‍ എം.എസ് ധോണി പരിശീലനത്തിലേക്ക് മടങ്ങി എത്തിയിരിക്കുകയാണ്. 2024 ഐ.പി.എല്‍ സീസണിന് മുന്നോടിയായി ധോണി നെറ്റ് സെക്ഷനില്‍ പ്രാക്ടീസ് ചെയ്യുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലായികൊണ്ടിരിക്കുന്നത്.
കാല്‍മുട്ടിന് പറ്റിയ പരിക്കില്‍ നിന്നും മോചിതനായ ശേഷം ആദ്യമായാണ് താരം പരിശീലനത്തിന് എത്തിയത്. സുഹൃത്തുക്കള്‍ക്കും കുടുംബത്തിനും ഒപ്പം താരം നീണ്ട ഇടവേള എടുത്തിരുന്നു. ഇതോടെ മുംബൈയില്‍ നിന്ന് മടങ്ങിയെത്തിയാണ് താരം ബാറ്റ് കയ്യിലെടുത്തത്.
2023 സീസണില്‍ ധോണിയുടെ നേതൃത്വത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് തങ്ങളുടെ അഞ്ചാം കിരീടം സ്വന്തമാക്കിയിരുന്നു. ഗുജറാത്ത് ടൈറ്റന്‍സിനെ ഫൈനലില്‍ തോല്‍പ്പിച്ചു കൊണ്ടായിരുന്നു ചെന്നൈ തങ്ങളുടെ ഐ.പി.എല്‍ ഡോമിനേഷന്‍ തുടര്‍ന്നത്.
കാല്‍മുട്ടിന് പരിക്കുപറ്റിയെങ്കിലും ടൂര്‍ണമെന്റില്‍ ഉടനീളം ബാറ്ററായും നായകനായും ധോണി വിലപ്പെട്ട സംഭാവനകളാണ് ടീമിന് നല്‍കിയത്. കഴിഞ്ഞ സീസണില്‍ 16 മത്സരങ്ങളില്‍ നിന്നും 104 റണ്‍സാണ് താരം നേടിയത്. കൂടാതെ 250 ഐ.പി.എല്‍ മത്സരങ്ങളില്‍ നിന്നും 5082 റണ്‍സാണ് ധോണി അടിച്ചെടുത്തത്.
ആദ്യമായി ധോണി ഐ.പി.എല്‍ കിരീടം നേടുന്നത് 2010ലാണ്. പിന്നീട് 2011, 2018, 2021, 2023 എന്നീ വര്‍ഷങ്ങളിലും ധോണിയുടെ ക്യാപ്റ്റന്‍സില്‍ ചാമ്പ്യന്മാരാകാന്‍ ടീമിന് കഴിഞ്ഞു. കൂടാതെ 2010,2014 വര്‍ഷങ്ങളിലെ ചാമ്പ്യന്‍സ് ലീഗും ചെന്നൈ സ്വന്തമാക്കിയിരുന്നു.
2024 ഐ.പി.എല്‍ മാര്‍ച്ച് 22ന് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
എന്നാലും ധോണിയുടെ അവസാന ഐ.പി.എല്‍ സീസണ്‍ ആകുമോ 2024 എന്ന് ആരാധകര്‍ ഏറെ ആശങ്കപ്പെടുന്നുണ്ട്. ഐ.പി.എല്ലില്‍ നിന്നും വിരമിക്കുന്നതിനെക്കുറിച്ച് താരം ഇതുവരെ സൂചനകള്‍ ഒന്നും നല്‍കിയിട്ടില്ല.
Content Highlight: M.S. Dhoni Back To Net practice