national news
പിണറായിക്ക് നന്ദി; ഗവര്‍ണര്‍ ഭരണത്തിനെതിരായ കുരിശുയുദ്ധത്തില്‍ കേരളവും തമിഴ്‌നാടും വിജയിക്കുക തന്നെ ചെയ്യും: എം.കെ. സ്റ്റാലിന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Apr 18, 12:52 pm
Tuesday, 18th April 2023, 6:22 pm

ചെന്നൈ: സംസ്ഥാനങ്ങളുടെ സ്വയംഭരണാവകാശം ഇല്ലാതാക്കാനുള്ള ഗവര്‍ണര്‍മാര്‍ക്കെതിരായ പോരാട്ടത്തില്‍ തനിക്ക് പിന്തുണയറിയിച്ച മുഖ്യമന്ത്രി പിണറായി വിജയന് നന്ദിയറിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. ഗവര്‍ണര്‍ ഭരണത്തിനെതിരായ കുരിശുയുദ്ധത്തില്‍ കേരളവും തമിഴ്‌നാടും വിജയിക്കുമെന്നും വിഷയത്തില്‍ പിന്തുണ അറിയിച്ച പിണറായി വിജയന്റെ നീക്കത്തില്‍ സന്തോഷമുണ്ടെന്നും സ്റ്റാലിന്‍ പറഞ്ഞു.

‘നന്ദി ബഹു. പിണറായി വിജയന്‍, എന്റെ കത്തിനോടുള്ള നിങ്ങളുടെ പെട്ടെന്നുള്ള പ്രതികരണത്തിനും ഉന്നയിച്ച വിഷയത്തിന് പൂര്‍ണ പിന്തുണ നല്‍കുന്നതിനും.

സംസ്ഥാന സ്വയംഭരണാവകാശം ഇല്ലാതാക്കാനുള്ള ഏതൊരു ശ്രമത്തിന് എതിരായും തമിഴ്‌നാട്, കേരള സര്‍ക്കാരുകള്‍ പരമ്പരാഗതമായി നിലകൊണ്ട ചരിത്രമാണുള്ളത്.
ഗവര്‍ണര്‍ ഭരണത്തിനെതിരായ കുരിശുയുദ്ധത്തിലും നമ്മള്‍ വിജയിക്കും,’ സ്റ്റാലിന്‍ ട്വീറ്റ് ചെയ്തു.

 

ഫെഡറല്‍ തത്വങ്ങളെ കാറ്റില്‍ പറത്തുന്ന ഗവര്‍ണര്‍മാരുടെ അപ്രമാദിത്വത്തെ ചോദ്യം ചെയ്യാന്‍ തമിഴ്‌നാടിന് എല്ലാ പിന്തുണയും നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറപ്പ് നല്‍കി നേരത്തെ കത്തയച്ചിരുന്നു. ഗവര്‍ണര്‍മാര്‍ക്കെതിരായ യോജിച്ച പോരാട്ടത്തിന് പിന്തുണ തേടി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ അയച്ച കത്തിനുള്ള മറുപടിയിലാണ് മുഖ്യമന്ത്രി പിന്തുണയറിയിച്ചിരുന്നു.

രാജ്യത്തെ ജനാധിപത്യം എത്തി നില്‍ക്കുന്ന പ്രത്യേക അവസ്ഥയെക്കുറിച്ച് സൂചിപ്പിച്ചായിരുന്നു നേരത്തെ എം.കെ. സ്റ്റാലിന്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചിരുന്നത്.

അതേസമയം, ഗവര്‍ണറുടെ അമിതാധികാരത്തിനെതിരെ കഴിഞ്ഞ ഏപ്രില്‍ 10-ന് തമിഴ്‌നാട് നിയമസഭ പ്രമേയം പാസാക്കുകയും വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനും രാഷ്ട്രപതിക്കും പരാതി നല്‍കുകയും ചെയ്തിരുന്നു.