സബ്‌സിഡി നിരക്കില്‍ മരുന്ന് വിതരണം ചെയ്യുമെന്ന് പ്രഖ്യാപിച്ച് എം.കെ. സ്റ്റാലിന്‍
national news
സബ്‌സിഡി നിരക്കില്‍ മരുന്ന് വിതരണം ചെയ്യുമെന്ന് പ്രഖ്യാപിച്ച് എം.കെ. സ്റ്റാലിന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 15th August 2024, 2:38 pm

ചെന്നൈ: സ്വാതന്ത്ര ദിനത്തോടനുബന്ധിച്ച് തമിഴ്‌നാട്ടില്‍ പുതിയ പദ്ധതിയുമായി മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. അടുത്ത വര്‍ഷം പൊങ്കലിന് ശേഷം സംസ്ഥാനത്ത് സബ്‌സിഡി നിരക്കില്‍ മരുന്ന് വിതരണം ചെയ്യുന്ന 1000 ഫാര്‍മസികള്‍ തുറക്കുമെന്നാണ് പ്രഖ്യാനം.

ഈ ഫാര്‍മസികള്‍ ‘മുതല്‍വര്‍ മരുന്ന്'(Chief Minister’s Pharmacy) എന്ന പേരിലാകും അറിയപ്പെടുക.

പദ്ധതി ഫലപ്രദമായി നടപ്പാക്കുന്നതിന് ഫാര്‍മസികള്‍ക്കും സഹകരണ സംഘങ്ങള്‍ക്കും സര്‍ക്കാര്‍ മൂന്ന് ലക്ഷം രൂപ വായ്പ സബ്‌സിഡിയായി അനുവദിക്കും. ജനറിക് മരുന്നുകളും മറ്റ് മരുന്നുകളും കുറഞ്ഞ നിരക്കില്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

കൂടാതെ 2026 ആകുമ്പോളേക്ക് ഗവണ്‍മെന്റ് മേഖലയിലെ 75000 തൊഴിലവസരങ്ങള്‍ നികത്തുമെന്നും സ്റ്റാലിന്‍ തന്റെ പ്രസംഗത്തില്‍ അവകാശപ്പെട്ടു.

സായുധ സേനയില്‍ നിന്ന് വിരമിച്ചവര്‍ക്ക് ബിസിനസ് സംരഭങ്ങള്‍ തുടങ്ങാന്‍ ഒരു കോടി രൂപ വായ്പ നല്‍കുന്ന ‘മുതല്‍വരിന്‍ കാക്കും കരങ്ങള്‍’എന്ന പേരില്‍ മറ്റൊരു പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്.

2021ല്‍ തമിഴ്‌നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റ എം.കെ സ്റ്റാലിന്‍, ഒരാഴ്ചയ്ക്കിടെ പ്രഖ്യാപിക്കുന്ന രണ്ടാമത്തെ ജനകീയ പദ്ധതിയാണ് ‘മുതല്‍വര്‍ മരുന്ന്’. കഴിഞ്ഞ ദിവസം ‘തമിള്‍ മുതല്‍വന്‍’എന്ന പേരില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി മറ്റൊരു പദ്ധതിയും പ്രഖ്യാപിച്ചിരുന്നു.

തമിഴ്‌നാട്ടിലെ ഡിഗ്രി വിദ്യാര്‍ത്ഥികള്‍ക്ക് മാസം തോറും 1000 രൂപയുടെ ഗ്രാന്റാണ് ഈ പദ്ധതിയിലൂടെ വിതരണം ചെയ്യുന്നത്. സംസ്ഥാനത്തെ 3.28 ലക്ഷം വരുന്ന ആണ്‍കുട്ടികള്‍ക്കാണ് ഈ പദ്ധതി വഴി പണം ലഭിക്കുക.

പദ്ധതി നടപ്പാക്കുന്നതിനായി സര്‍ക്കാര്‍ 360 കോടി നീക്കിവെച്ചിട്ടുണ്ട്. പദ്ധതിയുടെ ആദ്യ ഘഡു പദ്ധതി പ്രഖ്യാപിച്ച ആഴ്ച തന്നെ വിദ്യാര്‍ത്ഥികളുടെ അക്കൗണ്ടില്‍ എത്തിച്ചിരുന്നു.

പെണ്‍കുട്ടികള്‍ക്ക് ഇത്തരത്തില്‍ ഗ്രാന്റ് നല്‍കുന്ന ‘പുതുമൈ പെണ്‍’എന്ന പദ്ധതി കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

Content Highlight: M.K Stalin announces new  pharmacy scheme named  Mudalvar Marunthagam