തിരുവനന്തപുരം: കോണ്‍ഗ്രസ് പുതിയ ജില്ലാ കമ്മിറ്റി ചെയര്‍മാന്മാരെ പ്രഖ്യാപിച്ചു. ജ്വല്ലറി തട്ടിപ്പ് കേസില്‍ പ്രതിയായ എം. സി കമറുദ്ദീനെ കാസര്‍ഗോഡ് ജില്ലാ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് മാറ്റി. സി. ടി അഹമ്മദലിയാണ് കാസര്‍ഗോഡ് ജില്ലാ കമ്മിറ്റിയുടെ പുതിയ ചെയര്‍മാന്‍.
കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം മുന്നണി വിട്ടതിന്റെ പശ്ചാത്തലത്തില്‍ നേരത്തെ മാണി വിഭാഗത്തിനുണ്ടായിരുന്ന ചെയര്‍മാന്‍ സ്ഥാനം കോണ്‍ഗ്രസ് ഏറ്റെടുത്തു. ജോസഫ് വിഭാഗത്തിന് കോട്ടയം ജില്ലയില്‍ മാത്രമാണ് ചെയര്‍മാന്‍ പദവി നല്‍കിയിരിക്കുന്നത്. മോന്‍സ് ജോസഫാണ് കോട്ടയത്തെ പുതിയ ചെയര്‍മാന്‍.
പത്തനംതിട്ടയില്‍ കോണ്‍ഗ്രസിന്റെ എ. ഷംസുദ്ദീനെയാണ് ചെയര്‍മാനായി തെരഞ്ഞെടുത്തത്. അതേസമയം മൂന്ന് ജില്ലകളില്‍ കണ്‍വീനര്‍ പദവി ജോസഫ് വിഭാഗത്തിന് നല്‍കിയിട്ടുണ്ട്.
തിരുവനന്തപുരത്ത് അഡ്വ. പി. കെ വേണുഗോപാല്‍, കൊല്ലത്ത് കെ. സി രാജന്‍, ആലപ്പുഴയില്‍ ഷാജി മോഹന്‍, ഇടുക്കിയില്‍ അഡ്വ എസ് അശോകന്‍, എറണാകുളത്ത് ഡൊമനിക് പ്രസന്റേഷന്‍, മലപ്പുറത്ത് പി.ടി അജയമോഹന്‍, തൃശ്ശൂരില്‍ ജോസഫ് ചാലിശ്ശേരി, കോഴിക്കോട് കെ ബാലനാരായണന്‍, വയനാട് പിപി കരീം, കണ്ണൂരില്‍ പിടി മാത്യു എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ ചെയര്‍മാന്‍ ചുമതല.
യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസ്സനാണ് പട്ടിക പുറത്ത് വിട്ടത്. ജില്ലാ കമ്മിറ്റി ചെയര്‍മാന്‍മാരെയും കണ്‍വീനര്‍മാരെയും മാറ്റാന്‍ തീരുമാനിച്ചിരുന്നതായി ഹസ്സന്‍ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തില്‍ പറഞ്ഞിരുന്നു.
കാസര്‍ഗോഡ് ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് മുസ്‌ലിം ലീഗ് നേതാവും എം.എല്‍.എയുമായ എം.സി കമറുദ്ദീനെതിരെ 86 കേസുകളാണ് നിലനില്‍ക്കുന്നത്. അതേസമയം തനിക്കെതിരായ വഞ്ചനാ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എം.എല്‍.എ കോടതിയില്‍ ഹരജി നല്‍കുകയും ചെയ്തിരുന്നു. നിക്ഷേപകരുമായുള്ള കരാര്‍ പാലിക്കുന്നതില്‍ മാത്രമാണ് വീഴ്ച സംഭവിച്ചതെന്നും അത് സിവില്‍ കേസായി പരിഗണിക്കണമെന്നും കമറുദ്ദീന്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക