പൃഥ്വിയെയും തിലകന്‍ ചേട്ടനെയും വിലക്കിയ സമയത്താണ് അവരെ വെച്ച് ആ സിനിമ ഞാന്‍ ചെയ്തത്: എം.എ നിഷാദ്
Entertainment
പൃഥ്വിയെയും തിലകന്‍ ചേട്ടനെയും വിലക്കിയ സമയത്താണ് അവരെ വെച്ച് ആ സിനിമ ഞാന്‍ ചെയ്തത്: എം.എ നിഷാദ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 13th November 2024, 6:12 pm

മലയാളത്തില്‍ ഒരുപിടി സിനിമകള്‍ സംവിധാനം ചെയ്തയാളാണ് എം.എ. നിഷാദ്. സംവിധാനത്തിന് പുറമെ നിര്‍മാണത്തിലും അഭിനയത്തിലും തന്റെ സാന്നിധ്യമറിയിക്കാന്‍ നിഷാദിന് സാധിച്ചു. പകല്‍ എന്ന ചിത്രത്തിലൂടെയാണ് നിഷാദ് സംവിധാനരംഗത്തേക്ക് കടന്നുവന്നത്. വയനാട്ടിലെ കര്‍ഷക ആത്മഹത്യയെക്കുറിച്ചായിരുന്നു പകല്‍ എന്ന ചിത്രം സംസാരിച്ചത്.

ചിത്രത്തെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെക്കുകയാണ് നിഷാദ്. ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത് പൃഥ്വിരാജും തിലകനുമായിരുന്നു. ആ സമയത്ത് പൃഥ്വിരാജിനെയും തിലകനെയും സിനിമാസംഘടനകള്‍ വിലക്കിയ സമയമായിരുന്നു അതെന്ന് നിഷാദ് പറഞ്ഞു.

താന്‍ സംവിധാനം ചെയ്ത സിനിമകളില്‍ തിലകന്‍ അവിഭാജ്യ ഘടകമായിരുന്നെന്നും നിഷാദ് പറഞ്ഞു. ആ സിനിമ ഇറങ്ങാന്‍ സമ്മതിക്കില്ലെന്ന് പല സിനിമാക്കാരും പറഞ്ഞിരുന്നെന്നും എന്നാല്‍ താന്‍ അതിന് വിലക്കെടുക്കാതെ മുന്നോട്ടുപോയെന്നും നിഷാദ് കൂട്ടിച്ചേര്‍ത്തു. താന്‍ തന്നെയാണ് ആ ചിത്രം വിതരണം ചെയ്തതെന്നും നിഷാദ് പറഞ്ഞു.

ഇന്‍ഡസ്ട്രിയില്‍ നിന്ന് തനിക്ക് വലിയ പ്രഷറുണ്ടായിരുന്നെന്നും നിഷാദ് കൂട്ടിച്ചേര്‍ത്തു. തന്നെ പലരും വിളിച്ച് പിന്മാറാന്‍ ആവശ്യപ്പെട്ടെന്നും വേണ്ടാത്ത പണിക്കാണ് നില്‍ക്കുന്നതെന്ന് പലരും തന്നെ വാണ്‍ ചെയ്തിരുന്നെന്നും നിഷാദ് പറഞ്ഞു. ആ സിനിമയില്‍ പൃഥ്വി അതിഗംഭീര പെര്‍ഫോമന്‍സാണ് കാഴ്ചവെച്ചതെന്നും നിഷാദ് കൂട്ടിച്ചേര്‍ത്തു. ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തിലാണ് എം.എ. നിഷാദ് ഇക്കാര്യം പറഞ്ഞത്.

‘എന്റെ സിനിമകളിലെ അവിഭാജ്യ ഘടകമാണ് തിലകന്‍ ചേട്ടന്‍. അദ്ദേഹം മരിക്കുന്നത് വരെ ഞാന്‍ ആറ് സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. ആറിലും അദ്ദേഹം അഭിനയിച്ചിട്ടുമുണ്ട്. ഞാന്‍ സംവിധാനം ചെയ്ത ആദ്യത്തെ സിനിമയില്‍ അദ്ദേഹം വളരെ നല്ലൊരു ക്യാരക്ടറായിരുന്നു ചെയ്തത്. പക്ഷേ തിലകന്‍ ചേട്ടനും പൃഥ്വിക്കും നേരെ അപ്രഖ്യാപിത വിലക്ക് ഉണ്ടായിരുന്ന സമയത്തായിരുന്നു ആ സിനിമ ഞാന്‍ ചെയ്തത്.

ആ സിനിമ ഇറങ്ങാന്‍ സമ്മതിക്കില്ലെന്ന് പല സിനിമാക്കാരും പറഞ്ഞു. ഞാനത് കാര്യമാക്കാതെ മുന്നോട്ട് പോയി. ഞാന്‍ തന്നെയാണ് ആ പടം ഡിസ്ട്രിബ്യൂട്ട് ചെയ്തത്. ആ സമയത്ത് എനിക്ക് ഇന്‍ഡസ്ട്രിയില്‍ നിന്ന് നല്ല പ്രഷറുണ്ടായിരുന്നു. ഒരുപാട് ആളുകള്‍ എന്നെ വിളിച്ചിട്ട് ‘ആവശ്യമില്ലാത്ത പണിക്കാണ് നില്‍ക്കുന്നത്’ എന്ന് വാണ്‍ ചെയ്തു. ആവശ്യമില്ലാത്ത പണി ചെയ്യുന്നതായിരുന്നു എനിക്ക് ഇഷ്ടം. ആ പടത്തില്‍ പൃഥ്വി ഗംഭീര പെര്‍ഫോമന്‍സായിരുന്നു കാഴ്ചവെച്ചത്’ എം.എ. നിഷാദ് പറയുന്നു.

Content Highlight: M A Nishad shares the shooting experience of Pakal Movie