പരാതി കിട്ടിയാല്‍ പരിശോധന നടത്തും, അത് ആരെയും അപമാനിക്കാനല്ല: എം. ബി. രാജേഷ്
Entertainment
പരാതി കിട്ടിയാല്‍ പരിശോധന നടത്തും, അത് ആരെയും അപമാനിക്കാനല്ല: എം. ബി. രാജേഷ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 9th June 2023, 1:30 pm

എൻഫോഴ്‌സ്‌മെന്റ് പരിശോധനകൾ തുടരുമെന്നും ആരെയും അപമാനിക്കണമെന്ന ഉദ്ദേശമില്ലെന്നും എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ്. ആരെയും മുൻവിധിയോടുകൂടി കൂടി സമീപിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സംവിധായകൻ നജീം കോയയുടെ മുറി പരിശോധന നടത്തിയതുമായി ബന്ധപ്പെട്ട് മൂവി വേൾഡ് മീഡിയക്ക് നൽകിയ ഫോൺ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സംവിധായകൻ നജീം കോയയുടെ മുറി പരിശോധനയുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചിട്ടുണ്ട്. അതിനെക്കുറിച്ച് പരിശോധന നടത്തുകയാണ്‌. പരാതി വ്യക്തമായി പരിശോധിക്കാമെന്ന് അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ട്. എൻഫോഴ്‌സ്‌മെന്റിന്റെ പരിശോധനയൊക്കെ ശക്തമായി നടത്തും. അത് എക്‌സൈസിന്റെ ഉത്തരവാദിത്തമാണ്. പക്ഷെ അതിന്റെ പേരിൽ ആരെയും അപമാനിക്കാനൊന്നും അനുവദിക്കില്ല. ആരെയും മുൻവിധിയോടെ സമീപിക്കില്ല. പക്ഷെ വിവരം കിട്ടിയാൽ പരിശോധനയൊക്കെ നടത്തേണ്ടിവരും,’മന്ത്രി പറഞ്ഞു.

കിട്ടുന്ന വിവരങ്ങളിൽ തെറ്റുകൾ ഉണ്ടെങ്കിൽ പോലും പരിശോധനയിൽ വിട്ടുവീഴചയുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കിട്ടുന്ന വിവരങ്ങളിൽ ചിലതൊക്കെ തെറ്റായിരിക്കും, അതിൽ ഇപ്പോൾ എന്ത് ചെയ്യാൻ കഴിയും? പരിശോധിച്ചാലേ അറിയാൻ കഴിയു. എങ്കിലും പരിശോധനകളിൽ വിട്ടുവീഴ്ചയുണ്ടാകില്ല. ഒരു വിവരം കിട്ടിയാൽ പരിശോധന നടത്തേണ്ടത് നമ്മുടെ ബാധ്യതയാണ്. ഈ നടപടിയിലൂടെ തന്നെ മുന്നോട്ട് പോകും,’ മന്ത്രി എം. ബി. രാജേഷ് പറഞ്ഞു.

സംവിധായകൻ നജിം കോയ താമസിച്ചിരുന്ന ഹോട്ടൽ മുറിയിലെ എക്സൈസ് പരിശോധനക്ക് പിന്നിൽ ഗൂഡാലോചന ഉണ്ടെന്ന് ഫെഫ്ക പറഞ്ഞിരുന്നു. ഈരാറ്റുപേട്ടയിലെ ഹോട്ടലിൽ തിങ്കളാഴ്ചയാണ് എക്സൈസ് പരിശോധന ഉണ്ടായത്. പരിശോധനക്കിടയിൽ നജീമിന് ഉദ്യോഗസ്ഥരിൽ നിന്നും ദുരനുഭവമുണ്ടായെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ പറഞ്ഞു. തെറ്റായ വിവരം എക്സൈസിന് കൈമാറിയ വ്യക്തിയുടെ ഉദ്ദേശ്യം എന്തായിരുന്നെന്ന് അന്വേഷിക്കണമെന്നും ബി. ഉണ്ണികൃഷ്ണൻ പറഞ്ഞിരുന്നു.

Content Highlights: M.B rajesh on Najim Koya